GeneralLatest NewsMollywoodNEWSSocial Media

സൈക്കിൾ റാലി പോലൊരു കാലം : ഓർമ്മകളുമായി വേണുഗോപാൽ

ലോക സൈക്കിൾ ദിനത്തോട്​ അനുബന്ധിച്ച് വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ് ജി വേണുഗോപാല്‍. അദ്ദേഹത്തിന്‌റെ പാട്ടുകളെല്ലാം ഇന്നും സംഗീതാസ്വാദകരുടെ മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നു. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കും അടക്കം നിരവധി സിനിമകളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. ഇപ്പോഴിതാ ലോക സൈക്കിൾ ദിനത്തോട്​ അനുബന്ധിച്ച് വേണുഗോപാല്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ചേട്ടന്റെ സൈക്കിളിലായിരുന്നു ആദ്യം തന്റെ അരങ്ങേറ്റം എന്ന് വേണു ഓർക്കുന്നു. സൈക്കിൾ ചവിട്ടാൻ പഠിച്ചതോടെ റോഡിലേക്കും വിമൻസ് കോളേജ് നടയിലേക്കും വെച്ച് പിടിക്കാൻ തുടങ്ങി. പരിചയമുള്ള സുന്ദരിമാരെ കാണുമ്പോൾ ഹാൻഡിലിൽ നിന്നും ഒരു കയ്യുയർത്തി കാറ്റത്തു പറക്കുന്ന മുടി നെറ്റിയിൽ നിന്നും മാടിയൊതുക്കുന്ന സ്റ്റൈൽ വരെയെത്തുമ്പോൾ ഒരു യഥാർത്ഥ സൈക്കിൾ ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ തലമുറ എന്നും വേണു കുറിക്കുന്നു.

വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് :

സൈക്കിൾ റാലി പോലൊരു കാലം

ഓർമ്മകൾ ഒരിരുചക്രവാഹനത്തിലേറി നാൽപ്പത്തിഅഞ്ചോളം വർഷങ്ങൾ പിന്നിലേക്ക്!!
പ്രാഥമികകൃത്യങ്ങളൊഴിച്ച് മറ്റെല്ലാം സൈക്കിളിൽ നടത്തിയിരുന്നൊരു കാലം. The cycling young men എന്ന്, ഞങ്ങളുടെ കൗമാരത്തെ, ആ തലമുറയെ വേണമെങ്കിൽ വിളിക്കാം. സൈക്കിളുമായി അത്രയ്ക്ക് ആത്മബന്ധമുള്ളവരായിരുന്നു ഞങ്ങൾ.
വീടിന്റെ കാർ ഷെഡ്‌ഡിൽ സ്റ്റാൻഡിട്ടു വച്ച ചേട്ടന്റെ സൈക്കിളിൽ യഥേഷ്ടം കയറിയിരുന്നു ചവിട്ടലായിരുന്നു ആദ്യപടി. അടുത്തത് മുറ്റത്ത് ഒരു കാലും ഒരുകാൽ പെഡലിലുമായി നിലത്തു കുത്തികുതിക്കുകയെന്ന നേരംപോക്ക്. ബാലൻസ് കിട്ടി കിട്ടീല്ല എന്ന അനിശ്ചിതാവസ്ഥയിൽ, കൊന്നിക്കൊന്നി ഒരുകാൽ പെഡലിലും, മറ്റേക്കാൽ സീറ്റിനു മുകളിലൂടെ ചുഴറ്റി മറുവശത്തെ പെഡലിലും ഉറപ്പിക്കുമ്പോൾ മനസ്സിൽ ഒരു ജേതാവിന്റെ പെരുമ്പറക്കൊട്ടലാണ്.

