Film ArticlesGeneralLatest NewsMollywoodNEWS

“നവലോക”ത്തിൻ്റെ പുരോഗമനാത്മക നിലപാടുകൾ

വി കൃഷ്ണൻ്റെ നവലോകം യഥാർത്ഥത്തിൽ ഒരു വിപ്ലവ സിനിമയാണോ

തിരമലയാളത്തിലെ പുരോഗമന ചിത്രങ്ങളിലൊന്നായി ചലച്ചിത്ര ചരിത്രകാരൻമാർ ചൂണ്ടി കാണിക്കുന്ന ചിത്രങ്ങളിലൊന്നാണ് നവലോകം.1951 ൽ പ്രദർശനത്തിനെത്തിയ നവലോകത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത് വി.കൃഷ്ണനാണ് .പോപ്പുലർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പാപ്പച്ചൻ ‘നിർമ്മിച്ച ചിത്രത്തിൻ്റെ കഥയും സംഭഷണവുമെഴുതിയത് പൊൻകുന്നം വർക്കിയാണ് .

തൊഴിലാളികളുടെ പ്രതിരോധങ്ങൾ

എസ്റ്റേറ്റു മുതലാളിയും കർഷക തൊഴിലാളികളും തമ്മിലുള്ള വർഗ്ഗ സംഘർഷത്തിൻ്റെ കഥയാണ് നവലോകത്തിൻ്റെ അടിത്തറ .പിതാവിൻ്റെ മരണാനന്തരം എസ്റ്റേറ്റിൻ്റെ ചുമതല ഏറ്റെടുക്കേണ്ടി വന്ന കുറുപ്പിന് തൊഴിലാളികളിലുണ്ടായ ‘പരിവർത്തനങ്ങളെ ഭയമായിരുന്നു .ഗോപിയെന്ന യുവ നേതാവ് കർഷകരെ ‘ സംഘടിപ്പിച്ച് അവകാശബോധമുള്ളവരാക്കി മാറ്റുന്നത് ആ കാലഘട്ടത്തിൻ്റെ അടയാളപ്പെടുത്തൽ കൂടെയാണ്. എസ്‌റ്റേറ്റ് ഏറ്റെടുത്തു നടത്തുന്ന കുറുപ്പ് അവിടുത്തെ തൊഴിലാളികളെ കുടിയിറക്കുന്നതിനുള്ള നീക്കങ്ങൾ നടത്തുന്നു. അതിനിടയിൽ സ്വാഭാവികമെന്നോണം ദേവകി യെന്ന പെൺകുട്ടിയെ പ്രണയിക്കുന്നു.

read also: ചലച്ചിത്ര ചരിത്രത്തിലെ കുട്ടിച്ചാത്തൻ വിപ്ലവം 

പട്ടണപരിഷ്ക്കാരിയുടെ നാട്യങ്ങളിൽ മയങ്ങിയ ദേവകിയെ വഞ്ചിച്ച കുറുപ്പ് മുതലാളി രാധയെന്ന കുലസ്ത്രീയെ വിവാഹം കഴിക്കുന്നു .വഞ്ചിതയായ ദേവകി മുതലാളിയുടെ വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമങ്ങൾ നടത്തുമ്പോൾ ദേവകിയെ കൊലപ്പെടുത്താൻ മുതലാളി ശ്രമിക്കുന്നു. ദേവകിയെ കൊലപ്പെടുത്താൻ നോക്കിയ മുതലാളിയെ പോലീസ് അറസ്റ്റു ചെയ്യുമ്പോൾ നാടകീയാന്തരീക്ഷത്തിൽ ട്വിസ്റ്റ് ഉണ്ടാകുന്നു. മാരകമായി ‘പരിക്കുപറ്റി രക്ഷപ്പെടുന്ന ദേവകി അവിടെയെത്തി തനിക്കു പരാതികളില്ലായെന്നു ബോധ്യപ്പെടുത്തുന്നു. കുറ്റവിമുക്തനായ മുതലാളി തൻ്റെ പാപങ്ങൾ തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുന്നു. അതേത്തുടർന്ന് അയാൾ തൊഴിലാളികളുടെ പക്ഷത്തോടൊപ്പം ചേരുന്നു

നവലോകം വിപ്ലവ സിനിമയോ?

