ബാഹുബലിക്ക് ശേഷം രാം ചരണിനെയും ജൂനിയർ എൻ ടി ആറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആർആർആർ’. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു വരുന്നത്. സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍ റിലീസിനു ശേഷമുള്ള ഒടിടി സ്ട്രീമിംഗ് ആയിരിക്കും.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലെ സ്ട്രീമിംഗ് സീ 5ല്‍ ആയിരിക്കും. ഹിന്ദി പതിപ്പ് നെറ്റ്ഫ്ളിക്സിലും. അതേസമയം വിദേശരാജ്യങ്ങളിലെ സ്ട്രീമിംഗ് അവകാശവും നെറ്റ്ഫ്ളിക്സിനാണ്. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തും.
ഡി വി വി ധനയ്യ ആണ് ആർആർആർ നിര്‍മ്മിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുക. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ കെ കെ സെന്തില്‍കുമാറാണ് ഛായാഗ്രാഹണം. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments