മോഹന്‍ലാല്‍ ആരാധകര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന സിനിമയെക്കുറിച്ച് എസ്.എന്‍ സ്വാമി!

ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു ഞാനും ഒരു പ്രധാനകാരണക്കരാനാണ്

നിരവധി വിജയ സിനിമകളെഴുതി കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ എസ്.എന്‍ സ്വാമി തനിക്ക് സംഭവിച്ച ഒരു പരാജയ സിനിമയുടെ ചുരുള്‍ നിവര്‍ത്തുകയാണ്. മോഹന്‍ലാല്‍ എന്ന നടന് വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള എസ്.എന്‍ സ്വാമി അതേ നടന് വേണ്ടി മറ്റൊരു സിനിമ എഴുതിയപ്പോള്‍ കൈ പൊള്ളിയ അനുഭവമാണ്‌ പങ്കുവയ്ക്കുന്നത്. 2013-ലെ മോഹന്‍ലാലിന്‍റെ ആദ്യ റിലീസായി പുറത്തിറങ്ങിയ ‘ലോക്പാല്‍’ എന്ന സിനിമയെക്കുറിച്ചാണ് എസ്.എന്‍ സ്വാമിയുടെ തുറന്നു പറച്ചില്‍. മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ കഴിയാതിരുന്ന സിനിമയുടെ പ്രധാന പോരായ്മ തന്റെ തിരക്കഥയായിരുന്നുവെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ എസ്.എന്‍ സ്വാമി പറയുന്നു.

“ജോഷി സംവിധാനം ചെയ്തു ഞാന്‍ രചന നിര്‍വഹിച്ച ‘ലോക്പാല്‍’ എന്ന സിനിമ ഇറങ്ങും മുന്‍പേ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു. പക്ഷേ മോഹന്‍ലാല്‍ ആരാധകരെ പോലും തൃപ്തിപ്പെടുത്താന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല. എന്റെ തിരക്കഥയുടെ പോരായ്മ തന്നെയാകാം അതിന്റെ കാരണം. ഒരു റൈറ്റര്‍ എന്ന നിലയില്‍ ആ സിനിമയുടെ പരാജയത്തിനു ഞാനും ഒരു പ്രധാനകാരണക്കരാനാണ്. ചില സിനിമകളുടെ വിധി അങ്ങനെയാണ്”. എസ്.എന്‍ സ്വാമി പറയുന്നു.

‘ഇരുപതാം നൂറ്റാണ്ട്’, ‘നാടുവാഴികള്‍’ തുടങ്ങിയ നിരവധി സിനിമകള്‍ മോഹന്‍ലാലിനെ നായകനാക്കി ബോക്സ് ഓഫീസ് ഹിറ്റ് സൃഷ്ടിച്ച തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി.

Share
Leave a Comment