മോഹന്‍ലാലിന്‍റെ സിനിമ ഒരു ഓണനാളില്‍ തറ ടിക്കറ്റില്‍ ഇരുന്നു കാണേണ്ടി വന്ന തനിക്ക് പിന്നീട് അതേ നായകന്റെ തന്നെ നായികായി അഭിനയിക്കാന്‍ അവസരം ലഭിച്ച അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി പാര്‍വതി. സിനിമയിലെത്തുന്നതിനു മുന്‍പേ മോഹന്‍ലാലിന്‍റെ ‘ശ്രീകൃഷ്ണ പരുന്ത്’ എന്ന ചിത്രം തറ ടിക്കറ്റില്‍ ഇരുന്ന കണ്ട അനുഭവത്തെക്കുറിച്ചും ‘അമൃതം ഗമയ’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ ഹീറോയിനായി അഭിനയിച്ച നിമിഷത്തെക്കുറിച്ചും ഒരു അഭിമുഖത്തില്‍ പാര്‍വതി പറയുന്നു.
പാര്‍വതിയുടെ വാക്കുകള്‍
“ഓണത്തിന് ഞങ്ങള്‍ ഫാമിലിയായി സിനിമയ്ക്ക് പോകുന്ന ഒരു പതിവ് ഉണ്ടായിരുന്നു. ഞാന്‍ നടിയാകുന്നതിനു മുന്‍പേയുള്ള ടൈം ആയിരുന്നു അത്. ഒരിക്കല്‍ കാണാന്‍ പോയത് ലാലേട്ടന്റെ ‘ശ്രീകൃഷ്ണ പരുന്ത്’ എന്ന ചിത്രമാണ്. തിയേറ്ററില്‍ ചെല്ലുമ്പോള്‍ ടിക്കറ്റ് കിട്ടാനില്ല. സീറ്റെല്ലാം ഫുള്‍ ആയി. പിന്നെയുള്ളത് തറ ടിക്കറ്റ് ആണ്. ഞങ്ങള്‍ തറയില്‍ ഇരുന്നു ലാലേട്ടന്റെ സിനിമ ആസ്വദിച്ചു. പിടലി നോവുന്ന രീതിയില്‍ തലയൊക്കെ ഉയര്‍ത്തിപ്പിടിച്ചാണ് സ്ക്രീനിനു മുന്നില്‍ ഇരുന്നത്. അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് മറ്റൊരു മഹാ ഭാഗ്യമാണ്. ‘അമൃതം ഗമയ’ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു. ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. സിനിമയില്‍ ഒരു വേഷം ഉണ്ടെന്നു ഹരന്‍ സാര്‍ അറിയിച്ചു, ചിലപ്പോള്‍ നീ ആയിരിക്കും അത് ചെയ്യുന്നതെന്ന് പറഞ്ഞു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരന്‍ സാര്‍ കണ്ടെത്തി എന്നാണ്. എനിക്ക് അത് വല്ലാത്ത വിഷമമായി. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി ശരിയാകാതെ വരികയും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചു”. പാര്‍വതി പറയുന്നു.
Post Your Comments