CinemaGeneralLatest NewsMollywoodNEWS

‘മരക്കാർ’ ഓണത്തിന് തന്നെ: തീയതിയിൽ മാറ്റമില്ലെന്ന് ആന്റണി പെരുമ്പാവൂർ

കോവിഡ് പ്രതിസന്ധി മൂലം വീണ്ടും തീയതി മാറ്റുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രം ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ. നേരത്തെ തന്നെ ചിത്രത്തിന്റെ റിലീസ് തീയതി തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം വീണ്ടും തീയതി മാറ്റുമെന്ന രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ആന്റണി പെരുമ്പാവൂർ തന്നെ വിശദീകരണവുമായി നേരിട്ട് എത്തിയത്.

‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…’–ആന്റണി പെരുമ്പാവൂർ പറഞ്ഞു.

2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെക്കുകയായിരുന്നു.

പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുക.

shortlink

Related Articles

Post Your Comments


Back to top button