ഡൽഹി : രാജ്യത്ത് 5 ജി വയര്‍ലെസ് നെറ്റ്വര്‍ക്ക് നടപ്പിലാക്കുന്നതിനെതിരെ നടി ജൂഹി ചൗള നല്കിയ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. അനാവശ്യ ഹര്‍ജിയെന്ന് അഭിപ്രായപ്പെട്ട കോടതി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴയും വിധിച്ചു. നടിയുടെ പരാതി പബ്ലിസിറ്റി നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഓണ്‍ലൈനായി കേസ് പരിഗണിച്ചതിന്റെ ലിങ്ക് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ജൂഹി ചൗള പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമര്‍ശനം.
5 ജി വയർലെസ് നെറ്റ്വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള പരാതി നൽകിയത്. 5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ അനാവശ്യവും ബാലിശവുമായ വാദഗതികളാണ് പരാതിക്കാരി ഹര്‍ജിയില്‍ ഉന്നയിച്ചതെന്നും അവര്‍ക്ക് വിഷയത്തില്‍ യാതൊരു ധാരണയുമില്ലെന്നും കോടതി പരാമര്‍ശിച്ചു.
Post Your Comments