പയ്യെപ്പയ്യെ, റോഡിലേക്കും വിമൻസ് കോളേജ് നടയിലേക്കും…. പരിചയമുള്ള സുന്ദരിമാരെ കാണുമ്പോൾ ഹാൻഡിലിൽ നിന്നും ഒരു കയ്യുയർത്തി കാറ്റത്തു പറക്കുന്ന മുടി നെറ്റിയിൽ നിന്നും മാടിയൊതുക്കുന്ന സ്റ്റൈൽവരെയെത്തുമ്പോൾ ഒരു യഥാർത്ഥ സൈക്കിൾ ഹീറോ ആയി മാറിക്കഴിഞ്ഞിരുന്നു ഞങ്ങളുടെ തലമുറ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഏറ്റവും മുന്തിയ ഇനം സൈക്കിൾ സ്വന്തമാക്കിയവരായിരുന്നു ഗോപനും വിനോദും.. രണ്ടു ബാക്ക് വ്യൂ കണ്ണാടികളും തോരണങ്ങളുമൊക്കെ വച്ച അവരുടെ സൈക്കിളുകൾ, ഞങ്ങളിൽ പലരുടെയും രാത്രികളെ നിദ്രാവിഹീനമാക്കിയിരുന്നു. SSLC യ്ക്ക് ഫസ്റ്റ് ക്ലാസ് വാങ്ങിയാൽ ഒരു സൈക്കിൾ എന്ന വാഗ്ദാനം അച്ഛൻ നിറവേറ്റി. അങ്ങനെ എനിക്ക് കിട്ടിയ സുന്ദരിയായിരുന്നു, Humber Raliegh. ആദ്യരാത്രി ആ സുന്ദരിയെ സ്റ്റാൻഡിലിട്ട് ജനാലയ്ക്കു പുറത്ത് കയ്യെത്തും ദൂരത്തു നിർത്തി ഇടയ്കിടയ്ക്കുണർന്ന് അവളെ നിർനിമേഷനായി നോക്കിനിൽക്കുന്ന ഓർമ്മ!!

പ്രീഡിഗ്രി ദിനങ്ങളിൽ കോളേജിൽ സൈക്കിളിന്റെ ഒരു പെരുമഴപ്പെയ്ത്തായിരുന്നു. ചിലർ, വാശികളും വൈരാഗ്യങ്ങളുമൊക്കെ സൈക്കിളിൽ തീർത്തിരുന്ന കാലവുമായിരുന്നു അത്. “നിന്റെ BSA യെ ഞങ്ങളെടുത്തോളാമെടാ എന്നുള്ള ഭീഷണിയും, കാറ്റൂരിവിട്ട സൈക്കിൾ ഉരുട്ടിപ്പോകുന്നവനെ നോക്കി ഊറിച്ചിരിക്കുന്ന സംഘങ്ങളേയും ഒക്കെ ഓർമ്മവരുന്നു. അന്ന്, ഓരോ ജങ്ഷനിലും ഒന്നിലധികം സൈക്കിൾ റിപ്പയറിങ് ഷോപ്പുകൾ സുലഭം.
ഞങ്ങളുടെ വഴുതക്കാട്കവലയിലെ സൈക്കിൾ റിപ്പയറിങ് മന്നൻ ആയിരുന്നു അയ്യപ്പണ്ണൻ. ഖര പദാർത്ഥങ്ങൾ കഴിക്കുന്ന അയ്യപ്പണ്ണനെ ആരും കണ്ടിട്ടില്ല. കട്ടൻ ചായയിൽ ജീവിതം തള്ളി നീക്കിയിരുന്ന ആ യോഗി വര്യൻ ഷോപ്പിന് മുന്നിലൂടെ പോയിരുന്ന തരുണീമണികളുടെ മനസ്സും പ്രണയവും ദിവ്യദൃഷ്ടിയിൽ കണ്ടറിഞ്ഞു ഞങ്ങളെയും അറിയിച്ചിരുന്നു. സുമയോട് സുധിക്കിഷ്ടം, അവക്ക് അവന്റണ്ണൻ ഹരിയോട് താത്പര്യം. തുടങ്ങിയ വിജ്ഞാന മുത്തുകൾ വാരി വിതറി അയ്യപ്പണ്ണൻ കുടുംബ കലഹത്തിന് വരെ വഴിമരുന്നിട്ടിരുന്നു. “കനകം മൂലം കാമിനി മൂലം കലഹം പലതും” സൈക്കിൾ ഗ്രൂപ്പുകളിലും സാധാരണമായിരുന്നു. തിങ്കളാഴ്ച ട്യൂഷൻ ക്ലാസ്സിൽ ജയനെ നോക്കി ചിരിച്ചിരുന്ന ലേഖ ചൊവ്വാഴ്ച ഗോപനോട് സംസാരിച്ചാൽ അന്ന് രണ്ടു സൈകിളുകൾ കൂട്ടിമുട്ടിയിട്ടുണ്ടായിരിക്കും. അതിന്റെ ഗുണഭോക്താവ് അയ്യപ്പണ്ണനും