വി കൃഷ്ണൻ്റെ നവലോകം യഥാർത്ഥത്തിൽ ഒരു വിപ്ലവ സിനിമയാണോ എന്ന് അന്വേഷണം നടത്തിയാൽ വ്യത്യസ്ത കാഴ്ചപ്പാടുകളാണ് ലഭിക്കുക.ചലച്ചിത്ര നിരൂപകർ / ചലച്ചിത്ര ചരിത്രകാരൻമാർ ഇക്കാര്യത്തിൽ രണ്ടു തട്ടിലാണ് നില കൊള്ളുന്നത്. പൊൻകുന്നം വർക്കിയെന്ന നിഷേധിയും പുരോഗമന സമീപനം പുലർത്തിയിരുന്നതുമായ എഴുത്തു കാരനാണ് നവലോകം എന്ന ചലച്ചിത്ര ഉൽപ്പന്നത്തിനായി തൂലിക ചലിപ്പിച്ചത് എന്നതിനാൽ ചിത്രം വിപ്ലവ സിനിമകളുടെ ഗണത്തിൽ ഉൾപ്പെടുന്നുവെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം നവലോകം പുരോഗമനാത്മക സിനിമ യല്ലെന്ന് കെ.പി ജയകുമാർ ഉൾപ്പെടെയുള്ള ചലച്ചിത്ര നിരൂപകർ ചൂണ്ടിക്കാണിക്കുന്നു .അതിനായി അവർ പൊൻകുന്നം വർക്കിയുടെ എഴുത്തു ജീവിതത്തെയും നവലോകത്തിൻ്റെ തിരക്കഥയെയും മുൻനിറുത്തുന്നു .കെ.പി ജയകുമാർ ചൂണ്ടിക്കാണിക്കുന്നത് ഇപ്രകാരമാണ് ” പുരോഗമന പ്രസ്ഥാനത്തിൻ്റെ മാറ്റൊലിയായിട്ടാണ് 1951ല്‍ നവലോകം പുറത്തുവരുന്നത്. നവലോകത്തെ ഒരു രാഷ്ട്രീയ ചിത്രമയാണ് ചലച്ചിത്ര ചരിത്രകാരന്‍മാർ രേഖപ്പെടുത്തുന്നത്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനം ചിത്രത്തിന്റെ രചയിതാവിനെ സംബന്ധിക്കുന്ന മുന്‍വിധിയാവാനാണു സാധ്യത. പൊന്‍കുന്നം വര്‍ക്കിയായിരുന്നു നവലോകത്തിന്റെ തിരക്കഥാകൃത്ത്. പൊന്‍കുന്നം വര്‍ക്കിയുടെ രചന ‘പുരോഗമന‘മാകാതെ തരമില്ലെന്ന ധാരണയാണ് നവലോകത്തിന് രാഷ്ട്രീയ ചിത്രമെന്ന സ്ഥാനം നേടിക്കൊടുക്കുന്നത്. പരമ്പരാഗത പുരോഗമനരചനയുടെ രീതീശാസ്ത്രമനുസരിച്ച് ഉള്ളവരും ഇല്ലാത്തവരുമെന്ന് ‘വര്‍ഗ്ഗപരമായി‘ വിഭജിക്കപ്പെട്ടതാണ് ഇതിലെ കഥാപാത്രങ്ങള്‍. ജന്‍മിത്തത്തിന്റെ ചൂഷണത്തിനെതിരെ ബോധമാര്‍ജ്ജിക്കുന്നവരാണ് ചൂഷിതര്‍. മര്‍ദ്ദകനായ ജന്‍മിയെ കീഴടക്കുന്ന തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ആവേശമൊന്നും ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നില്ല ‘” [കെ .പി ജയകുമാർ / നവമലയാളി] ഇത്തരമൊരു നിരീക്ഷണത്തിന് പ്രസക്തിയുണ്ട്.

സമകാലിക കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പരിണാമങ്ങളെ 1951 ലെ നവലോകം അവതരിപ്പിക്കുന്നില്ലായെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വികസ്വരമായിക്കൊണ്ടിരുന്ന മലയാള സിനിമ ഒരു സാംസ്കാരിക രാഷ്ട്രീയ ഉൽപ്പന്നമെന്ന നിലയിലേക്ക് എത്താത്ത സന്ദർഭത്തിൽ, നവലോകം അവതരിപ്പിച്ച വർഗ്ഗ പരമായ അംശങ്ങളെ സവിശേഷമായി പരിഗണിക്കാതിരിക്കാനാവില്ല. .തൊഴിലാളികളുടെ കൂട്ടായ്മകൾ ,തൊഴിലാളി നേതാവ് , മുതലാളിയുടെ അജണ്ടകൾ എന്നിവ നവലോകത്തെ രാഷ്ട്രീയ ‘ചിത്രമായി വിശകലനത്തിനു പ്രേരിപ്പിക്കുന്നു,, ലക്ഷണ യുക്തമായ വിപ്ലവ സിനിമ എന്ന നിലയിൽ നവലോകം എത്തുന്നില്ലെങ്കിൽ തന്നെയും. അന്യദേശങ്ങളിലെ ചലച്ചിത്രങ്ങളുടെ അനുകരണങ്ങളായി മലയാള ചിത്രങ്ങൾ നിലകൊള്ളുന്ന കാലയളവിലാണ് നവലോകം പോലെയൊരു ചിത്രം നിർമ്മിക്കപ്പെടുന്നത് എന്നതും സ്മരണീയമാണ്. പിന്നീട് 1954 ലെ നീലക്കുയിൽ ,1956ലെ രാരിച്ചൻ എന്ന പൗരൻ ,1962ലെ മുടിയനായ പുത്രൻ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാള സിനിമ അതിൻ്റെ പുരോഗമന പക്ഷങ്ങൾ തേടുന്നുണ്ട്.

read also: ” ലാൽസലാം സഖാക്കളേ” : വെള്ളിത്തിരയിലെ ചുവപ്പൻ കാലങ്ങൾ

നവലോകത്തിലെ കാഴ്ചകൾ

പോപ്പുലർ ‘പ്രൊഡക്ഷൻസ് നിർമ്മിച്ച നവലോകത്തിൽ ‘ തിക്കുറിശ്ശി സുകുമാരൻ നായർ ,സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ ,വഞ്ചിയൂർ മാധവൻ നായർ ,മുതുകുളം രാഘവൻ പിള്ള ,മുത്തയ്യ ,ഭാസ്കരൻ ,മിസ് കുമാരി ,സേതുലക്ഷ്മി ഉൾപ്പെടെയുള്ളവരാണ് കഥാപാത്രങ്ങൾക്കു ജീവനേകിയത്.. ദക്ഷിണാമൂർത്തിയുടെ സംഗീതവും.പി.ഭാസ്കരൻ്റെ ‘ഗാനങ്ങളും പി.കെ മാധവൻ നായരുടെ ‘ഛായാഗ്രഹണവും നവലോകത്തെ സാക്ഷാത്ക്കരിക്കുന്നതിൽ ‘ഒത്തുചേർന്ന ഘടകങ്ങളാണ്.1951 ൽ പ്രദർശനത്തിനെത്തിയ നവലോകം സാമ്പത്തികമായ ലാഭങ്ങൾ വിപണിയിൽ നിന്നും നേടിയില്ല എന്ന് ചലച്ചിത്ര ചരിത്രം തെളിയിക്കുന്നു. എന്നിരുന്നാൽ തന്നെയും നവലോകം 2021 ലും ചർച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുന്നു. പൊൻകുന്നം വർക്കിയുടെ തൂലികയിൽ വിരിഞ്ഞതാണെങ്കിലും അതിലെ മുതലാളി- തൊഴിലാളി സംഘർഷം എന്ന ആശയം രാഷ്ട്രീയമായി ഏറെ പ്രസക്തിയുള്ളതായിരുന്നു.
മുതലാളിത്തത്തിനെതിരെയുള്ള ചെറുത്തു നിൽപ്പുകളാണ് ‘ കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്നുണ്ടായിട്ടുള്ളത്. കേരളീയ പശ്ചാത്തലത്തിൽ ‘ അത്. ഫ്യൂഡൽ വരേണ്യ അധികാരങ്ങൾക്കും ജൻമിത്വത്തിനെതിരെയുമായിരുന്നു. തൃശ്ശിവപേരൂർ ജനറൽ ഫാക്ടറി വർക്കേഴ്സ് യൂണിയൻ അർദ്ധവാർഷിക സമ്മേളനത്തിൽ 1939 ജൂലൈ മാസത്തിൽ. സഖാവ് പി. കൃഷ്ണപിള്ള നടത്തിയ പ്രസംഗത്തിൽ പറഞ്ഞത് ഇപ്രകാരമാണ് “ഇത്രയും കാലത്തെ തൊഴിലാളി പ്രവർത്തനത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് രാഷ്ട്രീയമായ അധികാരം ലഭിക്കാതിരിക്കുന്നിടത്തോളം കാലം യാതൊരു വിധ നേട്ടവും ഉണ്ടാവുകയില്ല” .ജാതി-ജൻ മിത്വത്തിനെതിരെ പോരാടി തൊഴിലാളികളുടെ അവകാശാധികാരങ്ങൾ’ നേടിയെടുത്തു കൊടുക്കുന്നതിൽ കമ്യൂണിസ്റ്റു പാർട്ടി അതിൻ്റെ ലക്ഷ്യം കൈവരിച്ചു

