അന്തരിച്ച സംവിധായകന് സച്ചിയുടെ ഭാര്യ സിജി ആലപിച്ച ഗാനം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ഇരുവരുടെയും വിവാഹ വാർഷിക ദിനത്തിൽ യുവസംവിധായിക ആയിഷ സുൽത്താന ആണ് പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സച്ചി ബാക്കി വച്ചു പോയ കർമം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തുകയാണെന്ന് ആയിഷ പറയുന്നു. ‘നിന്നെ പുണരാൻ നിട്ടിയ കൈകളിൽ വേദനയോ വേദനയോ’ എന്ന ഗാനമാണ് സിജി ആലപിച്ചത്. പാട്ടില്‍ ഇരുവരുടെയും ചിത്രങ്ങളും നിറയുന്നുണ്ട്.
‘ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭൂമിയിൽ നിന്നും ആരും ഒരിക്കലും നമ്മെ വിട്ടു പോകില്ല. അവരുടെ ഓർമകളും അവർ ചെയ്ത കർമങ്ങളും ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ, അവർ പറയാൻ ബാക്കിവച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്. ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാകുമ്പോഴാണ് ആ ബാക്കിവച്ച കർമങ്ങൾ ഏറ്റെടുത്തു ചെയ്യാനുള്ള ശക്തി നമുക്ക് ഉണ്ടാകുന്നത്. സച്ചി സർ ബാക്കി വച്ചു പോയ കർമം സിജി ചേച്ചിയിലൂടെ നമ്മിലേയ്ക്ക് എത്തും, ഉറപ്പ്’, പാട്ടിന്റെ വീഡിയോ പങ്കുവച്ച് ആയിഷ സുൽത്താന കുറിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ‘അയ്യപ്പനും കോശിയും’ ആണ് സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം.
Post Your Comments