CinemaGeneralLatest NewsMollywoodNEWS

മഴക്കും സങ്കടം വന്ന് മാസ്ക്കും ധരിച്ച് പെയ്യാതെ നിൽക്കും: ശ്രദ്ധേയമായി രഘുനാഥ് പലേരിയുടെ കുറിപ്പ്

അവർക്കൊപ്പം ജനങ്ങളുടെ ജിവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവരെല്ലാം അസാധാരണ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുവെന്നും

ഫേസ്ബുക്കിനെ മുഖപുസ്തകമെന്ന് മാത്രം വിളിച്ചു ശീലിച്ചിട്ടുള്ള മലയാള സിനിമയിലെ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി തന്‍റെ ഫേസ്ബുക്ക് പേജില്‍ വീണ്ടും വ്യത്യസ്ത കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുന്ന അവസ്ഥയ്ക്ക് ഒരു ആശ്വാസം എന്നോണം മലയാളി വായനക്കാര്‍ക്കായി തന്റെ വേറിട്ട ഒരു കുറിപ്പ് സമര്‍പ്പിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഹിറ്റ്‌ തിരക്കഥാകൃത്ത്

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

ഇവിടെ ചുറ്റും നിശ്ശബ്ദമാണ്. പക്ഷികളുടെ പാട്ടുകൾ അല്ലാതെ മറ്റെന്തെങ്കിലും ശബ്ദം എപ്പോഴെങ്കിലും കേട്ടാലായി. ആളുകൾ സംസാരിക്കുന്നത് അപൂർവം. നിരത്തിൽ രാവിലെ ഇത്തിരി സഞ്ചാരം ഉണ്ട്. പിന്നെ കാറ്റും വെയിലും മാത്രം. പൊലീസ് കാരും ഇല്ല. ആംബുലൻസ് ശബ്ദമില്ലാതെ പോകും. ഇടക്ക് ചാറൽ മഴ പെയ്യും. മഴക്കും സങ്കടം വന്ന് മാസ്ക്കും ധരിച്ച് പെയ്യാതെ നിൽക്കും. എല്ലാവരും ഇപ്പോൾ അത്യാവശ്യം കാര്യങ്ങൾ മനസ്സിലാക്കിയപോലാണ്. സൂഷ്മ ലോകത്തെ സൂഷ്മാണുവിനുപോലും ദൃശ്യമല്ലാത്തൊരു സൂഷ്മസൃഷ്ടി ഉണ്ടാക്കിയൊരു ഭീതിയെ അടർത്തിമാറ്റാൻ പരിശ്രമിക്കുന്നവരുടെ വാക്കുകൾക്ക് മറുകാതുകളിൽ ജീവൻ വെച്ചു തുടങ്ങിയിരിക്കുന്നു.അന്തരീക്ഷം ശുദ്ധമാവുന്നതിൻറെ ലക്ഷണം കണ്ടു തുടങ്ങിയിരിക്കുന്നു. ഈ നിശ്ശബ്ദത അത് സൂചിപ്പിക്കുന്നു. ജീവനാണ് ഈശ്വരൻ. ആദ്യ ഹൃദയമിടിപ്പ് ഉയർന്ന വേഗതയിൽ തന്നെ അവസാന മിടിപ്പ് അമർന്നു പോയാൽ അതോടെ എല്ലാം പോയി. അനവധി മിടിപ്പുകൾ നിലച്ചു കഴിഞ്ഞു. മിടിപ്പുകൾ ഊതി തെളിച്ചവരിൽ പലരും ആ കാരുണ്യത്താൽ തന്നെ വിളക്കണയുംപോലെ ഓർമ്മയായി. അവർക്കൊപ്പം ജനങ്ങളുടെ ജിവൻ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നവരെല്ലാം അസാധാരണ മാനസിക സമ്മർദ്ദം അനുഭവിക്കുന്നുവെന്നും, അവരെ ഇനിയും സമ്മർദ്ദത്തിലാഴ്ത്താൻ വിഷമമുണ്ടെന്നും ഇന്നലെ തമിഴ് നാട് മുഖ്യമന്ത്രി പറഞ്ഞു കേട്ടപ്പോൾ, എല്ലാവരും എത്രമാത്രം ജാഗ്രത പാലിക്കണമെന്ന കഠിന ധ്വനി പതിയെ എല്ലാവരിലും എത്തുന്നുണ്ടെന്ന് തോന്നി. ശാന്തമായൊരു പ്രതീക്ഷയുടെ മൌനം ഇപ്പോൾ ചുറ്റും വീശുന്നുണ്ട്.
ഇത്രയും ദിവസം വയ്യാതായി കിടന്നൊരു ചങ്ങാതി രാവിലെ വിളിച്ചു. യാത്രയായെന്ന ഭീതിയിൽ നിന്നും തിരിച്ചു കിട്ടിയ പ്രാണൻറെ ചിരിയുടെ ശബ്ദത്തിന് എന്തൊരു ചൈതന്യമാണ്.

shortlink

Related Articles

Post Your Comments


Back to top button