കോമഡി റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്ക് എത്തിയ നടനാണ് അസീസ് നെടുമങ്ങാട്. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ അസീസ് ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് അസീസ്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തിയ ‘വണ്ണിലാണ്’ മമ്മൂട്ടിക്കൊപ്പം അസീസിന് അഭിനയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ഈ വേഷം താൻ ആദ്യം നിരസിച്ചുവെന്ന് പറയുകയാണ് അസീസ്. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ഓട്ടോ ഡ്രൈവറുടെ വേഷമായിരുന്നു വണ്ണിൽ അസീസിന് ലഭിച്ചത്. ചിത്രത്തിൽ മ്മൂട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുന്ന രംഗം ഉണ്ട്. ഓട്ടോ ഓടിക്കാൻ അറിയാത്തതിനാൽ മമ്മൂട്ടിയെ വെച്ച് ഓടിക്കുന്നത് പേടിച്ചാണ് താൻ ആദ്യം ആ വേഷം നിരസിച്ചതെന്ന് അസീസ് പറഞ്ഞു. എന്നാൽ ഞാൻ മതി ആ വേഷത്തിലേക്ക് എന്ന് മമ്മൂട്ടി തന്നെ നേരിട്ട് പറഞ്ഞുവെന്നും അസീസ് പറയുന്നു.
അസീസ് നെടുമങ്ങാടിന്റെ വാക്കുകൾ
”വണ്ണിൽ മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കുന്ന സീനുണ്ടെന്ന് ആദ്യം പറഞ്ഞത് പ്രൊഡക്ഷന് കൺട്രോളർ ബാദുഷയാണ്. അപ്പോൾ ഞാൻ ചെയ്യാമെന്ന് പറഞ്ഞു. പിന്നെയാണ് സംവിധായകൻ സന്തോഷേട്ടൻ വിളിച്ചിട്ട് മമ്മൂക്കയെ വെച്ച് സിറ്റിയിൽ ഒക്കെ പോകണം എന്ന്. അപ്പോ ഞാൻ പറഞ്ഞു സന്തോഷേട്ട ഞാൻ ഇത് ചെയ്യുന്നില്ല. ഒന്ന് ഓട്ടോറിക്ഷ ഓടിക്കാൻ അറിയില്ല. രണ്ട് മലയാള സിനിമയുടെ ജനങ്ങൾ തലയിലും കൈയ്യിലും കൊണ്ട് നടക്കുന്ന മമ്മൂക്കയെ വെച്ച് ഞാൻ ഓട്ടോ ഓടിക്കാൻ അറിയാതെ എവിടെയെങ്കിലും കൊണ്ട് പോയി വീണാൽ പിന്നെ ജീവിക്കേണ്ടി വരില്ല.
അങ്ങനെ അത് വേണ്ടെന്ന് വെച്ചു. പിന്നെ മമ്മൂക്ക നാളത്തെ സീൻ എന്തൊക്കെയാണെന്ന് ചോദിച്ചപ്പോൾ ഓട്ടോ സീൻ പറഞ്ഞു. ആരാണ് ഡ്രൈവർ എന്ന് ചോദിച്ചപ്പോ ആരും ആയില്ല എന്ന് പറഞ്ഞു. പിന്നെ സുധീഷേട്ടൻ, സുധി കോപ്പ അവരെ ഒക്കെ വിളിച്ചു. പക്ഷെ അതൊന്നും ശരിയായില്ല. അവസാനം മമ്മൂക്ക തന്നെ എന്ന വിളിക്കാൻ പറയുകയായിരുന്നു. അപ്പോഴും ഞാൻ പറഞ്ഞു എനിക്ക് ഓടിക്കാൻ അറിയില്ലെന്ന്. അപ്പോ മമ്മൂക്ക പറഞ്ഞു പ്രധാന ഡയലോഗ് ഉള്ള ഭാഗങ്ങൾ ഗ്രീൻ മാറ്റ് ഇടാമെന്ന്”- അസീസ് പറഞ്ഞു.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രമാണ് വൺ. ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിർവ്വഹിച്ചത്. കടക്കൽ ചന്ദ്രൻ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments