മുംബൈ : മുംബൈയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഷൂട്ടിങ്ങ് പുനരാരംഭിക്കാൻ ഒരുങ്ങുകയാണ് ബോളിവുഡ് സിനിമകള്‍. എന്നാൽ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ചിത്രീകരണം ആരംഭിക്കാന്‍ സുരക്ഷിതമായ സാഹചര്യമല്ലെന്ന് പറയുകയാണ് നടൻ നവാസുദ്ദീന്‍ സിദ്ദിഖി. ഷൂട്ടിങ്ങിലേക്ക് തിരിച്ച് പോകാനുള്ള ഉചിതമായ സമയമാണോ ഇതെന്ന് തനിക്ക് ഉറപ്പില്ലെന്നും താരം പറയുന്നു.
നിലവില്‍ ഉത്തരാഖണ്ടിലെ ബുധാനയിലെ തന്റെ വസതിയിലാണ് സിദ്ദിഖി. കൊവിഡ് വ്യാപനം ആരംഭിച്ച സമയത്താണ് അദ്ദേഹം മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്.
നവാസുദ്ദീന്‍ സിദ്ദിഖിയുടെ വാക്കുകള്‍:
‘ലോക്ക്ഡൗണ്‍ ഇളവുകളില്‍ സിനിമ ചിത്രീകരണവും ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണ്. എന്നാല്‍ ഇത് ഷൂട്ടിങ്ങ് പുനരാംഭിക്കാനുള്ള നല്ല സമയമാണോ എന്നതില്‍ എനിക്ക് ഉറപ്പില്ല. ഞാന്‍ വീട്ടില്‍ മുംബൈയില്‍ എനിക്ക് ചെയ്യാന്‍ സാധിക്കാത്തതായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്റെ സ്ഥലത്ത് കൃഷി ചെയ്ത് വേണ്ട പച്ചക്കറികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ കുറച്ച് വര്‍ഷം ഞാന്‍ നന്നായി ജോലി ചെയ്തിരുന്നു. അതിനാല്‍ എനിക്ക് ഉടനെ തന്നെ സിനിമയിലേക്ക് മടങ്ങി പോകണമെന്നില്ല. ഒരുപാട് സിനിമകള്‍ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് അറിയാം. പക്ഷെ എനിക്ക് സ്വയം സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്ന് തോന്നാതെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കില്ല’ – നവാസുദ്ദീൻ സിദ്ദിഖി പറഞ്ഞു.
അതേസമയം ലോക്ക്ഡൗണ്‍ പിൻവലിച്ച സാഹചര്യത്തിൽ അക്ഷയ് കുമാര്‍ മുതല്‍ കങ്കണ റണാവത്ത് വരെയുള്ള താരങ്ങളുടെ സിനിമ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments