CinemaGeneralLatest NewsMollywoodNEWS

ഘടികാരങ്ങൾ ആത്മഹത്യ ചെയ്യുമോ?: കാലിക പ്രസക്തിയുള്ള കുറിപ്പുമായി പലേരി

ഞങ്ങളറിയാത്ത എന്തെങ്കിലും മനോവിഷമങ്ങൾ ചന്ദ്രികക്കും ദിവാകരനും ഉണ്ടായിരുന്നോ

ഫേസ്ബുക്കില്‍ വീണ്ടും ചിന്തിപ്പിക്കുന്നതും ചിരിപ്പിക്കുന്നതുമായ കുറിപ്പുമായി മലയാളത്തിന്റെ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി. തന്റെ വീട്ടിലെ രണ്ടു ഘടികാരങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ചു കൊണ്ടായിരുന്നു കാവ്യാത്മക ശൈലിയോടെ രഘുനാഥ് പലേരി വീണ്ടും വേറിട്ട കഥ പറഞ്ഞത്.

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

അടുക്കള ചുമരിലെ ഘടികാരത്തിൽ സമയം പകൽനേരം 11:25 ൽ കൈകൾ വിടർത്തി നിശ്ചലമായിട്ടുണ്ടെന്ന് അറിയുന്നത്, പൂമുഖ ചുമരിലെ രാത്രിനേരം 8:47 കടക്കുമ്പോഴായിരുന്നു. ഘടികാര സമയ പ്രകാരം ആ നേരം അടുക്കളയിൽ പകലും, പൂമുഖത്തും പുറത്തും രാത്രിയും ആയിരുന്നു. ഘടികാരങ്ങളിലൊന്ന് നിശ്ചലമായത് അറിയാതെ രണ്ടാം ഘടികാരം മുന്നോട്ടോടിയതും വീടിന്നകം രണ്ട് സമയ പ്രതലത്തിൽ പ്രതിഫലിച്ചു നിന്നു. അതൊരു കൌതുക കാഴ്ച്ചയായി.
കാഴ്ച്ചകൾക്ക് വിസ്മയം തരാനെ സാധിക്കൂ. വിസ്മയ തലങ്ങളിലേക്ക് എങ്ങിനെയെല്ലാം സഞ്ചരിക്കണമെന്ന് തീരുമാനിക്കുന്നത് കാഴ്ച്ചക്കാരുടെ മനോധർമ്മം. എന്നാലും സമയം അങ്ങിനെ ഒരിടത്ത് നിശ്ചലവും മറ്റൊരിടത്ത് നിശ്ചലമല്ലാതെയും ആകുന്നത് ശരിയല്ലല്ലൊ. വീടന്നുള്ളിലായാലും പുറത്തായാലും ലോക്ക്ഡൌണായാലും സമയത്തിലൂടെ നമുക്ക് സഞ്ചരിച്ചല്ലേ പറ്റൂ. സമയത്തിനുള്ളിൽ നമ്മളെ കെട്ടിയിടാൻ പറ്റൂലല്ലൊ.
11:25 ൽ നിശ്ചലമായ പകൽ ക്ലോക്കിനെ പതിയെ താങ്ങിയെടുത്ത് നിലത്ത് കിടത്തി. എന്താടാ ദിവാകരാ ഹൃദയം നിലച്ചതെന്ന പരിഭ്രമത്തോടെ അവനെ തടവി. തട്ടിക്കൊടുത്തു. ജീവൻ ഉണരുന്നില്ല. പരിഹാരം കാണാനായി രാത്രി സമയം 8:47 നെയും മറികടക്കുന്ന ചന്ദ്രിക ക്ലോക്കിനെ എടുത്ത് ദിവാകരന്നരികിൽ കിടത്തി അവളുടെ ബാറ്ററി എടുത്ത് ദിവാകരനിൽ പിടിപ്പിച്ച് ഹൃദയം മിടിപ്പിക്കെടാന്നു പറഞ്ഞു. ഊർജം നിറഞ്ഞ ചന്ദ്രിക ബാറ്ററി കിട്ടിയിട്ടും ദിവാകരൻ അനങ്ങുന്നില്ല. ഭയം തോന്നി. എന്തു പറ്റി ആവോ. ഒന്നും സംഭവിക്കുന്നില്ല.
ദിവാകരൻറെ ബാറ്ററി എടുത്ത് ചന്ദ്രികക്ക് നൽകി ഒന്നു പരീക്ഷിച്ചു. അവളും ദിവാകരനെപോലെ ഗാഢ നിദ്ര. കുഴപ്പം ദിവാകരൻറെ ബാറ്ററിക്കാണ്. അതിന് കരുത്തില്ല. ചോർന്നു പോയി. ചന്ദ്രിക ഉണരാതിരിക്കുന്നതിൻറെ കാരണം അതാണ്.
എന്നാൽ ചന്ദ്രിക അനങ്ങാത്തത് മനസ്സിലാക്കാം. കരുത്തുള്ള ചന്ദ്രികയുടെ ബാറ്ററി കിട്ടിയ ദിവാകരൻ എന്തേ അനങ്ങാത്തത്. കുഴപ്പം ദിവാകരൻറെ ഹൃദയത്തിനാണെന്ന് മക്കളുടെ അമ്മ പറഞ്ഞു. ചന്ദ്രികയുടെ ബാറ്ററി ചന്ദ്രികക്ക് തന്നെ കൊടുക്ക്. തൽക്കാലം അവൾക്കൊപ്പം നമുക്കും ദിവാകരനും സമയത്തിലൂടെ സഞ്ചരിക്കാം. സമയം അറിയിക്കാൻ ഒരാള് പോരേ.
ചന്ദ്രികയുടെ ദിവാകര ബാറ്ററി തിരിച്ചെടുത്ത് തൽക്കാലം ദിവാകരന് തന്നെ നൽകി. ദിവാകരനിലെ ചന്ദ്രിക ബാറ്ററി തിരികെ എടുത്ത് ചന്ദ്രികക്കും നൽകി. അപ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. ദിവാകരൻറെ അവസ്ഥ കണ്ടിട്ടോ എന്തോ ചന്ദ്രിക ഉണരുന്നില്ല. അതുവരെ കൈകൾ വിടർത്തി സമയത്തിലൂടെ സഞ്ചരിച്ച ചന്ദ്രിക 8:47 ൽ നിന്നും അനങ്ങുന്നില്ല. മിടിക്കുന്നില്ല. കൈകൾ ചലിപ്പിക്കുന്നില്ല. ഗാഢ നിദ്ര. പലതവണ ബാറ്ററി അഴിച്ചും അവൾക്ക് തന്നെ തിരികെ കൊടുത്തും ശ്രമിച്ചു നോക്കി.
ഇല്ല.
ദിവാകരനും സ്വസ്തി.
ചന്ദ്രികയും സ്വസ്തി.
ഒരു പിടിയും കിട്ടുന്നില്ല.
ഒരു സൂചനപോലും തരാതെ രണ്ടുപേരും ഇപ്പോൾ നിശ്ചലരാണ്. ചന്ദ്രികയുടെ ബാറ്ററിയിലാവട്ടെ നിറച്ചും ജീവനുണ്ട്. ഇനി ബാറ്ററി ദിവാകരനിൽ ഇട്ടപ്പോഴായിരിക്കുമോ ചന്ദ്രിക സത്യം മനസ്സിലാക്കിയത്. അതൊന്നറിയാൻ വേണ്ടിയാകുമോ ചന്ദ്രികയിലേക്ക് അവളെൻറെ നോട്ടം വലിച്ചെടുത്തത്. ചന്ദ്രികയുടെ കാമുകനായിരുന്നോ ദിവാകരൻ.
ഞങ്ങളറിയാത്ത എന്തെങ്കിലും മനോവിഷമങ്ങൾ ചന്ദ്രികക്കും ദിവാകരനും ഉണ്ടായിരുന്നോ. ഒരു വീട്ടിലെ ഒരുപോലെയുള്ള രണ്ട് ഉപകരണങ്ങൾ പരസ്പരം പ്രണയിക്കുമോ. പ്രാണൻ ത്യജിക്കുമോ.
ഘടികാരങ്ങൾ ആത്മഹത്യ ചെയ്യുമോ.?!

shortlink

Related Articles

Post Your Comments


Back to top button