മലയാളത്തിന്റെ മഹാനടൻ സത്യൻ വിടവാങ്ങിയിട്ട് ഇന്നേക്ക് അമ്പതാണ്ട്. വെള്ളിത്തിരയിലെത്തിയ ആദ്യ നാളുകള്‍ മുതല്‍ അവസാന കാലഘട്ടത്തിലും അഭിനയ പ്രധാന്യമുള്ള സിനിമകളും കഥാപാത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച മഹാനടനായിരുന്നു അദ്ദേഹം. ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.
പൊലീസിലായിരുന്നപ്പോഴായിരുന്നു സിനിമാ ലോകത്തേയ്‍ക്ക് സത്യൻ കാല്‍വെച്ചത്. എന്നാൽ ത്യാഗസീമയടക്കമുള്ള ആദ്യകാല സിനിമകള്‍ വെളിച്ചം കണ്ടില്ല. പിന്നീട് പൊലീസില്‍ നിന്ന് രാജിവെച്ച സത്യൻ പൂര്‍ണമായും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വൻ വിജയമായി മാറുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായി.
ആദ്യത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ച നടനും സത്യൻ തന്നെ. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സത്യൻ ഇരട്ടവേഷത്തിലായിരുന്നു കടല്‍പ്പാലത്തില്‍ അഭിനയിച്ചത്. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രത്തിലെ നായകനും സത്യൻ ആയിരുന്നു. മരണാനന്തരവും സത്യന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കരകാണാക്കടല്‍ എന്ന സിനിമയിലെ അഭിനയത്തിന് ആണ് സത്യന് അവാര്‍ഡ് കിട്ടിയത്.
ജീവിതത്തിന്റെ അവസാന കാലത്ത് ഗുരുതരമായ രക്താര്‍ബുദത്തോട് പടപൊരുതുകയായിരുന്നു അദ്ദേഹം. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടരുകയായിരുന്നു. എന്നാൽ രോഗം മൂർച്ഛിച്ചതോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അന്ന് രാത്രിയായപ്പോള്‍ തന്നെ ഗുരുതരമായി. തുടർന്ന് മൂന്നാം നാളായിരുന്നു സത്യന്റെ മരണം.
Post Your Comments