മീ ടൂ ആരോപണ വിധേയൻ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതിൽ ലജ്ജയില്ലെന്നും പാർവതി പറഞ്ഞു.
വേടനുള്ള ലൈക്ക് പിൻവലിച്ച് പരസ്യമായി പാർവതി ഖേദം പ്രകടിപ്പിച്ചെങ്കിലും താരത്തിനെതിരെയുള്ള സൈബർ ആക്രമണം തുടർന്നിരുന്നു. നിരവധിപേരാണ് താരത്തിന് എതിരെ പ്രതിഷേധവുമായി എത്തിയത്. ഇതിനെ തുടർന്നാണ് വിശദീകരണവുമായി പാർവതി തന്നെ നേരിട്ടെത്തിയത്.
പാർവതിയുടെ വാക്കുകൾ:
ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ എന്നെ വേർപെടുത്തിയതിലുള്ള സന്തോഷവും ഞാൻ ആരാണെന്നു കാണിക്കുന്നതിനെക്കാൾ നിങ്ങളുടെ പ്രശ്നങ്ങളെയാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാൽ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിർത്താൻ കഴിയുന്നില്ലെങ്കിൽ, ഭ്രഷ്ട് കൽപിക്കുന്ന സംസ്കാരത്തോടാണ് നിങ്ങൾ ചേർന്നു നിൽക്കുന്നത്.
ഞാൻ ഇവിടെ വന്നിരിക്കുന്നത് അതിനുവേണ്ടിയല്ല. എനിക്കും മറ്റുള്ളവർക്കും ഒരിടം എപ്പോഴും ഞാൻ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതിന് ഞാനൊരിക്കലും ലജ്ജിക്കാറില്ല. അതേസമയം നിങ്ങൾ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും വച്ച് മറ്റൊരാളെ കീറി മുറിച്ച് യാത്ര ചെയ്യുമ്പോൾ ഒന്നോർക്കുക, വീഴുന്നത് നിങ്ങൾ തന്നെയായിരിക്കും.
https://www.instagram.com/p/CQMEIVZHf09/?utm_source=ig_web_copy_link
Post Your Comments