സൈക്കിളിൽ ഇരുന്ന് മാത്രം പ്രണയിച്ചിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. മാത്യു. കാമുകിക്ക് അവനെക്കാൾ പൊക്കമുണ്ടായിരുന്നു എന്നതായിരുന്നു പ്രശ്നം. സൈക്കിളിൽ ഇരുന്ന് ഒരു കാൽ തറയിൽ കുത്തി ലേഡീസ് വെയ്റ്റിംഗ് റൂമിന് മുന്നിൽ നിൽക്കുന്ന ശൈലയോട് സംസാരിച്ച് മൂന്ന് വർഷം തള്ളിനീക്കിയ മാത്യുവിന്റെ പൊക്കമില്ലാത്ത പ്രണയത്തേ ഞങ്ങൾ വാനോളം പ്രശംസിച്ചിരുന്നു.

തിരുവനന്തപുരത്ത് രഥമുരുണ്ട രാജവീഥികളിലൂടെ ഇരുചക്രത്തിൽ സഞ്ചരിച്ചിരുന്ന ഞങ്ങളിൽ പലരും സ്വന്തം മനസ്സിൽ രാജകുമാരന്മാർ തന്നെ ആയിരുന്നു. കവടിയാർ രാജപാതയിൽ, തിരുവനന്തപുരം സിറ്റിയിൽ, ഏറ്റവും പതുക്കെ പോകുന്ന, ശംഖുമുദ്ര പതിപ്പിച്ച ബെൻസിന്റെ പിൻസീറ്റിൽ സുസ്മേരവദനനായി എല്ലാവരെയും തൊഴുതിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ രാജാവിന്റെ കാറിന് പിറകിൽ വാതു വെച്ച് ഞങ്ങളുടെ സംഘം സൈക്കിൾ ചവിട്ടിയത് അന്നത്തെ ചെറുപ്പത്തിന്റ തിളപ്പിലായിരുന്നു.
സൈക്കിൾ കഥകളിൽ ഏറ്റവും മുന്നിൽ നില്കുന്നത് ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്ന കാലത്ത് കൈതപ്രത്തിന്റെ, ഓർമ്മയിലുള്ള സൈക്കിളാണ്. തേഞ്ഞു പോയ ജോയിന്റുകളും, പല്ല് പോയ ചെയിനുമൊക്കെയുള്ള സൈക്കിളിൽ ഭാര്യയെയും ലോഡിരുത്തി സെക്കന്റ് ഷോയ്ക്ക്‌ പോയിരുന്ന കൈതപ്രം തിരുമേനി. തിരിച്ച്, ആയുർവേദ കോളേജ് കയറ്റത്തിൽ സൈക്കിൾ ഉരുട്ടുമ്പോൾ ഉണ്ടാകുന്ന ആസഹ്യമായ ശബ്ദം കേട്ട് ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കും. ഹോ! ഇതാരെങ്കിലും ഒന്ന് കട്ടോണ്ട് പോയിരുന്നെങ്കിൽ എന്ന് ഭാര്യ. അന്ന് രാത്രി ഒരുറക്കത്തിനു ശേഷം മുറ്റത്ത് നോക്കുമ്പോൾ സൈക്കിൾ കാണാനില്ല. വല്ലവിധേനയും പോയിക്കിട്ടി എന്നാശ്വസിച്ചു. തിരുമേനി രാവിലെ നിർമ്മാല്യപൂജയ്ക് പോകാനായി വാതിൽ തുറന്നപ്പോൾ പഴയ സൈക്കിൾ കൊണ്ട് പോയത് പോലെ തിരിച്ചവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ലോക സൈക്കിൾ ദിനത്തിൽ ഓർമ്മയുടെ മേച്ചിൽപ്പുറങ്ങളിലാകെ സൈക്കിൾ ബെല്ലടികൾ. കൗമാര യൗവ്വന കുതൂഹലങ്ങളോരോന്നായി ആ ബെല്ലുകൾ തൊട്ടുണർത്തി മനസ്സിന് മുന്നിലേക്ക് ആവാഹിച്ച് വരുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button