ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന് ചലഞ്ചിലെ മൂന്നാം ദിനത്തിലെ ചലഞ്ച് പ്രേക്ഷകരുമായി പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. പഴയ സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ട് ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്നതാണ് ചാക്കോച്ചന്റെ പുതിയ ചലഞ്ച്. ഒരു അഞ്ച് മിനിറ്റ് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകുമെന്ന് താരം പറയുന്നു.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾ:
‘സമയം പുഴ പോലെ മുന്നിലേക്ക് ഒഴുകുമ്പോൾ നമ്മുടെ ഓർമ്മകൾ പിന്നിലേക്ക് മാഞ്ഞു പോകാറുണ്ട് പലപ്പോഴും. എന്നാൽ പഴയ ചങ്ങാതിമാരുമായി ഇടപഴകുമ്പോൾ മറഞ്ഞിരിക്കുന്ന ചില ഓർമ്മകളെ നമുക്ക് ഉണർത്താൻ സാധിക്കും. ഒരു അഞ്ച് മിനിറ്റ് കോളിന് പഴയകാലത്തെ ചില മനോഹരമായ നിമിഷങ്ങളെ വേഗത്തിൽ പുതുക്കാനാകും. ഞാൻ ഇന്നലെ സന്തോഷ് (ആന്റിന), വിനോദ് (പ്രാണി) എന്നിവരുടെ ജന്മദിനാശംസകൾ നേരുന്നതിനോടൊപ്പം കുറച്ച് നല്ല സമയം ചെലവഴിച്ചു.
ഭൂതകാലത്തിന്റെ മധുരസ്മരണകൾ തിരികെ കൊണ്ടുവരുന്ന നിരവധി അവസരങ്ങളുണ്ട്. നിങ്ങളുടെ പഴയ സുഹൃത്തുക്കളുമായ് ബന്ധപ്പെടുന്നത് തീർച്ചയായും അതിലൊന്നാണ്. ഇന്ന് ഒരു പഴയ ചങ്ങാതിയുമായി കണക്റ്റുചെയ്ത് കമന്റ്സിൽ നിങ്ങളുടെ അനുഭവം പങ്കിടുക. ചലഞ്ച് സീരീസിന്റെ ഹിന്ദി വിവർത്തനത്തിനായി എന്റെ ഉത്തരേന്ത്യൻ സുഹൃത്തുക്കളിൽ നിന്ന് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ലഭിക്കുന്നതിനാൽ, ഇത് ഹിന്ദിയിലും പോസ്റ്റുചെയ്യുന്നു’ -കുഞ്ചാക്കോ ബോബൻ കുറിച്ചു.
https://www.facebook.com/KunchackoBoban/posts/1972219936263801
കഴിഞ്ഞ ദിവസമാണ് ചാക്കോച്ചൻ ചലഞ്ച് എന്ന പുതിയ പദ്ധതിയുമായി താരം എത്തിയത്. താൻ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോള്‍ ലോക്ഡൗണ്‍ നീട്ടിയതില്‍ സുഹൃത്തിന്റെ വാക്കുകളിലെ നിരാശയാണ് ഇത്തരമൊരു പദ്ധതിക്ക് കാരണമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജൂൺ 16 വരെ ഈ ചലഞ്ച് തുടരുമെന്നും താരം പറഞ്ഞു.
Post Your Comments