പ്രേഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ലാൽജോസ്. നിരവധി മികച്ച ചിത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ഒട്ടനവധി നായകന്മാരും നടികളും അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ അത്തരത്തിൽ ഒരു നടന്റെ കരിയർ തന്നെ മാറിമറിയാൻ താൻ കാരണമായ അനുഭവം പങ്കുവെയ്ക്കുകയാണ് ലാൽജോസ്. സില്ലിമോക്സിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലാൽജോസിന്റെ വാക്കുകൾ
‘പൊതുവെ കോമഡി വേഷങ്ങളാണ് സലിം കുമാര്‍ ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ എപ്പോഴും തീക്ഷ്ണമായ ഒരു വേദനയും വിങ്ങലും ഉള്ളതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. അതേ സമയം അദ്ദേഹം സംസാരിക്കുമ്പോള്‍ ഒരിക്കലും ആ കണ്ണുകള്‍ അത് പ്രകടിപ്പിച്ചിരുന്നില്ല.
അത് ഉപയോഗിക്കണമെന്ന് എനിക്ക് തോന്നി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ കഥ പറയുമ്പോള്‍ തന്നെ എന്റെ മനസ്സില്‍ സലിം കുമാറിന്റെ മുഖം മാത്രമാണ് ഉണ്ടായിരുന്നത്. പെട്ടന്ന് സലിം കുമാര്‍ തന്റെ അഭിനയ രീതി മാറ്റിയപ്പോള്‍ അതൊരു പുതിയ അവതരണമായി കാഴ്ചക്കാര്‍ക്കും അനുഭവപ്പെട്ടു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിന് കിട്ടി. ആ സിനിമയാണ് ആദാമിന്റെ മകന് എന്ന ചിത്രം സലിം കുമാറിലേക്ക് വരാനുള്ള കാരണവും. ആദാമിന്റെ മകന് എന്ന ചിത്രത്തിലൂടെ സലിം കുമാര്‍ ദേശീയ പുരസ്കാരവും നേടി’- ലാല്‍ ജോസ് പറഞ്ഞു.
Post Your Comments