പരിസ്ഥിതി ദിനത്തിൽ ‘പച്ച’യുടെ ഓർമ്മകളുമായി സംവിധായകൻ ശ്രീവല്ലഭന്‍

ഈ കാലഘട്ടത്തിനു അനിവാര്യമായ ചിത്രമാണ് തന്റെ പച്ച എന്ന സിനിമ എന്ന് ശ്രീവല്ലഭന്‍ പറയുന്നു

പകരം, ശ്യാമം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീവല്ലഭന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ‘പച്ച’. ചിത്രത്തിൽ നെടുമുടി വേണുവും കെപിഎസി ലളിതയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ലോക പരിസ്ഥിതി ദിനത്തിൽ ശ്രീവല്ലഭന്‍ തന്റെ സിനിമയെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഈ കാലഘട്ടത്തിനു അനിവാര്യമായ ചിത്രമാണ് തന്റെ പച്ച എന്ന സിനിമ എന്ന് ശ്രീവല്ലഭന്‍ പറയുന്നു. പുതുമുഖങ്ങളെ വെച്ച് ചെയ്ത ചിത്രത്തിന്റെ ഭാഗമായ നെടുമുടി വേണുവിനും കെപിഎസി ലളിതയ്ക്കും നന്ദിയും ശ്രീവല്ലഭന്‍ അറിയിക്കുന്നു. കൂടാതെ തന്റെ ചിത്രത്തിൽ അതിഥികളായെത്തിയ ജി. സുരേഷ് കുമാറിനോടും നടി മേനകയോടും ശ്രീവല്ലഭന്‍ തന്റെ സ്നേഹം അറിയിച്ചു.

ശ്രീവല്ലഭന്റെ വാക്കുകൾ :

“ഇന്ന് ലോക പരിസ്ഥിതി ദിനം ”

എന്റെ മൂന്നാമത്തെ ചിത്രമായ “പച്ച” മരങ്ങളുടെ സംരക്ഷണം – ഈ കാലഘട്ടത്തിനു അനിവാര്യം ആണ് എന്ന്, ഒന്നുകൂടി ഉറപ്പിക്കുന്ന ചിത്രം ആണ്. ഈ ചിത്രത്തിൽ ഏറെയും പുതുമുഖങ്ങളായിരുന്നു. എന്നാൽ, ഇതിലെ പ്രധാന കഥാപാത്രമായ അപ്പു – മുത്തശ്ശൻ, മുത്തശ്ശി എന്ന് മനസ്സിൽ സങ്കൽപ്പിച്ചു രണ്ട് പടുകൂറ്റൻ മരങ്ങളോട്, തന്റെ സുഖവും ദുഖങ്ങളും പങ്കുവയ്ക്കുന്ന കുറച്ച് രംഗങ്ങൾ ഉണ്ട്. ഈ കഥ രൂപപെട്ടത് മുതൽ, മുത്തശ്ശനും മുത്തശ്ശിയും ആയി ഞാൻ മനസ്സിൽ സങ്കൽപ്പിച്ചത്- രണ്ട് പേരുടെ ശബ്ദം ആയിരിന്നു. നെടുമുടി വേണു സാറും , KPAC ലളിത ചേച്ചിയും. അവരുടെ സംഭാഷണശൈലി തന്നെയായിരിന്നു. എന്റെ മനസ്സിൽ ഒരു വലിയ വെല്ലുവിളി ആയിരിന്നു. ഇവരുടെ ശബ്ദം ഇല്ലെങ്കിൽ തീർച്ചയായിട്ടും, ഞാൻ എന്ത് മനസിൽ കണ്ടുവോ- അത്, ഒരു പക്ഷെ പ്രേക്ഷകരിൽ എത്തിക്കാൻ കഴിയുമായിരുന്നില്ല. ലളിത ചേച്ചിയുമായി ഞാൻ നേരിട്ട് സംസാരിച്ചു. ചേച്ചി ചെയ്യാം എന്ന് സമ്മതിക്കുകയും, എന്റെ ആദ്യചിത്രം മുതൽ ഉള്ള ബന്ധം, ഒരു പക്ഷെ അതിനു സഹായം ആവുകയും ചെയ്തു. പക്ഷെ, നെടുമുടി വേണു സാറുമായി എനിക്ക് മുൻ പരിചയം ഇല്ല. അതിനാൽ തന്നെ പ്രൊഡകഷൻ കൺട്രോളർ ഹരി, വേണു സാറുമായി ബന്ധപെട്ടു. ചില തിരക്കുകൾ കാരണം അദ്ദേഹം ഒഴിഞ്ഞു മാറി. എനിക്ക് അദ്ദേഹത്തിന്റെ ശബ്ദത്തിന് പകരം മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ അങ്കലാപ്പിൽ പെട്ടിരിക്കുമ്പോൾ, ഒരു ദിവസം ഹരി എന്നെ വിളിച്ചു പറഞ്ഞു – വേണു സാർ തൃശൂരിൽ ഒരു ഷൂട്ടിംഗിന് ഉണ്ടെന്നും, കാര്യങ്ങൾ എല്ലാം സംസാരിച്ചെന്നും, അദ്ദേഹത്തിന് കൊടുക്കേണ്ട ശമ്പളത്തെ കുറിച്ചും എന്നോട് വിശദീകരിച്ചു.

ഞാൻ അദ്ദേഹത്തിന്റെ വോയിസ്‌ എടുക്കുവാൻ ആയി, റിക്കോർഡിസ്റ്റ് ഉൾപ്പെടെ, മറ്റു സാങ്കേതിക പ്രവർത്തകരുമായി തൃശൂർ എത്തി, സാർ താമസിക്കുന്ന ഹോട്ടലിൽ ചെന്നു. അദ്ദേഹം മുറിയിലേക്ക് എന്നെ ക്ഷണിച്ചു. ഞാൻ കാര്യം വിശദീകരിച്ചു. അദ്ദേഹം റിക്കോർഡിങ് ചെയ്യാൻ സമ്മതിച്ചു. റിക്കോർഡിങ് എല്ലാം പൂർത്തി ആയി, ഞാൻ മനസ്സിൽ കണ്ടതിനും മുകളിലായി ആ ശബ്ദ സൗന്ദര്യം. ശരിക്കും മരങ്ങൾക്ക് ജീവൻ വച്ചത് പോലെ തോന്നിയ നിമിഷം. കൺട്രോളർ പറഞ്ഞത് പ്രകാരം, ഞാൻ കവറിൽ ഇട്ട് രൂപ കൊടുത്തു. ഇത് എന്താണ് എന്ന് സാറിന്റെ ചോദ്യം.. പറഞ്ഞ തുക ആണ് എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം വാങ്ങി അതിൽ നിന്നും രണ്ടായിരം രൂപ മാത്രം എടുത്തു, ബാക്കി എന്റെ കൈയിൽ തിരിച്ചു തന്നു. ഞാൻ പരിഭ്രമിച്ചു. പെട്ടന്ന് ആ ശബ്ദം.. എനിക്ക് ഇത് മതി. ഒരു നല്ല ചിത്രത്തിന്റെ ഭാഗമായതിൽ സന്തോഷം. ബാക്കി തുക കൊണ്ട്, നിങ്ങൾ ഇതിന്റെ പ്രേമോഷൻ നോക്ക്. എന്റെ കണ്ണുകൾ നിറഞ്ഞു. എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ പകച്ചു നിന്നു. ഒരു സന്ദേശത്തിന് ആയി, നമ്മുടെ പ്രകൃതിക്കും മരങ്ങൾക്കും വേണ്ടി, ഞാൻ ഇതെങ്കിലും ചെയ്യോണ്ടെടോ…. ആ വാക്കുകൾക്ക് ഒരായിരം നന്ദി.. ഇതുപോലെ ആയിരുന്നു- ലളിത ചേച്ചിയും. കൈയ്യിൽ ഉള്ള ഒരു ചെറിയ തുക കൊടുക്കുമ്പോൾ, സന്തോഷത്തോടെ എന്നെ അനുഗ്രഹിച്ച ചേച്ചിയോടും, ഒരായിരം നന്ദി….

ഇവരെ കൂടാതെ ഈ ചിത്രത്തിന്റെ ഭാഗം ആയ രണ്ട് പേർ. സുരേഷ് മാമൻ (ജി.സുരേഷ് കുമാർ ) പപ്പി ചേച്ചി (മേനക ). ഇതിൽ അതിഥി താരങ്ങൾ ആയി ഒരു പ്രതിഫലവുഠ വാങ്ങാതെ അനുഗ്രഹിക്കുകയും, പ്രകൃതിയുടേയും, മരങ്ങളുടേയും സംരക്ഷണത്തെ കുറിച്ച് ചിത്രത്തിൽ വിശദമാക്കുകയും ചെയ്ത അവരോടും, ഈ അവസരത്തിൽ ഞാൻ നന്ദി അറിയിക്കുന്നു.

ഇറ്റലിയിൽ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിന് ഉള്ള അവാർഡ് ഉൾപ്പെടെ, ഒട്ടനവധി അവാർഡുകൾ ഈ കൊച്ചു ചിത്രത്തിന് ലഭിക്കുക ഉണ്ടായി. Korea, Finland, US, UK തുടങ്ങിയ, പതിനഞ്ചോളം രാജ്യങ്ങളിലെ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു. കോവിഡ് എന്ന മഹാമാരിയുടെ താണ്ഡവത്തിൽ സിനിമ ലോകം പകച്ചു പോയപ്പോൾ, ഈ കൊച്ചു ചിത്രവും അതിൽ പെട്ടു. പ്രകൃതി സംരക്ഷണം മുഖ്യ വിഷയം ആയ “പച്ച” തീയേറ്റർ തുറക്കുന്ന മുറക്ക്, തീയറ്ററിലോ, അല്ലാത്ത പക്ഷം OTT പ്ലാറ്റ്ഫോമിലോ ഉടൻ വരുന്നതാണ്. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രഹവും ഈ ചിത്രത്തിന് ഉണ്ടാകണമെന്ന് പ്രാർത്ഥനയോടെ…….. ശ്രീവല്ലഭൻ.

 

Share
Leave a Comment