Film ArticlesGeneralLatest NewsMollywoodNEWS

ചട്ടക്കൂടുകൾ പൊളിച്ചെഴുതിയ അഭിനേതാവ് ; ശുദ്ധ ഹാസ്യത്തിന്റെ ഒടുവിൽ ഉണ്ണികൃഷ്ണൻ കഥാപാത്രങ്ങൾ

നിരപരാധിയായ മാധവനെ പോലീസ് മുറയിൽ ചോദ്യം ചേയ്യേണ്ടി വന്ന ഹെഡ് കോൺസ്റ്റബിളിൻ്റെ മാനസിക സംഘർഷങ്ങളെ അതി സൂക്ഷ്മം സന്നിവേശിപ്പിച്ച ഒടുവിലിൻ്റെ പ്രതിഭ അപാരം തന്നെ

മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ പേര് ക്രമപ്പെടുത്തുമ്പോൾ അതിലേറെ മികവോടെ നിൽക്കുന്ന ഒരു പേരാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ.സഹ കഥാപാത്രങ്ങളിലൂടെ അത്രമേൽ പ്രിയങ്കരനായി മാറിയ ഒടുവിലിൻ്റെ ജീവിതം ഒരു ശുദ്ധമനുഷ്യൻ്റെ തുറന്ന പുസ്തകം കൂടിയാണ്. ദർശനം എന്ന ചിത്രത്തിലൂടെ കടന്നു വന്ന ഒടുവിൽ രസതന്ത്രം വരെയുള്ള ചിത്രങ്ങളിലൂടെ മലയാളി ജീവിതത്തിൻ്റെ ഭാഗമായ ഒടുവിൽ ഉണ്ണികൃഷ്ണൻ കേരളത്തിൻ്റെ നാട്ടിടവഴികളിലൂടെ ശുദ്ധഹൃദയനായി, ലളിത ഭാഷിയായി ,സൗമ്യനായി നടന്നു കയറി. അവ നമുക്കോരോരുത്തർക്കും ഏറെ സുപരിചിതരുമായിരുന്നു .നിഷ്ക്കളങ്കനായ അയൽ വാസിയായി ,സഹൃദയനായ കൂട്ടുകാരനായി, കാപട്യങ്ങളില്ലാത്ത അച്ഛനായി ,അമ്മാവനായി ,പൊതു പ്രവർത്തകനായി ,പുരോഹിതനായി ,വെളിച്ചപ്പാടായി ഒടുവിൽ മലയാളികളുടെ ഹൃദയത്തിൽ നിറഞ്ഞു .

read also: എനിക്ക് മുന്‍പേ അവര്‍ മറ്റൊരു നായികയെ സമീപിച്ചിരുന്നു: ഹിറ്റ് സിനിമയുടെ അറിയാക്കഥകള്‍ വെളിപ്പെടുത്തി രജീഷ

ഗ്രാമീണ മനുഷ്യൻ്റെ സാന്നിധ്യങ്ങൾ

തിയറ്ററുകൾ ‘ഇളക്കിമറിക്കുന്ന പടുകൂറ്റൻ ബ്രഹ്മാണ്ഡ ചലച്ചിത്രങ്ങളിലല്ല മറിച്ച് അതി നിഷ്ക്കളങ്കമായ ശുദ്ധ ചലച്ചിത്രങ്ങളിലായിരുന്നു ഒടുവിലിൻ്റെ സജീവ സാന്നിദ്ധ്യം.പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ചായക്കടക്കാരൻ അപ്പുണ്ണി നായർ, സന്ദേശത്തിലെ അച്ചുതൻ നായർ ,ആയുഷ്ക്കാലത്തിലെ മേനോൻ, വധു ഡോക്ടറാണിലെ ചെണ്ടക്കാരൻ മാരാർ., കുസൃതിക്കറ്റിലെ ഡോക്ടർ മേനോൻ , ദേവാസുരത്തിലെ മാരാർ, ഉൾപ്പെടെ അനവധി കഥാപാത്രങ്ങൾ. പട്ടണ/ നഗര പ്രദേശങ്ങളിലെ ഡോക്ടർ അടക്കമുള്ള കഥാപാത്രങ്ങളായി ഒടുവിൽ പ്രത്യക്ഷപ്പെടുമ്പോഴും അയാളിലെ .ഗ്രാമീണ നിഷ്ക്കളങ്കതകൾ സ്വാഭാവികമായി കടന്നു വരുന്നുണ്ട്. കാണികളെ വെറുപ്പിക്കുന്ന അതിപ്രകടനങ്ങളോ ഡയലോഗുകളോ ഒന്നും തന്നെ ഒടുവിലിൻ്റെ കഥാപാത്രങ്ങളിൽ നിന്നും ചിതറി വീണിരുന്നില്ല.മലയാളത്തനിമയുള്ള അനവധി ചിത്രങ്ങളുടെ ഭാഗഭാക്കായിരുന്നു’ഒടുവിൽ സത്യൻ അന്തിക്കാട്, കമൽ ,രാജസേനൻ ഉൾപ്പെടെ അനവധി പേരുടെ കുടുബ ചിത്രങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

