CinemaGeneralLatest NewsMollywoodNEWS

കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സഹായവുമായി ഫെഫ്‍ക

കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ സംഘടന നൽകും

കൊച്ചി: കൊവിഡ് രോഗബാധിതരായ ചലച്ചിത്ര പ്രവർത്തകർക്ക് സാമ്പത്തിക സഹായവുമായി ഫെഫ്‍ക. ഈ വര്‍ഷം ജനുവരി മുതൽ കൊവിഡിന്‍റെ രണ്ടാം തരംഗം ബാധിച്ച ഫെഫ്‍ക അംഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതിക്ക് തുടക്കമിടുന്നത് എന്ന് ഫെഫ്‍ക ജനറൽ സെക്രട്ടറി ബി ഉണികൃഷ്ണൻ കൊച്ചിയിൽ അറിയിച്ചു.

പ്രസ്‍തുത കാലയളവ് മുതൽ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ അഡ്‍മിറ്റ് ആയവര്‍ക്ക് 5000 രൂപയാണ് ഫെഫ്‍ക നൽകുക. ഇതിനു പുറമെ പൾസ് ഓക്സിമീറ്റർ, തെർമ്മോമീറ്റർ, വിറ്റാമിൻ ഗുളികകൾ, അനുബന്ധ മരുന്നുകൾ, ഗ്ലൗസുകൾ, മാസ്കുകൾ എന്നിവയടങ്ങിയ കൊവിഡ് കിറ്റും നൽകും. ആവശ്യമുള്ളവർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റും എത്തിക്കും.

കോവിഡ് ബാധിച്ചു മരിച്ച അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ സംഘടന നൽകും. ഈ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന, ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന ഭാര്യ/ ഭർത്താവ്/ മകൻ/ മകള്‍ / സഹോദരൻ/ സഹോദരി എന്നിവരിൽ ഒരാൾക്ക് കുടുംബം ആവശ്യപ്പെടുന്ന പ്രകാരം യൂണിയൻ നിയമങ്ങൾക്ക് വിധേയമായി യൂണിയൻ കാർഡ് തികച്ചും സൗജന്യമായി നൽകും. ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കാത്ത ഭാര്യയോ മകളോ ആണ് കുടുംബത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെങ്കിൽ അവർക്ക് ജോലി ആവശ്യമാണെങ്കിൽ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഫെഫ്ക ഫെഡറേഷനിലോ മറ്റ് 19 യൂണിയൻ ഓഫീസുകളിലോ ഫെഡറേഷൻ കണ്ടെത്തുന്ന സ്ഥാപനത്തിലോ ജോലി ലഭ്യമാക്കുമെന്നും സംഘടന അറിയിച്ചു.

കൂടാതെ കുട്ടികളെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന അംഗങ്ങൾക്ക് മക്കളുടെ പഠന സാമഗ്രികൾ വാങ്ങാൻ ആയിരം രൂപ നൽകും. എന്നാൽ നിലവിൽ യൂണിയനുകൾ നൽകി വരുന്ന ഏതെങ്കിലും പഠന സഹായ പദ്ധതിയിൽ അംഗമായവർക്ക് ഈ സഹായം ലഭിക്കില്ല.

shortlink

Related Articles

Post Your Comments


Back to top button