സിനിമാ താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ വരുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്തി താരങ്ങള്‍ തന്നെ നേരിട്ടെത്തുമ്പോഴാണ് പലരും യാഥാർഥ്യം തിരിച്ചറിയുന്നത്. എന്നാൽ ഇപ്പോഴിതാ അത്തരത്തിൽ ഇരയാക്കപ്പെട്ടിരിക്കുന്നത് നടൻ വിജയ്‌യുടെ മക്കളാണ്. ജേസണ്‍ സഞ്ജയ്‌യുടെയും ദിവ്യ സാഷയുടെയും പേരിലാണ് ട്വിറ്ററിൽ വ്യാജ അക്കൗണ്ടുകൾ വന്നിരിക്കുന്നത്.
ഈ പേജില്‍ ധാരാളം ഫോളോവേഴ്‌സും ഉണ്ട്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വിജയ്‌യുടെ രണ്ട് മക്കള്‍ക്കും ട്വിറ്ററില്‍ അംഗത്വം ഇല്ല എന്ന് നടനോട് അടുത്ത വൃത്യങ്ങള്‍ ഔദ്യോഗികമായി വ്യക്തമാക്കി.
‘വിജയ് സാറിന്റെ മക്കള്‍ ട്വിറ്ററില്‍ ഇല്ല. അതൊരു വ്യാജ അക്കൗണ്ട് ആണെന്ന് തിരിച്ചറിയാന്‍ ഒരിക്കലും സാധിച്ചിട്ടില്ല എന്ന് പല വിജയ് ആരാധകരും പറയുകയുണ്ടായി. അതുകൊണ്ടാണ് വിജയ് ആരാധകര്‍ ഭാവിയില്‍ പറ്റിക്കപ്പെടാതിരിക്കാന്‍ ഈ വിഷയത്തില്‍ ഒരു ഔദ്യോഗിക വിശദീകരണം വേണം എന്ന് തീരുമാനിച്ചത്’ എന്ന് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
2009 ല്‍ റിലീസ് ചെയ്ത വേട്ടൈക്കാരന്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്ത് വിജയ്‌ക്കൊപ്പം ഡാന്‍സ് കളിക്കാന്‍ സഞ്ജയ് എത്തിയിരുന്നു. കാനഡയില്‍ ഫിലിം മേക്കിങ് കോഴ്‌സ് പഠിക്കുകയാണ് ജേസണ്‍.
ദിവ്യ സാഷ ആകട്ടെ, 2016 ല്‍ റിലീസ് ചെയ്ത തെറി എന്ന ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് ചിത്രത്തില്‍ വിജയ് യുടെ മകളായി സിനിമയുടെ അവസാന രംഗത്ത് എത്തുന്നുണ്ട്. നിലവില്‍ പഠന തിരക്കുകളിലാണ് സാഷ.
Leave a Comment