ശുദ്ധഹാസ്യത്തിൻ്റെ പ്രയോക്താവ്

.” വസൂ ദേ തോറ്റു തുന്നം പാടി വന്നേക്കുന്നു നിൻ്റെ മോൻ .. അവനെന്തേലും തിന്നാൻ കൊടുക്ക് ” അരശുംമൂട്ടിൽ അപ്പുക്കുട്ടൻ്റെ അച്ഛൻ്റെ ഡയലോഗ് ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. ജഗതിയും ഒടുവിലും ചേർന്നുള്ള കോമ്പിനേഷൻ സീനുകൾ രണ്ട് അഭിനയ പ്രതിഭകളുടെ മാറ്റുരയ്ക്കലുകളാൽ സമ്പന്നമായപ്പോൾ അവിസ്മരണീയമായ ഹാസ്യ രംഗങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. എവർഗ്രീൻ ജഗതി കോമഡിയായ – കലങ്ങീല്ല – യ്ക്കു ‘തൊട്ടു മുമ്പ് അപ്പുക്കുട്ടൻ്റെ ഹോർലിക്സ് കുടി നോക്കിയിരുന്ന് കൊതിയോടെ വെള്ളo വിഴുങ്ങുന്ന ഒടുവിലിൻ്റെ ദൃശ്യമുണ്ട്.അശോകനുഷീണമാകാമെന്ന പ്രഖ്യാപനത്തിൽ ദുർബലനായിപ്പോയ അച്ഛൻ്റെ പ്രതികരണം അസാധ്യ കോമഡിയാണ് സൃഷ്ടിച്ചത്.

മാട്ടു പെട്ടി മച്ചാനിലെ പ്രഭാകര പ്രഭു അൽപ്പത്തങ്ങളാൽ അഴിഞ്ഞാടുമ്പോഴും അയാളുടെ നിഷ്ക്കളങ്കതകളാണ് ആ ചിത്രത്തിൽ കൂടുതൽ കോമഡി സൃഷ്ടിച്ചത്. സന്ദേശത്തിലെ അച്ചുതൻ നായരുടെ ഭാവപ്രകടനങ്ങളും ഹാസ്യത്തിൻ്റെ വേറിട്ട തലങ്ങളെയാണ് അടയാളപ്പെടുത്തിയത്. കേരളീയ പശ്ചാത്തലത്തിൽ മാത്രമല്ല ,കേരളീയേതര പശ്ചാത്തല ചിത്രങ്ങളിലും ഒടുവിൽ തൻ്റെ ശുദ്ധ ഹാസ്യത്തിൻ്റെ സാന്നിധ്യങ്ങൾ അറിയിച്ചുവെന്ന് മേലേപ്പറമ്പിൽ ആൺവീട് , ഒരു മറവത്തൂർ കനവ് ഉൾപ്പെടെയുള്ള ചിത്രങ്ങളൾ സാക്ഷ്യപ്പെടുത്തുന്നു .ജനപ്രിയ താര നായകൻമാരുടെ ഹാസ്യ രംഗങ്ങളെ കൊഴുപ്പിക്കുന്നതിൽ ഒടുവിൽ കഥാപാത്രങ്ങളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു..

ചട്ടക്കൂടുകളെ ബ്രേക്ക് ചെയ്ത അഭിനേതാവ്

ഹാസ്യകഥാപാത്രങ്ങളായി നിറഞ്ഞാടുമ്പോഴും അവയ്ക്കൊപ്പം തന്നെ സീരിയസായ ‘വേഷങ്ങളെ ക്കൂടി ഒടുവിൽ സ്വീകരിച്ചിരുന്നു. ചട്ടമ്പിയായ മംഗലശേരി നീലകണ്ഠൻ്റെ സുഹൃത്തും ദരിദ്രനും ഊരുതെണ്ടിയുമായ പെരിങ്ങോട് ശങ്കര മാരാർ ,ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലെ മാഷ്, മനസിനക്കരയിലെ സഖാവ്, മീശമാധവനിലെ ഹെഡ് കോൺസ്റ്റബിൾ, നിഴൽക്കുത്തിലെ വൃദ്ധൻ ഉൾപ്പെടെ അനവധി കഥാപാത്രങ്ങൾ ഒടുവിലിൻ്റെ റേഞ്ച് അടയാളപ്പെടുത്തിയവയാണ്. തൻ്റെ കഥാപാത്രമായി ‘ഒടുവിൽ പരുവപ്പെട്ടിട്ടില്ലായെന്ന് അടൂർ ഗോപാല കൃഷ്ണൻ സൂചിപ്പിച്ചപ്പോൾ തുടർച്ചയായി പൊള്ളുന്ന വെയിലിലിരുന്ന് ദുർബലമായ ശരീരം കരുവാളിപ്പിച്ച് പാകപ്പെടുത്തിയെടുത്ത ഒടുവിലിൻ്റെ മനോഭാവത്തെക്കുറിച്ച് അടൂർ പറയുകയുണ്ടായിട്ടുണ്ട് .. രസതന്ത്രത്തിൻ്റെ സെറ്റിലേക്ക് കഥാപാത്രത്തിൻ്റെ പൂർണ്ണതയ്ക്കുള്ള മുന്നൊരുക്കമായി കായ സഞ്ചിയും മറ്റും സംഘടിപ്പിച്ച് കടന്നു വന്ന ഒടുവിലിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞതും ഇവിടെ സ്മരിക്കാവുന്നതാണ് .. ജനപ്രിയമസാല ചേരുവകകളാൽ അതി സമ്പന്നമായ മീശമാധവനിൽ നിരപരാധിയായ മാധവനെ പോലീസ് മുറയിൽ ചോദ്യം ചേയ്യേണ്ടി വന്ന ഹെഡ് കോൺസ്റ്റബിളിൻ്റെ മാനസിക സംഘർഷങ്ങളെ അതി സൂക്ഷ്മം സന്നിവേശിപ്പിച്ച ഒടുവിലിൻ്റെ പ്രതിഭ അപാരം തന്നെ. അതീവ ദുർബലരൂപമായ നിഴൽക്കുത്തിലെ കഥാപാത്രത്തിൻ്റെ പകർന്നാട്ടങ്ങൾ നല്ല സിനിമ യെ സ്നേഹിക്കുന്ന ഏവരുടെയും ഉൾത്തലങ്ങളിലുണ്ട്. അതേ സമയം രണ്ടാം ഭാവം, ഈ പുഴയും കടന്ന് ,ദില്ലിവാല രാജകുമാരൻ , ഒരാൾ മാത്രം ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായും ഒടുവിൽ പ്രത്യക്ഷപ്പെടുകയുണ്ടായിട്ടുണ്ട്.

