മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടൻ സുകുമാരന്‍ അന്തരിച്ചിട്ട് ഇന്നേക്ക് 24 വര്‍ഷം പിന്നിടുന്നു. അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സുകുമാരന്റെ കുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് സിദ്ധു. സുകുമാരൻ നിർമിച്ച പടയണി എന്ന ചിത്രത്തിൽ പ്രൊഡക്‌ഷന്‍ മാനേജരായാണ് സിദ്ധു പനയ്ക്കൽ സിനിമാ രംഗത്തേയ്ക്ക് കടന്നുവരുന്നത്. ആദ്യമായി സുകുമാരനെ പരിചയപ്പെട്ടതിനെക്കുറിച്ചും തുടര്‍ന്നങ്ങോട്ടുള്ള അനുഭവങ്ങളും അദ്ദേഹം ഒരു കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
സിദ്ധു പനയ്ക്കലിന്റെ വാക്കുകൾ:
സിനിമ ആശയും ആവേശവും ആഗ്രഹവും സ്വപ്നവും ആയിരുന്ന കാലത്ത് ഒരു പാട് അലഞ്ഞിട്ടുണ്ട് മദ്രാസിൽ. സിനിമയിൽ എത്തിപ്പെടാൻ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ മനസിലായി സിനിമാലോകത്തിന്റെ ഇരുമ്പുവാതിൽ എന്നെ പോലെയുള്ള ഒരു ദുർബലനു തള്ളിതുറക്കാവുന്നതിനും അപ്പുറത്താണ് അതിന്റെ ശക്തി എന്ന സത്യം.
പ്രതീക്ഷകൾക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു. എവിഎം–ന്റെയും വാഹിനിയുടെയും വാതിൽ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകൽസ്വപ്നവും കണ്ട് വിയർത്തുകുളിച്ചു കോടമ്പാക്കത്ത് അലച്ചിൽ. മായാജാലങ്ങൾ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവിൽ പകച്ചു നിൽക്കുന്നു ഞാൻ. നമ്പർ 3, ഗജേന്ദ്ര നായിഡു സ്ട്രീറ്റ്, സാലിഗ്രാമം. എന്റെ അമായിയുടെ വീട്. ദിവാ സ്വപ്നവും കണ്ട് ഞാൻ അവിടെ ഇരിക്കുമ്പോൾ, അസോസിയേറ്റ് ഡയറക്ടർ കെ.ആർ. ജോഷി ചേട്ടനും, സുകുമാരൻ സാറിന്റെ ഡ്രൈവർ ഗോപിയും എന്നെ തേടിയെത്തി.
എന്നെ കയ്യോടെ കൊണ്ടുപോകാൻ വന്നിരിക്കുകയാണ് അവർ. പടയണിയുടെ ഷൂട്ടിങ് നടക്കുന്ന സമയം. ആൽവിൻ ആന്റണി നല്ല പയ്യൻ എന്ന രീതിയിൽ എന്നെ സാറിനു മുമ്പിൽ അവതരിപ്പിച്ചിരുന്നു. ഒന്നുരണ്ടു തവണ ആന്റണിയുടെ കൂടെ ഞാൻ സാറിന്റെ വീട്ടിൽ പോയിട്ടുമുണ്ട്. പിറ്റേന്ന് രാവിലെ അശോക് നഗറിലെ റാം കോളനിയിലെ 24 ആം നമ്പറിട്ട ആ ക്ഷേത്രത്തിലേക്ക് ഞാൻ കയറിച്ചെന്നു. ആ ദൈവത്തെ കണ്ടത് മുതൽ അതുവരെ സിനിമക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ എന്റെ ദുരിതത്തിന് അവസാനമാവുകയായിരുന്നു.
മുണ്ഡനം ചെയ്ത തലയിൽ കുറ്റിമുടികൾ കിളിർത്തു വരുന്നു. തീഷ്ണമായനോട്ടം. എന്നെ ആകെ അളക്കുന്നത് പോലെയുള്ള നോട്ടമാണത്. നോട്ടത്തിനൊടുവിൽ ചോദിച്ചു, എന്താ പേര്..? സിദ്ധാർത്ഥൻ. നാടെവിടെ..? ഗുരുവായൂർ… താമസം ..? ഇവിടെ വടപഴനിയിൽ.. സിദ്ധാർത്ഥനെ എന്റെ പടത്തിന്റെ പ്രൊഡക്‌ഷൻ മാനേജർ ആക്കുകയാണ്. പ്രൊഡക്‌ഷൻ മാനേജർ എന്നുവച്ചാൽ എന്താണെന്നു എനിക്കറിയില്ല എന്ന എന്റെ മറുപടി അദ്ദേഹത്തിനു ഇഷ്ടപ്പെട്ടു എന്നു തോനുന്നു.
