ചെന്നൈ : മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്ജ്. മലയാളത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനം നടത്തിയ ജോജു ധനുഷ് നായകനാകുന്ന ‘ജഗമേ തന്തിരം’ എന്ന ചിത്രത്തിലൂടെ തമിഴകത്തും ചുവടുവെക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത് വിട്ടത്.
ചിത്രത്തിൽ വളരെ ശക്തമായ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ ചിത്രത്തിൽ ജോജുവിൻ്റെ പ്രകടനം ശ്രദ്ധേയമാകുമെന്നും ജോജുവിനെ തമിഴകം ഏറ്റെടുക്കുമെന്നുമൊക്കെയുള്ള തരത്തിൽ സൈബറിടത്തിൽ ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ തന്റെ സിനിമയിലേക്ക് ജോജുവിനെ ക്ഷണിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
ജോജു ചെയ്യുന്ന കഥാപാത്രത്തിനു വേണ്ടി നിരവധിപേരെ ആലോചിച്ചിരുന്നതായും എസ്.ജെ. സൂര്യ പോലുള്ള താരങ്ങളെ പരിഗണിച്ചിരുന്നുവെന്നും കാർത്തിക് പറയുന്നു. എന്നാൽ ജോസഫിലെ ജോജുവിന്റെ പ്രകടനം കണ്ടപ്പോൾ തന്റെ സിനിമയിലെ കഥാപാത്രം ജോജു ചെയ്താൽ നന്നാകുമെന്ന് തോന്നിയെന്നും കാർത്തിക് പറയുന്നു.
കാർത്തിക് സുബ്ബരാജിന്റെ വാക്കുകൾ :
‘’ലണ്ടനിൽ തുടർച്ചയായി മൂന്നുമാസം ഷൂട്ട് ഉണ്ടായിരുന്നു. വേറെ സിനിമയൊന്നും ഇതിനിടയിൽ ചെയ്യാനുമാകില്ല. അങ്ങനെയാണ് ജോജുവില് എത്തുന്നത്. ജോസഫിൽ ജോജു കുറച്ച് പ്രായമുള്ള കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അത് കണ്ടപ്പോൾ തന്നെ ആ കഥാപാത്രം ജോജു ചെയ്താൽ നന്നാകുമെന്ന് ഉറപ്പിച്ചു. അങ്ങനെ ചെറിയൊരു ഓഡിഷനുവേണ്ടി എന്റെ ഓഫിസിൽ അദ്ദേഹം വന്നു.
അതിഗംഭീര പെർഫോമർ ആണ് അദ്ദേഹം. ഇപ്പോൾ ജോജുവിനെ കുറേപേർ കൂടി അറിഞ്ഞു തുടങ്ങി. നായാട്ട് സിനിമയിലൊക്കെ മികച്ച പ്രകടനമാണ് അദ്ദേഹത്തിന്റേത്. മാത്രമല്ല ജീവിതത്തിൽ ഒരുപാട് വർഷങ്ങൾ ഇതിനായി കഷ്ടപ്പെട്ട് ഇവിടെ വരെ എത്തിയ ആളാണ് ജോജു. അദ്ദേഹത്തിന്റെ പുറകിലും വലിയൊരു കഥയുണ്ട്. ജൂനിയർ ആർട്ടിസ്റ്റ് ആയി തുടങ്ങി നായകനായ ആളാണ്. ഡെഡിക്കേഷൻ അപാരമാണ്. പെർഫോമൻസും അതുപോലെ തന്നെ. ഭയങ്കര കൂൾ ആണ്. ജോജുവിനൊപ്പം വർക്ക് ചെയ്യുന്നത് വളരെ സന്തോഷം നൽകുന്ന കാര്യമാണ്”–കാർത്തിക് സുബ്ബരാജ് പറഞ്ഞു.
Post Your Comments