സംവിധായകന്‍ ഐ.വി. ശശിയുടെയും നടി സീമയുടെയും മകനും സംവിധായകനുമായ അനി ഐ.വി. ശശി സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘മായ’. കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകൾ പങ്കുവെയ്ക്കുകയാണ് അനി. അച്ഛൻ അവസാനമായി സംസാരിച്ചതും ‘മായ’എന്ന തന്റെ സിനിമയെ കുറിച്ചാണ് എന്ന് അനി പറയുന്നു.
അച്ഛന് വളരെ ഇഷ്ടപ്പെട്ടിരുന്നു ‘മായ’, നല്ല ക്രാഫ്റ്റാടാ എന്ന് പറഞ്ഞ് നെറ്റിയിലൊക്കെ ഉമ്മ വെച്ചു, അശോകിന്‍റെ അഭിനയം ഏറെ അച്ഛന് ഇഷ്ടപെട്ടു. അശോകിനെ കെട്ടിപിടിച്ചിട്ട് നല്ല വർക്ക് നന്നായി അഭിനയിച്ചു എന്നൊക്കെ അച്ഛൻ പറഞ്ഞിരുന്നുവെന്ന് അനിൽ പറയുന്നു. സമയത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
അനി ഐ.വി ശശിയുടെ വാക്കുകൾ:
‘അതെ ഞാൻ ആദ്യമായി ചെയ്ത ഹ്രസ്വ ചിത്രം ‘മായ’യാണ്, ഫീച്ചർ ഫിലിം ‘നിന്നിലാ നിന്നാലാ’യാണ്. അച്ഛന്‍ ഞാനൊരുക്കിയ ‘മായ’ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമയ്ക്ക് ലഭിച്ച ഷിക്കാഗോ ഫെസ്റ്റിവൽ അവാർഡ് ഞാൻ വാങ്ങിയിട്ടില്ലായിരുന്നു. അതിനാൽ അവർ അവാർഡ് വീട്ടിലേക്ക് ക്വറിയർ അയക്കുകയായിരുന്നു. ക്വറിയർ വന്നപ്പോൾ ഞാൻ സ്ഥലത്തില്ലായിരുന്നു, ഞാൻ വരുന്നതുവരെ ആ ക്വറിയർ തുറക്കാതെ വീട്ടിൽ വെച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാൻ വന്നപ്പോൾ അത് അച്ഛൻ തുറന്നു. ശേഷം ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു, സിനിമയെ കുറിച്ചും മറ്റുമൊക്കെ കുറെ സംസാരിച്ചു, അതിനിടയിൽ അച്ഛൻ വെള്ളം കുടിക്കുന്നുണ്ടായിരുന്നു, അതിനു ശേഷം ആ സമയം തന്നെയായിരുന്നു അച്ഛന്‍റെ മരണം. അച്ഛൻ അവസാനമായി സംസാരിച്ചതും ‘മായ’യുമായി ബന്ധപ്പെട്ടതായിരുന്നു. അതിനുശേഷം ഞാൻ വേറെ ഫെസ്റ്റിവലുകളിലേക്കൊന്നും സിനിമ അയച്ചില്ല. അതുകൊണ്ട് ‘മായ’ എനിക്ക് വളരെ സ്പെഷലാണ്. അച്ഛന് വളരെ ഇഷ്ടപ്പെട്ടിരുന്നു ‘മായ’, നല്ല ക്രാഫ്റ്റാടാ എന്ന് പറഞ്ഞ് നെറ്റിയിലൊക്കെ ഉമ്മ വെച്ചു, അശോകിന്‍റെ അഭിനയം ഏറെ അച്ഛന് ഇഷ്ടപെട്ടു. അശോകിനെ കെട്ടിപിടിച്ചിട്ട് നല്ല വർക്ക്, നന്നായി അഭിനയിച്ചു എന്നൊക്കെ അച്ഛൻ പറഞ്ഞിരുന്നു.
ഞാൻ സംവിധായകനാകുമെന്ന് അച്ഛൻ പറയുമായിരുന്നുവെന്ന് ചെറുപ്പം മുതൽ കേട്ടിട്ടുണ്ട്. എനിക്ക് മൂന്ന് വയസ്സുള്ള സമയത്ത് ‘ദേവാസുരം’ സെറ്റിൽ പോയപ്പോൾ ക്രെയിനിൽ കയറി ഇരുന്നിട്ടുണ്ടെന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. അതോടെ അച്ഛൻ എന്‍റെ മകൻ ഡയറക്ടറാകുമെന്നൊക്കെ അവിടെ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുണ്ട്. വലുതായപ്പോഴും അച്ഛനോട് കൂടുതലും സംസാരിച്ചത് സിനിമ മാത്രമായിരുന്നു. ലെൻസിംഗ് ഉൾപ്പെടെയുള്ള ടെക്നിക്കൽ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. ചെറുപ്പം തൊട്ടേ അതിനാൽ സിനിമ ആഗ്രഹമുണ്ടായിരുന്നു. സിനിമയിൽ മാത്രം ആയിരുന്നാൽ മതി സംവിധായകൻ ആകേണ്ടതില്ല എന്നൊക്കെ ഒരിടയ്ക്ക് തോന്നിയിട്ടുണ്ട്. പക്ഷേ പിന്നെ സംവിധായകൻ ആകണമെന്ന് തീരുമാനിക്കുകയായിരുന്നു. അച്ഛൻ ഒരുക്കിയ സിനിമകളിൽ ഏറ്റവും ഇഷ്ടം ‘ആൾക്കൂട്ടത്തിൽ തനിയെ’യാണ്. അനുബന്ധം, അക്ഷരങ്ങൾ, കാണാമറയത്ത്, ആവനാഴി ഇവയും ഏറെ ഇഷ്ടമാണ്. അമ്മ അഭിനയിച്ച ‘മഹായാനം’ ഭയങ്കര ഇഷ്ടമാണ്’ – അനി പറഞ്ഞു.
2017 ല്‍ അനി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് മായ. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2017ലെ ഷിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌ക്കാരം മായക്ക് ലഭിച്ചിരുന്നു. കല്യാണി പ്രിയദർശനാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ തയാറാക്കിയത്. അനി ഐ.വി ശശി. അനി സംവിധാനം ചെയ്ത തമിഴ് –തെലുങ്ക് ചിത്രം ‘നിന്നിലാ നിന്നിലാ’ ഈയടുത്ത് പുറത്തിറങ്ങിയിരുന്നു.
Post Your Comments