കൊച്ചി: കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുതിയ മാനദണ്ഡങ്ങൾ, നിലവിലുള്ള സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയ അനിശ്ചിതാവസ്ഥ മുതലെടുത്ത് വന്ന സോഷ്യൽ മീഡിയ ആപ്പാണ് ക്ലബ്ബ്ഹൗസ്. ശബ്ദം കൊണ്ട് മാത്രം ആശയവിനിമയം നടത്തുന്ന ഈ സമൂഹമാധ്യമം വളരെ പെട്ടെന്നാണ് പ്രചാരം നേടിയത്. ക്ലബ്ബ്ഹൗസിൽ താരങ്ങളുടെ അപരന്മാരും പ്രത്യക്ഷപ്പെട്ടിരുന്നു അത്തരത്തിൽ പ്രത്യക്ഷപ്പെട്ട തന്റെ അപരനെതിരെ നടൻ പൃഥ്വിരാജ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
സൂരജ് എന്ന വ്യക്തിയായിരുന്നു പൃഥ്വിരാജിന്റെ പേരിൽ ക്ലബ്ബ്ഹൗസ് അക്കൗണ്ട് തുടങ്ങിയത്. പൃഥ്വി ഇതിനെതിരെ രംഗത്തെത്തിയതോടെ സൂരജ് വിശദീകരണം നൽകിയിരുന്നു. ആരെയെങ്കിലും മനഃപൂർവ്വം പറ്റിക്കാൻ വേണ്ടി ചെയ്തതതല്ലെന്നും രാജുവേട്ടന്റെ ശബ്ദം അനുകരിക്കുക മാത്രമാണ് ചെയ്തതെന്നും സൂരജ് വ്യക്തമാക്കുന്നു. രാജുവേട്ടന്റെ ഫാൻസ് ഗ്രൂപ്പിൽ അംഗമായിരുന്ന തന്നെ ഇപ്പോൾ ഫാൻസുകാർ തെറി വിളിക്കുകയാണെന്നും സൂരജ് പറയുന്നു. സൂരജിന്റെ വിശദീകരണത്തിനു പിന്നാലെ പൃഥ്വിരാജ് ഇതിനു മറുപടിയും നൽകുന്നുണ്ട്. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ മറുപടി.
Also Read:അതിലെ നായകനയോടും,അദ്ദേഹത്തിന്‍റെ താടിയോടും വല്ലാത്ത ക്രഷ് തോന്നി: തുറന്നു പറഞ്ഞു അനശ്വര രാജന്‍
‘പ്രിയ സൂരജ്. സാരമില്ല. ഇതെല്ലാം നിരുപദ്രവകരമായ ഒരു തമാശയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇതുപോലുള്ള ചിലതൊക്കെ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു ഘട്ടത്തിൽ, നിങ്ങളെ ഫോളോ ചെയ്യുന്ന 2500 ൽ അധികം ആളുകൾ ഇത് ഞാൻ തന്നെയാണെന്ന് കരുതിയിട്ടുണ്ട്. ഇതേക്കുറിച്ച് നിരവധി ആളുകളിൽ നിന്ന് എനിക്ക് ആവർത്തിച്ചുള്ള കോളുകളും സന്ദേശങ്ങളും വന്നിരുന്നു. അതോടെയാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസിലാക്കിയത്. നിങ്ങൾ ചെയ്തത് ഒരു തെറ്റാണെന്ന് നിങ്ങൾ സമ്മതിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. മിമിക്രി ഒരു അത്ഭുതകരമായ കലാരൂപമാണ്, മലയാള സിനിമയിലെ എക്കാലത്തെയും മഹാന്മാർ മിമിക്രി ലോകത്ത് നിന്ന് സിനിമാ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമെന്ന് എനിക്ക് ഉറപ്പുണ്ട്. വലുതായി സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, ഒരിക്കലും പഠനം നിർത്തരുത്. നിങ്ങൾക്ക് ഒരു മികച്ച കരിയർ മുന്നിലുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’- പൃഥ്വിരാജ് സൂരജിന് മറുപടിയായി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments