CinemaGeneralLatest NewsMollywoodNEWS

‘ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഷിഫ്റ്റ് ആണിത്, സേവ് ലക്ഷദ്വീപ് ഫ്രം സംഘപരിവാർ’; പരസ്യ പിന്തുണയുമായി മൂവി സ്ട്രീറ്റ്

ലക്ഷദ്വീപിനെ ഒരു ശവപ്പറമ്പാക്കി മാറ്റി സംഘപരിവാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ തങ്ങളുടെ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കുമ്പോള്‍ ഈ രാജ്യമൊന്നാകെ ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന് മൂവി സ്ട്രീറ്റ് കുറിച്ചു.

കോഴിക്കോട്: ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ കൂട്ടായ്മ ആയ മൂവി സ്ട്രീറ്റ്. സേവ് ലക്ഷദ്വീപ് എന്നല്ല, സംഘപരിവാറില്‍ നിന്ന് ലക്ഷദ്വീപ് രക്ഷിക്കണം എന്ന് ഉറച്ചു പറയണമെന്ന് മൂവി സ്ട്രീറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. തീവ്രവാദ ചാപ്പ നല്‍കി കരിനിയമങ്ങള്‍ അടിച്ചേല്പിച്ച് തുറങ്കില്‍ അടയ്ക്കാനുള്ള സംഘപരിവാറിന്റെ മാസ്റ്റര്‍ പ്ലാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററിലൂടെ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നതെന്ന് മൂവി സ്ട്രീറ്റ് പറയുന്നു. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഷിഫ്റ്റ് ആണ് നമ്മളിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്ന് കുറിപ്പിൽ ആരോപിക്കുന്നു.

മൂവി സ്ട്രീറ്റിന്റെ പ്രസ്താവന പൂര്‍ണരൂപം,

ശാന്തവും സമാധാനപരവുമായി ജീവിക്കുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് സംഘപരിവാര്‍ ഫാസിസം ഹൈജാക് ചെയ്യാന്‍ ശ്രമിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ലക്ഷദ്വീപില്‍ നടന്നു കൊണ്ടിരിക്കുന്നത്. കാശ്മീരില്‍ തുടങ്ങി ഇന്ന് ലക്ഷദ്വീപില്‍ എത്തി നില്‍ക്കുന്ന സംഘപരിവാറിന്റെ അട്ടിമറി രാഷ്ട്രീയത്തിലെ അജണ്ട പലരും തിരിച്ചറിയുന്നില്ല എന്നത് പരിതാപകരമാണ്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് തങ്ങളുടെ വരുതിക്ക് വരുത്തിയ വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അടുത്ത ടാര്‍ഗറ്റ് ആണ് ലക്ഷദ്വീപ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റി അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയപ്പോള്‍ പലരും അതിനെ അനുകൂലിച്ചു. ദേശീയത സങ്കല്‍പ്പങ്ങളിലും രാജ്യ സുരക്ഷ എന്ന മുടന്തന്‍ ന്യായത്തിലും പിടിച്ചു അതിനെ ന്യായീകരിക്കാന്‍ നിഷ്പക്ഷരെന്ന് അവകാശപ്പെടുന്ന പലരും മുന്‍പില്‍ ഉണ്ടായിരുന്നു.

‘അവരുടെ ഒരേയൊരു ടാര്‍ഗറ്റ് അല്ല കാശ്മീര്‍. ഫെഡറല്‍ സംവിധാനത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പത്തിന് തന്നെയും മേലുള്ള ആക്രമണമാണിത്. ഒട്ടും വൈകാതെ തന്നെ അവര്‍ മറ്റുള്ളവരിലേക്കെത്തും. ഇന്ന് ചാഞ്ചാടിക്കൊണ്ടിരിക്കുന്നവര്‍ ഇനിയും ഒരുപാട് വൈകാന്‍ കാത്തിരിക്കാതെ ഉണര്‍ന്നെഴുന്നേല്‍ക്കണം. നമുക്കെല്ലാവര്‍ക്കുമുള്ളൊരു ഉണര്‍ത്തുവിളിയാണ് കാശ്മീര്‍..’ കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ അവസരത്തില്‍ യൂസഫ് തരിഗാമിയുടെ വാക്കുകള്‍ ആയിരുന്നു ഇത്.

അതിന് ശേഷം അവര്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ ദാ ലക്ഷദ്വീപിലേക്ക് എത്തി നില്‍ക്കുന്നു. രാജ്യത്തെ മുസ്ലീം പോപുലേഷനെ ടാര്‍ഗറ്റ് ചെയ്ത് ഏതുവിധേനയും സംഘപരിവാറിന്റെ ആഭ്യന്തര ശത്രുക്കളില്‍ ഒന്നാം സ്ഥാനത്തുള്ളവരെ ഇല്ലായ്മ ചെയ്യാനുള്ള വര്‍ഗീയ അജണ്ടയാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. തങ്ങളുടേതായ സാംസ്‌കാരിക തനിമകളോടെ സമാധാനപരമായി ജീവിച്ചു പോന്നിരുന്ന ലക്ഷദ്വീപിലെ സമൂഹത്തെ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ തന്നെ തടവറയിലാക്കുകയാണ്. ക്രിമിനല്‍ ആക്ടിവിടികള്‍ തീരെ ഇല്ലാത്ത ഒരു പ്രദേശത്ത് ഗുണ്ടാ നിയമം നടപ്പിലാക്കുകയും വെറുപ്പും വിദ്വേഷവും ആ നാട്ടിലെ മുസ്ലീം ജനതയ്ക്ക് മുകളില്‍ അടിച്ചേല്പിച്ച് അവരെ ആയുധമെടുക്കാനും സമരം ചെയ്യുവാനും പ്രേരിപ്പിച്ച്, ഒടുവില്‍ തീവ്രവാദ ചാപ്പ നല്‍കി കരിനിയമങ്ങള്‍ അടിച്ചേല്പിച്ച് തുറങ്കില്‍ അടയ്ക്കാനുള്ള സംഘപരിവാറിന്റെ മാസ്റ്റര്‍ പ്ലാനാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററിലൂടെ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്നത്.

ഒരു വംശഹത്യക്കുള്ള ഡോഗ് വിസില്‍ ആണിത്, പലയിടത്തും പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം ലക്ഷദ്വീപിലും നടപ്പിലാക്കുമ്പോള്‍ നമ്മള്‍ ഭയക്കേണ്ടതുണ്ട്. ഏതുവിധേനയും അതിനെ ചെറുക്കേണ്ടതുണ്ട്. ഏറനാട്ടിലെ നമ്മുടെ പൂര്‍വികരുടെ സഹോദരങ്ങള്‍ ആണ് ലക്ഷദ്വീപ് നിവാസികള്‍. മലയാളത്തിന്റെ സംസ്‌കാര സമ്പന്നമായ പൈതൃകത്തിന്റെ വേരുകള്‍ പേറുന്നവര്‍. സംഘപരിവാറിന് കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിക്കാത്തത് ലക്ഷദ്വീപില്‍ നടപ്പിലാക്കുമ്പോള്‍ ഇത് നമുക്കും കൂടിയുള്ള താക്കീത് ആണ്. ഫാസിസത്തിന്റെ കാഹളം നമ്മുടെ വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുന്നുണ്ട്. ലക്ഷ്ദ്വീപിലെ ജനതയോട് ഐക്യപ്പെടാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം ഓരോ മലയാളിക്കുമുണ്ട്.

