
ചെന്നൈ: കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം വിവിധ സന്ദർഭങ്ങളിൽ സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു. മലയാളത്തിൽ നടൻ മമ്മൂട്ടിയുടെ മാസ്ക് മുതൽ ബോളിവുഡ് താരം ദീപിക പദുകോണ്‍ ധരിച്ച 25,000 ത്തിലധികം രൂപ വിലയുള്ള മാസ്ക് വരെ ചര്‍ച്ചയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് പ്രശസ്ത സംഗീത സംവിധായകന് എ.ആര്. റഹ്മാന്റെ മാസ്കിനെക്കുറിച്ചാണ്.
കോവിഡ് വാക്സിന് എടുത്തശേഷം വാക്സിനേഷന് സെന്ററില്‍ നിന്ന് മകന് എ.ആര് അമീനുമൊപ്പമുള്ള ചിത്രം എ.ആർ. റഹ്മാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച വെളുത്ത നിറമുള്ള മാസ്ക് ആണ് ശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്ന് ഇത് ആരാധകർക്കിടയിൽ ചർച്ചയാകുകയായിരുന്നു. വായു മലിനീകരണത്തില്‍ നിന്ന് സംരക്ഷണം, 99.7 ശതമാനം വരെ ശുദ്ധവായു എന്നിവ ഉറപ്പ് നല്കുന്ന ഡ്യുവല്‍ എച്ച് 13 ഗ്രേഡ് എച്ച്.ഇ.പി.എ ഫില്‍ട്ടര്‍ മാസ്ക് ആണ് ഇരുവരും ഉപയോഗിച്ചിരുന്നത്.
ഉപയോഗിച്ചുകൊണ്ടിരിക്കെ തന്നെ യാന്ത്രികമായി മാസ്ക് ശുചീകരിക്കുന്ന ഓട്ടോ സാനിറ്റൈസിങ് യു.വി സ്റ്റെറിലൈസിങ് സംവിധാനവും മാസ്കിന്റെ പ്രത്യേകതയാണ്. പ്യൂരിക്കെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫയറില്‍ 820 എം.എ.എച്ച് ബാറ്ററി ഘടിപ്പിച്ചിരിക്കുന്ന മാസ്ക്, രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ പരമാവധി 8 മണിക്കൂര്‍ വരെ ഉപയോഗിക്കാം. ഏകദേശം 18,148 രൂപയാണ് മാസ്കിന്റെ വില.
Post Your Comments