പുഷ്പയിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിർത്തിവെച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പുഷ്പ’. മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ആദ്യമായി തെലുങ്ക് അരങ്ങേറ്റം നടത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് പുഷ്പയില്‍ ഫഹദ് ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്.

ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിർത്തിവെച്ചിരിക്കുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. ഇനി മുപ്പത് ദിവസത്തെ ചിത്രീകരണം കൂടിയാണ് ബാക്കിയുള്ളത്. കൊവിഡ് നിയന്ത്രണവിധേയമായാല്‍ ഈ വര്‍ഷം അവസാനത്തോടെ പുഷ്പയുടെ ആദ്യ ഭാഗം റിലീസ് ചെയ്യുന്നതായിരിക്കും. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്. മേക്കപ്പ് നാനി ഭാരതി, കോസ്റ്റ്യൂം ദീപലി നൂര്‍, സഹസംവിധാനം വിഷ്ണു. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Share
Leave a Comment