45 വർഷത്തെ സിനിമാചരിത്രം പേറിയിരുന്ന ആയുർവേദ കോളേജ് റോഡിലെ ധന്യ-രമ്യ തിയേറ്റർ ഓർമയായി. ആദ്യ ഘട്ടത്തിലെ ലോക്ക് ഡൗണിനു ശേഷമാണ് തിയേറ്റർ പൊളിച്ചു തുടങ്ങിയത്. ഇനി മണിക്കൂറുകളുടെ ആയുസുമായി ഒരു തൂണ് മാത്രമാണ് ശേഷിക്കുന്നത്. തിയേറ്റർ നിന്ന സ്ഥാനത്ത് ഷോപ്പിംഗ് കോപ്ലക്സ് നിർമ്മിക്കുമെന്നാണ് വിവരം.
1977-ലാണ് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ഇരു തിയേറ്ററുകളുടെ സമുച്ചയം പ്രവർത്തനമാരംഭിച്ചത്. കസ്തൂരി, ശ്രീകാന്ത് എന്നായിരുന്നു ആദ്യം തിയേറ്ററുകൾക്ക് നൽകിയ പേരുകൾ. ശശികുമാർ സംവിധാനം ചെയ്ത് പ്രേംനസീറും തിക്കുറിശ്ശി സുകുമാരൻ നായരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ‘സഖാക്കളെ മുന്നോട്ട്’, ഹോളിവുഡ് യുദ്ധ സിനിമയായ ‘സ്പാർട്ടക്കസ്’ എന്നിവയായിരുന്നു ഉദ്ഘാടന ചിത്രങ്ങൾ.
1979ൽ തിയേറ്ററുകൾ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഏറ്റെടുത്തതിനെ തുടർന്ന് ധന്യ, രമ്യ എന്നിങ്ങനെ പേര് മാറ്റുകയായിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ഷാനവാസും അംബികയും ജോടികളായ പ്രേമഗീതങ്ങൾ, പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സുകുമാരനും സീമയും ജി.കെ. പിള്ളയും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അവതാരവുമായിരുന്നു ധന്യ, രമ്യയിലെ ഉദ്ഘാടന ചിത്രങ്ങൾ. മേയറായിരുന്ന എം.പി. പത്മനാഭനാണ് തിയേറ്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനാണ് ധന്യ, രമ്യയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം. നവോദയയ്ക്ക് വേണ്ടി ജിജോ സംവിധാനം ചെയ്ത മൈ ഡിയർ കുട്ടിച്ചാത്തൻ ഇവിടെ ഒരു വർഷത്തിൽ കൂടുതൽ പ്രദർശിപ്പിച്ചു. ആദ്യവാരങ്ങളിൽ ദിവസേന ഏഴ് ഷോ വീതമാണ് കുട്ടിച്ചാത്തൻ പ്രദർശിപ്പിച്ചിരുന്നത്.
മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങളായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ 141-ാംം ദിവസവും ഇരുപതാം നൂറ്റാണ്ടിന്റെയും 101ാം ദിവസത്തിന്റെയും ആഘോഷം നടന്നപ്പോൾ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മുഖ്യാതിഥിയായി നിത്യഹരിത നായകൻ പ്രേംനസീറും പങ്കെടുത്തു.
നിരവധി താരങ്ങൾ ഉൾപ്പടെയുള്ളവരാണ് തിയേറ്ററുകൾ പൊളിച്ചതിൽ ദുഃഖം പങ്കിട്ട് രംഗത്തെത്തിയത്. സംവിധായകൻ കെ മധുവും തന്റെ ദുഃഖം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
മധുവിന്റെ വാക്കുകൾ – ”സ്വന്തം വീടുപോലെ കയറിച്ചെല്ലാൻ കഴിയുന്ന തിയേറ്ററുകളായിരുന്നു. കുട്ടിക്കാലത്ത് കസ്തൂരി, ശ്രീകാന്ത് എന്ന പേരായിരുന്നപ്പോഴും ഞാൻ സിനിമ കാണാൻ പോയിരുന്നു. ഞാൻ സംവിധാനം ചെയ്‌ത എത്രയോ ചിത്രങ്ങൾ പ്രദർശിപ്പിച്ച തിയേറ്റർ. ഓർമ്മകൾ നിറയുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു” – മധു കുറിച്ചു.
Post Your Comments