കോയമ്പത്തൂര്‍: സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കോയമ്പത്തൂരിൽ ഓക്സിജന്‍ സെന്ററുകള്‍ ആരംഭിച്ചു. ഞായറാഴ്ച്ചയായിരുന്നു ഓക്സിജന്‍ സെന്ററുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. ആവശ്യക്കാര്‍ക്ക് സൗജന്യമായി സെന്ററില്‍ നിന്നും ഓക്സിജന്‍ ലഭ്യമാകുന്നതാണ്.
അത്യാസന്ന ഘട്ടത്തില്‍ ഓക്സിജന്‍ ആവശ്യമായി വരുന്നവര്‍ തമിഴ്നാട് ഹെല്പ്പ്ലൈന് നമ്പറായ 706999996ലേക്ക് വിളിക്കാവുന്നതാണ്. തുടര്‍ന്ന് റാപ്പിഡ് ഓക്സിജന്‍ സെന്ററിലെ ഉദ്യോഗസ്ഥര്‍ ഓക്സിജന്റെ ലഭ്യതയും രോഗിയുടെ ആരോഗ്യ നിലയും പരിശോധിച്ച ശേഷം ഓക്സിജന്‍ എത്തിക്കുന്നതായിരിക്കും എന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്. ഓക്സിജന്‍ വേണ്ടവര്‍ക്ക് സ്വാഗ് ഇആര്‍ടി സെന്ററില്‍ നിന്ന് ഓക്സിജന്‍ സിലിന്ററുകള്‍ കൊണ്ടു പോകാം. ആവശ്യം കഴിഞ്ഞാല്‍ കാലിയായ സിലിന്റര്‍ തിരിച്ച് ഏല്‍പ്പിക്കുകയും വേണം.
കൊവിഡ് രണ്ടാം തരംഗത്തിന്റെ ആരംഭം മുതല്‍ സമൂഹമാധ്യമത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവ സോനു സൂദ് നൽകി വരുന്നുണ്ട്. ആന്ധ്രയില്‍ ആദ്യ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് താരം അടുത്തിടെ ട്വിറ്ററില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു. അതിന് പുറമെ താത്കാലികമായി ജീവിക്കാനുള്ള സാമ്പത്തിക സഹായവും സോനു സൂദ് അവര്‍ക്കായി നല്‍കിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് സ്വന്തം കുടുംബത്തില്‍ നിന്ന് മാത്രമല്ല രാജ്യത്തെ പ്രമുഖ നേതാക്കളില്‍ നിന്നും പ്രശംസ ലഭിച്ചിരുന്നു.
Post Your Comments