തിരുവനന്തപുരം: സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി ‘വിദ്യാമൃതം’ എന്ന പേരില്‍ പദ്ധതി ആരംഭിച്ച നടൻ മമ്മൂട്ടിക്ക് നന്ദി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. മമ്മൂട്ടി മുന്നോട്ടുവച്ച മാതൃക പിന്തുടരാന്‍ നിരവധി പേര്‍ രംഗത്തുവരുമെന്ന് ഉറപ്പാണെന്നും അതിനാല്‍ അദ്ദേഹത്തോട് നന്ദി അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘മലയാളത്തിന്‍റെ മഹാനടൻ ശ്രീ മമ്മൂട്ടിക്ക് നന്ദി. പഠനാവശ്യത്തിന് സ്‍മാര്‍ട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധിപേർ രംഗത്തു വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു’, വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് തന്‍റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രസ്‍ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ പേരിൽ ‘വിദ്യാമൃതം’ എന്ന പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്.
‘സ്‍മാര്‍ട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും. നിങ്ങളുടെ വീട്ടിൽ ഉള്ള ഉപയോഗയുക്തവും എന്നാൽ ഇപ്പോൾ ഉപയോഗിക്കാത്തതുമായ സ്‍മാര്‍ട്ട് ഫോൺ, ടാബ്‌ലറ്റ്, ലാപ്ടോപ് എന്നിവ അവർക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും ഞങ്ങളെ ഏൽപ്പിക്കാം, അർഹതപ്പെട്ട കൈകളിൽ അത് എത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു’ എന്നായിരുന്നു മമ്മൂട്ടി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Mammootty/posts/341892620634079
Post Your Comments