സൂപ്പര്‍ ഹിറ്റായ സിനിമയില്‍ നായികയാവാന്‍ അപേക്ഷ അയച്ചിരുന്നു, ഒടുവില്‍ സംഭവിച്ചതിങ്ങനെ!: നിമിഷ സജയന്‍

'കുപ്രസിദ്ധ പയ്യൻ' എന്ന സിനിമയിൽ ടോവിനോയുടെ നായിക ഞാനായിരുന്നില്ല

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രത്തിലൂടെ നിമിഷ സജയന്‍ എന്ന നടി ചെയ്യുന്ന സിനിമകളുടെ വ്യത്യസ്തത കൊണ്ടു പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ കൈയ്യടി നേടുകയാണ്‌. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിവച്ച നിമിഷ താന്‍ ഒരിക്കലും നായികയാകാന്‍ വേണ്ടി മാത്രം മലയാള സിനിമയിലേക്ക് വന്ന നടിയായിരുന്നില്ലെന്നു തുറന്നു പറയുകയാണ്. തൊണ്ടിമുതലിന് മുന്‍പേ മികച്ചതെന്നു തോന്നിയ രണ്ടു സിനിമയുടെ ഓഡിഷനിലേക്ക് അപേക്ഷ അയച്ചിരുന്നുവെന്നും പക്ഷേ ദിലീഷ് പോത്തന്‍ സിനിമയിലേക്ക് വിളി വന്നതിനാല്‍ ആ സിനിമകളെക്കുറിച്ച് പിന്നീട് ചിന്തിച്ചില്ലെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ നിമിഷ പറയുന്നു.

നിമിഷയുടെ വാക്കുകള്‍

‘നായിക എന്ന നിലയില്‍ സിനിമ സ്വീകരിക്കാറില്ല. സിനിമയിലെ കഥാപാത്രത്തിൻ്റെ പ്രാധാന്യവും, വ്യത്യസ്തതയുമാണ് ഞാന്‍ നോക്കുന്നത്. ‘കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിൽ ടോവിനോയുടെ നായിക ഞാനായിരുന്നില്ല. പക്ഷേ ആ സിനിമയിലെ കഥാപാത്രം അഭിനേത്രി എന്ന നിലയിൽ എനിക്ക് മികച്ച എക്സ്പീരിയൻസ് നൽകും എന്നത് ഉറപ്പായത് കൊണ്ടാണ് അത്തരം സിനിമകള്‍ സ്വീകരിക്കുന്നത്. ‘ തൊണ്ടിമുതലും ദൃക്സാക്ഷിയും’ ചെയ്യുന്നതിന് മുൻപേ ലിജോ സാറിന്റെ ‘അങ്കമാലി ഡയറീസ്, എബ്രിഡ് ഷൈന്‍റെ ‘പൂമരം’ പോലെയുള്ള സിനിമകളിൽ ഓഡിഷന് വേണ്ടി അപേക്ഷിച്ചിരുന്നു. അതിന്‍റെ ഓഡിഷന് പോകുന്നതിന് മുൻപേ എനിക്ക് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അവസരം ലഭിച്ചു. ഏതെങ്കിലും ഒരു സിനിമയിൽ അഭിനയിച്ച് നടിയായി വരണം എന്നായിരുന്നില്ല ആഗ്രഹിച്ചത്. നല്ല ടീമിനൊപ്പം സിനിമ ചെയ്യാനാണ് ആഗ്രഹിച്ചതും ശ്രമിച്ചതും’. നിമിഷ സജയന്‍ പറയുന്നു.

Share
Leave a Comment