തിരുവനന്തപുരം: കർണാടകയുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ കെ.എസ്.ആർ.ടി.സിയ്ക്ക് തുണയായത് അനശ്വര നടൻ പ്രേംനസീറിന്റെ ചിത്രം ‘കണ്ണൂർ ഡീലക്സ്’. കെ.എസ്.ആർ.ടി.സി എന്ന പേര് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാണിച്ച് നടത്തിയ നിയമ യുദ്ധത്തിൽ ഒടുവിൽ വിജയിച്ചത് നമ്മുടെ കോർപറേഷൻ. ഇതിന് സഹായിച്ചതോ 1969 മേയ് 16ന് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം കണ്ണൂർ ഡീലക്‌സും. സിനിമയുടെ കൂടുതൽ ഭാഗവും ചിത്രീകരിച്ചത് അന്നത്തെ ട്രാൻസ്പോർട്ട് ബസിലായിരുന്നു. 1967ൽ ആരംഭിച്ച കണ്ണൂർ ഡീലക്സ് സർവീസ് ഇന്നുമുണ്ട്.
1965 ഏപ്രിൽ ഒന്നിനാണ് കേരള റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ രൂപീകരിക്കുന്നത്. 1973 നവംബർ ഒന്നിന് കർണാടക കോർപറേഷനും. അതിനു മുമ്പ് പേര് മൈസൂർ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ എന്നായിരുന്നു. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. പേര് ലഭിക്കണമെങ്കിൽ കോർപറേഷൻ രൂപീകരിച്ചാൽ മാത്രം പോരാ, അന്നു മുതൽ പ്രവർത്തനത്തിലാണെന്ന് തെളിയിക്കുകയും വേണം എന്ന സ്ഥിതിയിലായതോടെ കോടതിയിൽ സിനിമയുടെ പോസ്റ്ററും തെളിവായി കാണിക്കുകയായിരുന്നു. അന്ന് ബസിന്റെ മുൻവശത്ത് കെ.എസ്.ആർ.ടി.സി എന്ന് എഴുതുന്ന പതിവില്ലായിരുന്നെങ്കിലും കോർപറേഷന്റെ എബ്ലം പതിപ്പിക്കുമായിരുന്നു.
എ.ബി.രാജ് സംവിധാനം ചെയ്ത കുറ്റാന്വേഷണ സിനിമയുടെ തിരക്കഥ എസ്.എൽ.പുരം സദാനന്ദന്റേതായിരുന്നു. സിനിമ മാത്രമല്ല, സാഹിത്യവും കേരളം തെളിവായി നിരത്തി. ആർ.ബാലകൃഷ്ണപിള്ള, ലോലപ്പൻ നമ്പാടൻ എന്നിവരുടെ ആത്മകഥകൾ, മറ്റ് ലേഖനങ്ങൾ തുടങ്ങി നിരവധി തെളിവുകൾ നൽകുകയും ചെയ്തു.
ഇതോടെ കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും കേരളത്തിന് സ്വന്തമായി മാറി. കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആർ ടി സി (K S R T C) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
Post Your Comments