മലയാളി പ്രേഷകരുടെ പ്രിയ താരങ്ങളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ്ജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിൽ ധനുഷാണ് നായകനായെത്തുന്നത്. ജോജുവിന്റെ ആദ്യ തമിഴ് ചിത്രം എന്ന നിലയ്ക്ക് തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ജഗമേ തന്തിരം. ഇപ്പോഴിതാ ചിത്രത്തിൽ മറ്റൊരു മലയാളി താരം കൂടി ഉണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.
തൃപ്പൂണിത്തുറ സ്വദേശിയായ അനൂപ് ശശിധരനാണ് ചിത്രത്തിൽ മറ്റൊരു കഥാപാത്രതെ അവതരിപ്പിക്കുന്നത്. സംഗീത സംവിധായകനായാണ് അനൂപ് സിനിമാ രംഗത്തേക്ക് എത്തിയത്. ജിഗര്‍ താണ്ട മുതല്‍ കാര്‍ത്തിക് സുബ്ബരാജുമായി നല്ല സൗഹൃദയത്തിലുള്ള അനൂപ് ഓഡിഷന്‍ വഴി തന്നെയാണ് ജഗമേ തന്തിരത്തിന്റെ ഭാഗമാകുന്നത്. ലണ്ടനില്‍ ചിത്രീകരിച്ച സിനിമയിലെ തന്റെ ആദ്യ ഷോട്ട് തന്നെ ധനുഷിനൊപ്പമായിരുന്നു. ധനുഷിനൊപ്പം അനൂപ് അഭിനയിച്ച ജഗമേ തന്തിരത്തിലെ പുറത്തിറങ്ങിയ ‘ബുജി ബുജി’ ഗാനരംഗത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശക്തിവേല്‍ പെരുമാള്‍ സ്വാമി ഒരുക്കുന്ന മലയാളചിത്രം വികൃതിയുടെ തമിഴ് പതിപ്പിലാണ് ഇനി അനൂപ് അഭിനയിക്കുന്നത്.
രജനികാന്ത് ചിത്രം പേട്ടയ്ക്കു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. സിനിമയുടെ പ്രധാന ലൊക്കേഷൻ ലണ്ടനാണ്. ഗാങ്സ്റ്റർ ത്രില്ലറായ ചിത്രത്തിൽ ഹോളിവുഡ് താരം ജയിംസ് കോസ്മോയും അഭിനയിക്കുന്നു.
ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണം. എഡിറ്റിങ് വിവേക് ഹർഷൻ. സംഗീതം സന്തോഷ് നാരായണൻ. വൈ നോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം. ചിത്രം ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും.
Post Your Comments