സിനിമാതാരത്തിന്റെ പകിട്ടെല്ലാം മാറ്റിവെച്ച് സ്വന്തം നാട്ടിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായി നടൻ ലുക്മാൻ. സ്വന്തം വാർഡിലും തൊട്ടടുത്ത വാർഡിലും രോഗംമൂലം വലയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുക, വീടുകളിൽ അണുനശീകരണം , പട്ടിണിയിലായവർക്ക് ഭക്ഷണകിറ്റ് എത്തിക്കുക തുടങ്ങിയവയാണ് ലുക്മാന്റെ നേതൃത്വത്തിൽ നടക്കുന്നത്.
ആലങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഉദിനുപ്പറമ്പ് കൊളാടിക്കൽ അവറാന്റെയും ഹലീമയുടെയും മകനാണ് 30 കാരനായ ലുക്മാൻ. ക്ലബ്ബിന്റെ വാട്സാപ്പ് വഴി പ്രവാസി സുഹൃത്തുക്കളിൽ നിന്നടക്കം പണം ശേഖരിച്ചാണ് കഷ്ടപ്പെടുന്ന പലർക്കും ആരുംകാണാതെ ഇവർ കിറ്റുകൾ എത്തിക്കുന്നത്.
എൻജിനിയറിങ് പഠനം പൂർത്തിയാക്കിയതിനുശേഷമാണ് ലുക്മാൻ സിനിമാ മേഖലയിലെത്തിയത്. സപ്തമശ്രീതസ്കര, കെ.എൽ.10, സുഡാനി ഫ്രം നൈജീരിയ, ഗോദ, അജഗജാന്തരം, ഉണ്ട, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. ആനപ്പറമ്പിലെ ആറാട്ട്, വേൾഡ് കപ്പ്, നാരദൻ തുടങ്ങിയവയാണ് ലുക്മാന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
Post Your Comments