ചെന്നൈ: കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരം തിരികെ നല്‍കുന്നില്ലെന്ന് നടന്‍ ജീവയുടെ പിതാവും നിർമാതാവുമായ ആര്‍.ബി. ചൗധരിയ്ക്കെതിരെ നടൻ വിശാൽ പരാതിയുമായി രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ ആര്‍.ബി. ചൗധരി വിശദീകരണവുമായി നേരിട്ടെത്തിയിരിക്കുകയാണ്. ഇതൊരു നിസ്സാരമായ പ്രശ്‌നമാണെന്നും വിശാലിനെ വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ഞങ്ങൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തും എന്നൊക്കെ അദ്ദേഹം വെറുതെ ധരിച്ചു വെച്ചിരിക്കുകയാണെന്നും ആര്‍.ബി. ചൗധരി പറഞ്ഞു.
‘എന്റെ പക്കല്‍നിന്നും തിരുപ്പൂര്‍ സുബ്രഹ്മണ്യത്തിന്റെ പക്കല്‍നിന്നും വിശാല്‍ വായ്പ്പയെടുത്തിരുന്നു. സംവിധായകന്‍ ശിവകുമാറാണ് രേഖകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. വിശാല്‍ പണം മുഴുവന്‍ തിരികെ നല്‍കിയപ്പോള്‍ ഞാന്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. ഞങ്ങള്‍ ആ രേഖകള്‍ വച്ച് വിശാലിനെ ഭീഷണിപ്പെടുത്തുമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അങ്ങനെ സംഭവിക്കുകയില്ല’- ആര്‍.ബി. ചൗധരി പറഞ്ഞു.
വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ആര്‍.ബി. ചൗധരിയില്‍നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ പണയത്തിന് ഈടായി നല്‍കിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്റെ ആധാരവും മറ്റു രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
Post Your Comments