കോവിഡ് അനുഭവം പങ്കുവെച്ച് നടി ബീനാ ആന്റണി. രണ്ട് ദിവസം മുൻപാണ് രോഗമുക്തി നേടി ബീനാ ആന്റണി വീട്ടിലേക്ക് മടങ്ങി എത്തിയത്. മരണത്തെ മുഖാമുഖം കണ്ട അവസ്ഥയിരുന്നുവെന്നും തുടക്കത്തിലേ ആശുപതിയിൽ പോയിരുന്നുവെങ്കിൽ സ്ഥിതി ഇത്ര വഷളാകില്ലായിരുന്നുവെന്ന് താരം പറഞ്ഞു. താര സംഘടനയായ ‘അമ്മ’സഹായിച്ചതായും ബീന അറിയിച്ചു. നടി തെസ്നിഖാന്റെ യൂട്യൂബ് ചാനലിലാണ് ബീന ഇക്കാര്യം പങ്കുവെച്ചത്.
ബീന ആന്റണിയുടെ വാക്കുകൾ
”എല്ലാവരോടും ഒരുപാട് ഒരുപാട് നന്ദി. ശരിക്കും പറഞ്ഞാല് വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഇതുവരെ പറഞ്ഞും കേട്ട അറിവുകളേയുണ്ടായിരുന്നുള്ളൂ. ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ല. ആദ്യമേ പറയട്ടെ. ഷൂട്ടിങ്ങിന് പോയിട്ടല്ല, എനിക്ക് കോവിഡ് വന്നത്. തളർച്ച തോന്നിയപ്പോൾ തന്നെ മനസ്സിലായി. വീട്ടിലിരുന്ന് റെസ്റ്റ് എടുക്കാൻ തീരുമാനിച്ചു. പക്ഷെ പനി വിട്ടുമാറുന്നുണ്ടായിരുന്നില്ല. എന്നാലും ആശുപത്രിയിലേക്ക് പോകേണ്ട എന്ന് തോന്നി. അത് ഏറ്റവും വലിയ തെറ്റായിപ്പോയി. ഡോക്ടറുമായി സംസാരിച്ച് അഡ്മിഷൻ റെഡിയാക്കിയിട്ടും പോകാൻ മടിച്ചു.
പൾസ് ഓക്സിമീറ്റർ ഉപയോഗിക്കുമായിരുന്നു. അതിലെ റീഡിങ് 90ൽ താഴെയായപ്പോൾ, ശ്വാസം കിട്ടാത്ത അവസ്ഥയിലായി. ഒരു സ്റ്റെപ്പ് വെച്ചാൽ പോലും തളർന്നു പോകുന്ന അവസ്ഥ. അതിനുശേഷമാണ് ഇഎംസി ആശുപത്രിയിൽ പ്രവേശിച്ചത്. ഡോക്ടർമാരും നഴ്സുമാരും നല്ല കെയർ തന്നു. അവരോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.അസുഖബാധിതയായ ഉടൻ ഇടവേള ബാബുവിനെ വിളിച്ചു. ലാലേട്ടന്റെയും മമ്മൂക്കയുടെയും മെസേജ് വന്നു. ഒരുപാട് ധൈര്യം നൽകി. ആത്മവിശ്വാസം നൽകി. പറയാതിരിക്കാൻ വയ്യ. ആശുപത്രിയിൽ വലിയൊരു തുകയായി. പക്ഷേ അമ്മയുടെ മെഡി ക്ലെയിം ഉള്ളതിനാൽ കൈയിൽ നിന്ന് ചെറിയ തുകയേ ആയുള്ളൂ.
‘അമ്മ’ ഒപ്പുമുണ്ടായിരുന്നത് എന്തുമാത്രം സഹായകരമാണെന്ന് ആ നിമിഷം മനസ്സിലാക്കി. എത്ര നന്ദി പറഞ്ഞാലും തീരില്ല- ബീന പറഞ്ഞു.
Post Your Comments