അമ്പതുകളിൽ വലിയ സംഘർഷാവസ്ഥകളിലൂടെയാണ് കമ്യൂണിസ്റ്റു പാർട്ടി കടന്നു പോയത് .എന്നാൽ എല്ലാത്തരം പ്രതിസന്ധങ്ങളെയും തരണം ചെയ്ത് ജനകീയ പ്രസ്ഥാനമായി ,ബാലറ്റിലൂടെ ആദ്യമായി അധികാരത്തിലെത്താൻ പാർട്ടിക്ക് കഴിഞ്ഞു .മുതലാളി – തൊഴിലാളി വർഗ്ഗ സംഘർഷത്തെ ദൃശ്യവത്ക്കരിച്ച നവലോകം ,അതിൻ്റെ എല്ലാത്തരം പരിമിതികൾക്കുള്ളിൽ നിൽക്കുമ്പോഴും ചരിത്ര പരമായ ഒരു ഇടപെടലാണ് നിർവ്വഹിച്ചതെന്നു വ്യക്തമാകും.മുതലാളി തൊഴിലാളി സംഘർഷത്തിൻ്റെ ആവേശോജ്ജ്വലമായ കാഴ്ചകൾ പിൽക്കാല മലയാള സിനിമകൾ ആധികാരികമായിത്തന്നെ ഏറ്റെടുക്കുന്നുണ്ട് . മുടിയനായ പുത്രൻ ,അങ്ങാടി ഉൾപ്പെടെ വ്യത്യസ്ത കാലങ്ങളിലെ അനവധി ചിത്രങ്ങളെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം

അനുബന്ധം

1) തൊഴിലാളികൾക്ക് അനുകൂലമായി അനവധി ഡയലോഗുകൾ ഉണ്ടായിരുന്നത് നവലോകത്തിനു വിനയായി മാറി. അത്തരം ഡയലോഗുകളിൽ പലതും സെൻസർ ബോർഡ് വെട്ടിമുറിച്ചു നീക്കി. .ഭരണകൂടത്തിനെതിരെയുള്ള ഏതൊരു ‘നീക്കത്തെയും സെൻസർ ബോർഡുകാർ വെട്ടിമുറിച്ചു മാറ്റുമായിരുന്നു .പി ൽക്കാലത്ത് ‘കബനീ നദി ചുവന്നപ്പോൾ ഉൾപ്പെടെയുള്ള അനവധി ചിത്രങ്ങൾ അതി വികൃതമെന്ന നിലയിൽ കണ്ടം തുണ്ടമായി വെട്ടിമുറിക്കപ്പെട്ടിരുന്നു.

2 ) നവലോകം വിപണിയിൽ സാമ്പത്തിക ലാഭങ്ങൾ നേടിയില്ലെങ്കിലും 1951 എന്ന വർഷം’ ചലച്ചിത്ര ചരിത്രത്തിൽ ഏറെ തിളക്കത്തോടു കൂടി നിൽക്കുന്നു .കാരണം നവലോകം പുരോഗമനപരമായ പ്രമേയം അവതരിപ്പിച്ചു എന്നതു കൊണ്ടു മാത്രമല്ല, മലയാള സിനിമ അതിൻ്റെ കമ്പോളാടിത്തറ ഉറപ്പിച്ച വർഷം കൂടിയാണ് 1951 .ജീവിത നൗകയെന്ന ചലച്ചിത്രം അത്ഭുതകരമായ നിലയിൽ കമ്പോള വിജയം നേടി ,ചലച്ചിത്ര നിർമ്മാണത്തിൻ്റെ സാമ്പത്തിക സാധ്യതകളെ ബോധ്യപ്പെടുത്തി. തിരുവനന്തപുരം നഗരത്തിൽ തന്നെ ഒരു വർഷത്തിലധികം തുടർച്ചയായി നവലോകം പ്രദർശിപ്പിച്ചുവെന്ന് ചലച്ചിത്ര നിരൂപകൻ വിജയ കൃഷ്ണൻ തൻ്റെ മലയാള സിനിമയുടെ കഥയെന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

3) മലയാളത്തിലെ ആദ്യത്തെ വന ചിത്രം പ്രദർശനത്തിനെത്തിയതും1951ലായിരുന്നു . ജി.വിശ്വനാഥൻ സംവിധാനം ചെയ്ത വനമാലയായിരുന്നു പ്രസ്തുത ചിത്രം.

ഡോ. രശ്മി, അനിൽകുമാർ

shortlink

Related Articles

Post Your Comments


Back to top button