‘ഞാൻ പറയുന്നത് പോലെ ചെയ്യാൻ പറ്റുമോ?’ അടുത്ത ചോദ്യം. ചെയ്യാം എന്ന് ഞാൻ. ന്യായവിധി, ആവനാഴി തുടങ്ങിയ സിനിമകളിൽ സുകുമാരൻ സാർ അഭിനയിച്ചു കൊണ്ടിരുന്ന സമയം. ന്യായവിധിക്കു വേണ്ടിയാണ് തല മുണ്ഡനം ചെയ്തത്. തനിക്കിവിടെ താമസിച്ചു കൂടെ ഈ വീട്ടിൽ, സാർ ചോദിക്കുകയാണ്. സ്വർഗം കിട്ടിയ പ്രതീതിയായിരുന്നു എനിക്ക്. ഇന്ദ്രജിത്തിനും പ്രിഥ്വിരാജിനും കളികൂട്ടുകാരനായി, സുകുമാരൻ സാറിന് സഹായിയായി, മല്ലികച്ചേച്ചിക്കു സഹോദരതുല്യനായി, “പടയണി” യുടെ പ്രൊഡക്‌ഷൻ മാനേജരായി ആ വീട്ടിൽ കഴിഞ്ഞ നാളുകൾ എന്റെ ജീവിതത്തിലെ സുവർണ നാളുകൾ തന്നെയായിരുന്നു.
കുപ്പത്തൊട്ടിയിൽ നിന്നു പറന്നുയർന്നു ഗോപുരമുകളിൽ ചെന്നെത്തി എന്നൊക്കെ സാഹിത്യ ഭാഷയിൽ പറയാറില്ലേ അത് പോലെ. തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരൻ സാർ. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു കാണികൾ നെഞ്ചേറ്റിയ സുകുമാരൻ സാർ സിനിമാപ്രേമികൾക്ക്.
തമാശക്കാരനായ, സ്നേഹനിധിയായ അച്ഛൻ, കരുതലുള്ള ഭർത്താവ്, ഭാവിയെപ്പറ്റി ദീർഘവീക്ഷണമുള്ള കുടുംബനാഥൻ ഇതായിരുന്നു വീട്ടിലെ സുകുമാരൻ സാർ. ആ അഭിനയ സാമ്രാട്ട് അകാലത്തിൽ 49–ാം വയസ്സിൽ പൊലിയുമ്പോൾ.. നേർപാതിയുടെ…തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസിലൊതുക്കി പറക്കമുറ്റാത്ത മക്കളെ..പ്രതിസന്ധികളിൽ തളരാതെ, ദൃഢ നിശ്ചയത്തോടെ വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ ആ അമ്മയുടെ.. മല്ലികച്ചേച്ചിയുടെ തന്റേടം അത് സുകുമാരൻ സാറിന്റേതാണ്, ആ ശക്തി അദൃശ്യമായി കൂടെയുണ്ട് എന്ന വിശ്വാസത്തിന്റേതാണ്.
ഗുരുത്വം ഉണ്ട് എന്ന് എനിക്ക് തോന്നിയത് സുകുമാരൻ സാർ മരിച്ച ദിവസമാണ്. “നീ വരുവോളം” എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. മെറിലാൻഡ് സ്റ്റുഡിയോയിൽ ഒരു ഗാനചിത്രീകരണം. നാലുമണിയോടെ ആണെന്ന് തോന്നുന്നു, നീ വരുവോളത്തിന്റെ നിർമാതാവ് കറിയാച്ചൻ സർ എന്നെ വിളിച്ചു. എറണാകുളത്തു നിന്ന് ഒരു ബാഡ് ന്യൂസ് ഉണ്ട്. ആ ബാഡ് ന്യൂസ് കേൾക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. അപ്പോൾ തന്നെ സ്റ്റുഡിയോയിൽനിന്ന് ഞാൻ കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി.
തിരുവനന്തപുരത്തെ സിനിമാപ്രവർത്തകർ അവിടെ സജ്ജീകരണങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. ഇരുട്ടിയപ്പോൾ സാറിനെയും കൊണ്ടുള്ള വാഹനം കുഞ്ചാലുംമൂട്ടിലെ വീട്ടിലെത്തി. എന്നെ കണ്ടപ്പോൾ ‘സാർ പോയി സിദ്ധാർത്ഥ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചേച്ചി. ചേച്ചിയുടെ ആ നോട്ടവും കരച്ചിലും മങ്ങാതെ മായാതെ ഓർമയുണ്ട്. എല്ലാ ദുഃഖങ്ങളും കാലം മായ്ച്ചുകളയും എന്ന് പറയാറുണ്ട്. പക്ഷെ ചില ദുഃഖങ്ങൾ ഓർമയിൽ തങ്ങിനിൽക്കും, ബാക്കിനിൽക്കും എന്റെ അച്ഛന്റെ മരണം പോലെ, അമ്മയുടെ മരണം പോലെ, സുകുമാരൻ സാറിന്റെ മരണം പോലെ ചിലത്….
Post Your Comments