ലക്ഷദ്വീപ് ജനതയോട്, അവരുടെ പോരാട്ടങ്ങളോട്, ചെറുത്ത് നില്‍പ്പുകളോട് നമ്മള്‍ ഐക്യപ്പെട്ടില്ലങ്കില്‍ മറ്റാരാണ്. ലക്ഷ ദ്വീപിന്റെ പ്രശ്‌നം നമ്മുടെ ഓരോരുത്തരുടെയും പ്രശ്‌നമായി ഏറ്റെടുക്കേണ്ടതുണ്ട്. ബിജെപിയുടെ അപരവിദ്വേഷത്തിന്റെ അജണ്ട നടപ്പിലാക്കി നമ്മുടെ സഹോദരങ്ങളെ ജയിലില്‍ ആക്കുമ്പോള്‍ നിശബ്ദത പാലിക്കുക എന്നതില്‍ കവിഞ്ഞൊരു നീതികേടില്ല. കാശ്മീരിനെ ഒറ്റപ്പെടുത്തി, CAA നടപ്പിലാക്കി ഈ നാട്ടിലെ മുസ്ലീം ജനവിഭാഗത്തെ ആകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ട് ഡല്‍ഹിയുടെ ജനാധിപത്യാവകാശങ്ങള്‍ അട്ടിമറിച്ചു, ലക്ഷദ്വീപിനെ ഒരു ശവപ്പറമ്പാക്കി മാറ്റി സംഘപരിവാര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ തങ്ങളുടെ അജണ്ടകള്‍ ഓരോന്നായി നടപ്പിലാക്കുമ്പോള്‍ ഈ രാജ്യമൊന്നാകെ ഇല്ലാതാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഷിഫ്റ്റ് ആണ് നമ്മളിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.

ലക്ഷദ്വീപിന് വേണ്ടി അണിനിരക്കേണ്ടതും പ്രതിഷേധം ഉയര്‍ത്തേണ്ടതും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. ആ നാട്ടിലെ ജനങ്ങള്‍ അവരുടെ സ്വന്തം മണ്ണില്‍ രണ്ടാം തരം പൗരന്മാര്‍ ആവുന്നത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ലക്ഷദ്വീപ് ഒരു അന്യദേശമല്ല. അവര്‍ നമ്മള്‍ തന്നെയാണ്. നമ്മുടെയും അവരുടെയും രക്തവും പാരമ്പര്യവും ഒന്ന് തന്നെയാണ്. നമ്മുടെ സഹോദരങ്ങളാണവര്‍. സ്വന്തം സഹോദരങ്ങള്‍ വേട്ടയാടപ്പെടുമ്പോള്‍ നിശബ്ദരായി ഇരിക്കുന്നതെങ്ങനെയാണ്. ബ്രിട്ടഷുകാരുടെ അടിമകളായി അവരുടെ ബൂട്ടും ഷൂവും നക്കിത്തുടച്ച ഓര്‍മ്മകള്‍ സംഘപരിവാറിന് ഇനിയും മറക്കാനായിട്ടില്ല. കൊളോണിയലിസത്തിന്റെ ആ നയങ്ങള്‍ സ്വന്തം നാട്ടില്‍ നടപ്പിലാക്കി സ്വന്തം ജനതയെ തന്നെ അവര്‍ തടവിലാക്കുകയാണ്. ഇന്ന് ലക്ഷദ്വീപെങ്കില്‍ നാളെ കേരളമാണ്. ഭയക്കേണ്ടതുണ്ട്, ചെറുത്ത് നില്‍ക്കേണ്ടതുണ്ട്.
#SaveLakshadweep എന്നല്ല #SavelakshadweepFromSanghParivar എന്ന് ഉറച്ചു തന്നെ പറയണം. അപരവത്കരണത്തിന്റെ അജണ്ടയില്‍ ശ്വാസം മുട്ടുന്ന ലക്ഷദ്വീപിലെ ജനതയ്ക്ക് മൂവി സ്ട്രീറ്റിന്റെ ഐക്യദാര്‍ഢ്യം.
#StandWithLakshadweep
© MOVIE STREET

shortlink

Related Articles

Post Your Comments


Back to top button