‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന ആദ്യ സിനിമയ്ക്ക് മുന്‍പേ തന്നെ ശബ്ദം കൊണ്ട് താനൊരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായിട്ടുണ്ടെന്നു ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ തുറന്നു പറയുകയാണ് കാളിദാസ് ജയറാം. 1999-ല്‍ പുറത്തിറങ്ങിയ സിദ്ധിഖ് സംവിധാനം ചെയ്ത ‘ഫ്രണ്ട്സ്’ എന്ന സിനിമയുടെ മര്‍മ്മ പ്രധാനമായ ഒരു രംഗത്തിലാണ് അവര്‍ തന്‍റെ ശബ്ദം ഉപയോഗിച്ചതെന്നും കാളിദാസ് പങ്കുവയ്ക്കുന്നു.
‘എനിക്ക് നാല് വയസ്സുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി ഒരു സിനിമയുടെ ഭാഗമാകുന്നത് എന്ന് വേണമെങ്കില്‍ പറയാം. അപ്പ (ജയറാം) ലീഡ് റോള്‍ ചെയ്ത ‘ഫ്രണ്ട്സ്’ എന്ന ചിത്രത്തില്‍ എന്‍റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ അവസാനം മുകേഷ് അങ്കിളിന്റെ ക്യാരക്ടര്‍ അതിലെ കുട്ടിയോട് പേര് ചോദിക്കുമ്പോള്‍ ‘ചന്തു’ എന്ന് പറയുന്നത് എന്‍റെ ശബ്ദമാണ്. അങ്ങനെ നോക്കുമ്പോള്‍ അഭിനയിച്ചിട്ടില്ലെങ്കിലും എന്റെ ആദ്യ സിനിമ ‘ഫ്രണ്ട്സ്’ ആണ്. എന്നെയും കൊണ്ടാണ് അപ്പ ‘ഫ്രണ്ട്സ്’ എന്ന സിനിമയുടെ ഡബ്ബിംഗിന് പോയത്. ആ സമയത്ത് സിദ്ധിഖ് അങ്കിളിനു അവിടെ വച്ച് തോന്നിയ ഒരു ഐഡിയയാണ് എന്റെ ശബ്ദം അതില്‍ നല്‍കാമെന്ന്. ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’ എന്ന എന്റെ ആദ്യ സിനിമയ്ക്ക് ശേഷവും സത്യന്‍ അങ്കിളിന്റെ ഒരു സിനിമയില്‍ ഞാന്‍ മുഖം കാണിച്ചിട്ടുണ്ട്. ‘യാത്രക്കാരുടെ ശ്രദ്ധക്ക്’ എന്ന സിനിമയില്‍ ട്രെയിനിലെ കമ്പാര്‍ട്ട്മെന്റില്‍ ഞാനും ചക്കിയും( സഹോദരി മാളവിക) പാസ് ചെയ്തു പോകുന്ന ഒരു ഷോട്ട് ഉണ്ട്. അങ്ങനെ വരുമ്പോള്‍ എന്റെ സിനിമകളുടെ ലിസ്റ്റ് എടുത്താല്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ എണ്ണം കൂടും’. കാളിദാസ് പറയുന്നു.
Post Your Comments