കൊച്ചി : മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹ നടനായുമെല്ലാം ഷൈന്‍ ഇതിനോടകം തന്നെ കൈയ്യടി നേടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അധ്വാനമാണ് ഇന്നത്തെ നിലയിലേക്ക് ഷൈന്‍ ടോം ചാക്കോയെ എത്തിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ഗദ്ദാമയിലൂടെയായിരുന്നു ഷൈന്‍ ടോം ചാക്കോ എന്ന നടനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. എന്നാല്‍ ഷൈന്‍ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്ക് മുൻപിലെത്തുന്നത് മറ്റൊരു ചിത്രത്തിലൂടെയാണ്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഷൈൻ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷൈൻ ‘നമ്മള്’ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഈ ചിത്രത്തിൽ ബസ്റ്റാന്‍ഡില്‍ ചായ വില്‍ക്കുന്ന സിദ്ധാര്‍ത്ഥിനെ നടി സുഹാസിനി വന്ന് കെട്ടിപ്പിടിക്കുന്ന ഒരു രംഗം ഉണ്ട്. ഈ രംഗത്തില്‍ ബസില്‍ ഇരിക്കുന്നവരുടെ കൂട്ടത്തിൽ താനുമുണ്ടായിരുന്നുവെന്ന് ഷൈൻ പറയുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകൾ :
”നമ്മൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യുന്ന സമയത്ത് അതിൽ സിദ്ധാർത്ഥ് ഭരതൻ അവതരിപ്പിക്കുന്ന കഥാപാത്രം ചായ വിൽക്കുന്ന ഒരു സീനുണ്ട്. ബസ് സ്റ്റാൻഡിൽ ചായവിറ്റുകൊണ്ടു നിൽക്കുമ്പോൾ സുഹാസിനി മാം അവിടെ വന്നു സിദ്ധുവിനെ ഹഗ് ചെയ്യുന്നതാണ് രംഗം. ഈ സീനിൽ സിദ്ധു ചായ വിൽക്കുന്ന സമയത്ത് ബസിലിരുന്ന് അത് വാങ്ങുന്നയാളുടെ പിറകിലെ സീറ്റിൽ ഞാനും ഇരിപ്പുണ്ടായിരുന്നു ”- ഷൈന്‍ പറഞ്ഞു.
തമി, റോയ്, കുറുപ്പ്, വെള്ളേപ്പം, ബിബ്ലിയോ, ജിന്ന്, അടി തുടങ്ങി നിരവധി സിനിമകളാണ് ഷൈൻ ടോം ചാക്കോയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഷൈനിന്റെ ആദ്യ അന്യഭാഷ സിനിമയും ഇറങ്ങാനുണ്ട്. വിജയ് നായകനാകുന്ന നെൽസൺ ദിലീപ് കുമാർ സിനിമയായ ദളപതി 65-ലും താരം അഭിനയിക്കുന്നുണ്ട്.
Post Your Comments