GeneralLatest NewsMollywoodNEWS

ന്യൂജെൻ കാലത്തും ഹിറ്റുകൾ സ്വന്തമാക്കിയ കഥാകാരൻ: സച്ചി വിടവാങ്ങിയിട്ട് ഒരു വർഷം

പൃഥ്വിരാജ്–ബിജുമേനോൻ കോംബോ പരീക്ഷണം ആദ്യമായി വിജയത്തിലെത്തിയ അനാർക്കലിയായിരുന്നു സച്ചിയുടെ ആദ്യ സംവിധാന സംരംഭം.

ജനപ്രിയ സിനിമയുടെ സകല ചേരുവകളും ചേരുംപടി ചേർത്ത് ന്യൂജെൻ കാലത്തും ഹിറ്റുകൾ സ്വന്തമാക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി വിടവാങ്ങിയിട്ട് ഒരുവർഷം. വക്കീൽ ജീവിതത്തെ പാതിവഴിയിൽ നിർത്തി മലയാള സിനിമയിൽ ചോക്‌ലേറ്റ് മധുരവുമായി സച്ചി കടന്നുവന്നു.

പ്രണയത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പുതിയ ഭാവങ്ങളെ തന്റെ കഥാപാത്രങ്ങളിലൂടെ മനോവിഹാരമായി ആവിഷ്കരിച്ച സംവിധായക തിരക്കഥാകൃത്താണ് കെ ആർ സച്ചിദാനന്ദൻ എന്ന കൊടുങ്ങല്ലൂർക്കാരൻ. സുഹൃത്ത് സേതുവഴിയാണ് സച്ചി മലയാള സിനിമയിൽ എത്തപ്പെടുന്നത്. സേതുവിന്റെ വക്കീൽ ഓഫിസിൽ പ്രവർത്തിച്ചു തുടങ്ങിയതോടെ സിനിമയെന്ന രണ്ടുപേരുടെയും ആഗ്രഹം ഒന്നായി മാറി. ഒരുമിച്ചുള്ള എഴുത്തിലൂടെ സച്ചി- സേതു കൂട്ടുകെട്ട് വിജയത്തിലേക്ക് കുതിച്ചു.

ചോക്കലേറ്റിന് പിന്നാലെ ജോഷി–പൃഥ്വിരാജ് ചിത്രമായ റോബിൻ ഹുഡ്, ഷാഫി സംവിധാനം ചെയ്ത ജയറാം ചിത്രം മേക്ക്അപ് മാൻ, വൈശാഖ് സംവിധാനം ചെയ്ത സീനിയേഴ്സ് എന്നിങ്ങനെ ഒരു പിടി നല്ല ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സച്ചി -സേതു കൂട്ടുകെട്ട് 2011ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘ഡബിൾസ്’ എന്ന ചിത്രത്തിന്റെ പരാജയത്തോടെ പിരിഞ്ഞു. തിരക്കഥയുടെ പരാജയമാണ് ചിത്രത്തിനു ദോഷമായതെന്ന വിമർശനമാണ് ഇരുവരും വേർപിരിയാനുള്ള നിർണായക തീരുമാനം എടുത്തത്.

മോഹൻലാൽ -അമല പോൾ കൂട്ടുകെട്ടിൽ ജോഷി ഒരുക്കിയ ഹിറ്റ് ചിത്രമായ ‘റൺ ബേബി റൺ’-ലൂടെ സച്ചി മലയാള സിനിമയിൽ തന്റേതായ ഇടം ഒറ്റയ്ക്ക് സ്വന്തമാക്കി. ഒരിടവേളയ്ക്കു ശേഷം 2017ൽ ദിലീപിനും ഒപ്പം സച്ചിക്കും ശക്തമായ തിരിച്ചുവരവു സമ്മാനിച്ച അരുൺ ഗോപി ചിത്രമായിരുന്നു രാമലീല. അതിനു പിന്നാലെ സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ ഒരുക്കിയ പൃഥ്വിരാജ്–സുരാജ് വെഞ്ഞാറമ്മൂട് ചിത്രം ‘ഡ്രൈവിങ് ലൈസൻസ്’ പ്രതീക്ഷകൾക്കും അപ്പുറമുള്ള വിജയമാണ് സ്വന്തമാക്കിയത്.

പൃഥ്വിരാജ്–ബിജുമേനോൻ കോംബോ പരീക്ഷണം ആദ്യമായി വിജയത്തിലെത്തിയ അനാർക്കലിയായിരുന്നു സച്ചിയുടെ ആദ്യ സംവിധാന സംരംഭം. സച്ചി എഴുതി സംവിധാനം ചെയ്ത് അവസാനം പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’ കോവിഡ് വ്യാപനത്തിന് തൊട്ടുമുൻപ് തിയറ്ററുകളിൽ വൻ വിജയമാണ് നേടിയത്. 6 കോടി മുടക്കു മുതലിൽ നിർമിച്ച ചിത്രം ബോക്സ് ഓഫിസിൽ നേടിയത് 60 കോടിയാണ്.

ജി.ആർ.ഇന്ദുഗോപന്റെ ‘ വിലായത് ബുദ്ധ ’ എന്ന കഥ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു സച്ചി. പൃഥ്വിരാജുമായുള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയിൽ നിൽക്കുമ്പോഴാണ് മരണം അദ്ദേഹത്തെ കവർന്നുകൊണ്ടുപോയത്

shortlink

Related Articles

Post Your Comments


Back to top button