താര മാതൃകകൾക്കിടയിലെ ഒടുവിലാൻ

മലയാള സിനിമയിലെ നിഷ്ക്കളങ്ക സാന്നിധ്യമായ ഒടുവിലിൻ്റെ ഓർമ്മകൾക്ക് ‘പതിനഞ്ചു വർഷം. നന്മെ ഏറെ ചിരിപ്പിച്ചു രസിപ്പിച്ച് ആനന്ദിപ്പിച്ച് കടന്നു പോയ ഒടുവിലാൻ യഥാർത്ഥത്തിൽ കേരളത്തിലെ ‘ശരാശരി ഗ്രാമീണൻ്റെ പ്രതീകമായിരുന്നു പ്രതിബിംബമായിരുന്നു .. നവ മാധ്യമങ്ങളുടെ കടന്നുകയറ്റങ്ങൾ ഉണ്ടാകാതിരുന്ന ഗ്രാമീണ കാലഘട്ടത്തിൻ്റെ പ്രതീകം എന്നത് എടുത്തു പറയണം.അതി പ്രകടന പരതകളില്ലാത്ത പ്രകടനങ്ങളിലൂടെ മുന്നേറിയ ഒടുവിലിൻ്റെ ഏറ്റവും വലിയ സാധ്യതയും പരിമിതിയും തൻ്റെ മെല്ലിച്ച ശരീരമായിരുന്നു .അത് അദ്ദേഹം സ്വതന്ത്രമായി സിനിമകളിൽ വിന്യസിക്കുകയും ചെയ്തിരുന്നു .സ്ഥിരം വാർപ്പു മാതൃകകളായ അയൽക്കാരൻ ചായക്കടക്കാരൻ മാരാർ ,’ അമ്മാവൻ കഥാപാത്രങ്ങളിൽ തളച്ചിടപ്പെടുമ്പോഴും അതിനെ അതിന്നുള്ളിൽ നിന്നു കൊണ്ട് വേറിട്ട താക്കാനുള്ള ആത്മാർത്ഥ ശ്രമങ്ങൾ ‘ഒടുവിൽ നിന്നും ഉണ്ടായിട്ടുണ്ട്. വർഗ്ഗപരമായി വരേണ്യ പക്ഷത്തിൻ്റെ കഥാപാത്രങ്ങളെ യാ ണ് കൂടുതലും ഒടുവിൽ പകർന്നാടിയതെങ്കിലും അവ ‘അതീവ ദുർബല ആണത്തങ്ങളായിരുന്നു എന്നതും ശ്രദ്ധയമാണ്..ജനപ്രിയ ചലച്ചിത്ര പാOങ്ങൾക്കുള്ളിൽ നിറഞ്ഞു നിന്ന ഒടുവിലിൻ്റെ പ്രതിഭയെ അത്തരം സിനിമകൾക്ക് അപ്പുറത്ത് എക്കാലവും ശ്രദ്ധേയമാക്കി നിറുത്താൻ നിഴൽക്കുത്ത് എന്ന ഒറ്റ ചിത്രം മാത്രം മതി. കാലത്തിൻ്റെ കണക്കെടുപ്പിൽ ഒടുവിലിനെ അടയാളപ്പെടുത്തുന്ന സുവർണ്ണ മുദ്ര കൂടിയാണത്.

 

രശ്മി അനിൽ

shortlink

Related Articles

Post Your Comments


Back to top button