ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജിന്റെ പേരോ എടുത്ത് പറയാതെയായിരുന്നു സുരേഷ് ഗോപി തന്റെ അഭിപ്രായം പങ്കുവെച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുറിപ്പ് വായിച്ചുകൊണ്ട് മാധ്യമ പ്രവർത്തക അഞ്ജു പ്രബീഷ് പങ്കിട്ട ഒരു മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
അഞ്ജുവിന്റെ വാക്കുകൾ
‘ബോധമുള്ളവർ മാത്രം മനസ്സിലാക്കട്ടെ ഈ വാക്കുകൾ. തലച്ചോറിൽ രാഷ്ട്രീയവും മതവും കുത്തി നിറയ്ക്കാത്തവർ മാത്രം മനസ്സിലാക്കട്ടെ ഈ വാക്കുകളുടെ പൊരുൾ. എന്നെ ഒരു കൂട്ടർ തെറിവിളിച്ചാൽ തിരിച്ച് അവരുടെ കുടുംബത്തിലുള്ളവരെ മുഴുവൻ പുലഭ്യം പറയുന്നതാണ് ജനാധിപത്യമെന്നു സ്ഥാപിച്ചെടുക്കുന്ന മനുഷ്യർ ഇത് ഉൾക്കൊള്ളില്ല സുരേഷേട്ടാ.
ആശയത്തെ ആശയം കൊണ്ട് നേരിടാതെ അശ്ലീലം കൊണ്ട് നേരിടുന്നത് എന്ത് തരം മനോരോഗമാണ്. ? രായപ്പനെന്ന കുറ്റപേരോടെ അയാളെ പൊങ്കാലയിടുന്നതുപോലെയല്ല അയാളുടെ അമ്മയെയും അവരുടെ ജീവിതത്തെയും മ്ലേച്ഛമായി പറഞ്ഞുകൊണ്ട് അപമാനിക്കുന്നത്’, അഞ്ജു പറയുന്നു.’മൺമറഞ്ഞു പോയ കലാകാരനായ അയാളുടെ അച്ഛനെ പരാമർശിച്ചുകൊണ്ട് പിതൃത്വത്തെ പോലും ചോദ്യം ചെയ്യുന്നത്. വികലമായ അരാഷ്ട്രീയവാദത്തിനൊപ്പം ക്രിമിനൽ ഒഫൻസു കൂടിയാണത്. പൃഥ്വിരാജെന്ന മനുഷ്യനെ ഈ രീതിയിൽ അപമാനിക്കുന്നത് രാഷ്ട്രീയതിമിരം പിടിച്ച അണികൾ മാത്രമല്ല മറിച്ച് ചില നേതാക്കന്മാർ കൂടിയാണ്. ഏതു തരം സൈബർ ബുള്ളിയിങ്ങും എതിർക്കപ്പെടേണ്ടതാണ്. അതിപ്പോൾ അടിമഗോപിയെന്നത് ആയാലും പൃഥ്വിരാജിന്റെ പിതൃത്വത്തെകുറിച്ചായാലും .
‘രാഷ്ട്രീയവിശ്വാസത്തിന്റെ പേരിൽ നടൻ കൃഷ്ണകുമാറിന്റെ മക്കൾ തേജോവധം ചെയ്യപ്പെടുന്നത് പോലെ നിന്ദ്യമാണ് അഭിപ്രായപ്രകടനത്തിന്റെ പേരിൽ പൃഥ്വിരാജിന്റെ മൺ മറഞ്ഞുപ്പോയ അച്ഛനും ജീവിച്ചിരിക്കുന്ന അമ്മയും അപമാനിക്കപ്പെടുന്നത്. രാഷ്ട്രീയ നിലപാട് തുറന്നുപറയുമ്പോൾ നടി ലക്ഷ്മി പ്രിയയുടെ മതം ചോദ്യംചെയ്യപ്പെടുന്നത് പോലെ മ്ലേച്ഛമാണ് പൃഥ്വിരാജിന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെടുന്നത്. അവരെല്ലാവരും മനുഷ്യരാണ്. അപമാനിക്കപ്പെടുമ്പോൾ നോവുന്നത് അവരെ സ്നേഹിക്കുന്ന കുടുംബാംഗങ്ങൾ കൂടിയാണ്’, എന്ന് പറഞ്ഞു കൊണ്ടാണ് അഞ്ജു രംഗത്ത് എത്തിയത്. പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി ശരിയാണ് എന്ന് സോഷ്യൽ മീഡിയ മറുപടിയായി നൽകുകയും ചെയ്തു.
സുരേഷ് ഗോപിയുടെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്
പ്ലീസ്, പ്ലീസ്, പ്ലീസ്… ഓരോ മനുഷ്യന്‍റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല.
അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ഡിക്കുവാനുള്ള അവകാശം മറ്റൊരാളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്.
ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്‍റെ നേരെ ഉന്നയിച്ചപ്പോൾ അതിന്‍റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! വിമര്‍ശിക്കേണ്ടിവരുമ്പോള്‍ മാന്യതയും സത്യസന്ധതയുമാവട്ടെ നിങ്ങളുടെ ആയുധങ്ങള്‍. സത്യസന്ധതയും മാന്യതയും കൈവിടാതിരിക്കൂ, വികാരങ്ങള്‍ ശുദ്ധവും സത്യസന്ധവുമാവട്ടെ.
Post Your Comments