ബെംഗളുരു: കഴിഞ്ഞ ദിവസമാണ് കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. ബെംഗളൂരുവിലെ എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെപി നഗറിൽവച്ച് ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ അപകടസമയത്ത് നടൻ ഹെല്‍മറ്റ് ധരിക്കാഞ്ഞതാണ് തലയ്‌ക്കേറ്റ പരിക്കിന്റെ ആഘാതം കൂട്ടിയത് എന്ന് പോലീസ് പറയുന്നു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കില്‍ നിസ്സാര പരിക്കുകളോടെ നടന്‍ അപകടത്തെ അതിജീവിക്കുമായിരുന്നുവെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹത്തിന് മസ്തിഷ്‌കമരണം സംഭവിച്ചത്. വിജയ്‌യുടെ അവയവങ്ങള്‍ ദാനംചെയ്യുന്നതിനുള്ള നടപടികള്‍ ബന്ധുക്കള്‍ വഴി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
2015-ല്‍ ‘നാനു അവനല്ല, അവളു’ എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയിയ്ക്ക് മികച്ച നടനുള്ള ദേശീയപുരസ്‌കാരം ലഭിച്ചത്. ബി.എസ്. ലിംഗദേവരു സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രത്തിനാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. അതേവര്‍ഷം അദ്ദേഹം അഭിനയിച്ച ‘ഹരിവു’ മികച്ച പ്രാദേശികചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും വിജയ് അഭിനയിച്ചിട്ടുണ്ട്.
Post Your Comments