ധനുഷിനെ നായകനാക്കി മാരി സെല്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കര്ണ്ണന്’. ഒടിടിയിലൂടെ റിലീസിനെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രജിഷ വിജയനും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിൽ ലാലിൻറെ കഥാപാത്രത്തിന് മറ്റൊരാളാണ് ശബ്ദം നൽകിയത്.
എന്തുകൊണ്ടാണ് താരം കഥാപാത്രത്തിന് സ്വന്തം ശബ്ദം നൽകിയില്ലെന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതിന് മറുപടിയുമായി ലാൽ തന്നെ നേരിട്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. തന്റെ തമിഴ്, സിനിമയ്ക്ക് ദോഷം ചെയ്താലോ എന്ന് കരുതിയാണ് മറ്റൊരാളെ കൊണ്ട് ശബ്ദം നൽകിയതെന്ന് ലാൽ കുറിക്കുന്നു.
ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിങ്ങളിൽ പലരും കർണ്ണൻ എന്ന സിനിമയിലെ യമ രാജ എന്ന കഥാപാത്രത്തിന് ഞാൻ എന്റെ സ്വന്തം ശബ്ദം എന്തുകൊണ്ട് നൽകിയില്ല എന്ന് ചോദ്യം ഉന്നയിക്കുന്നുണ്ട്. നിങ്ങൾക്കെല്ലാം അറിയാമല്ലോ കർണ്ണൻ എന്ന സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴും തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്. മലയാളത്തിൽ പോലും ഒരാളോട് തൃശ്ശൂർ ഭാഷ സംസാരിക്കാൻ പറഞ്ഞാൽ അത് വെറും അനുകരണം മാത്രം ആയിരിക്കും.
യഥാർത്ഥ തൃശ്ശൂർക്കാരൻ സംസാരിക്കുന്നത് പോലെയാകില്ല. മാത്രമല്ല കർണ്ണൻ ഭാഷയ്ക്കും സംസ്കാരത്തിനും ഏറെ പ്രാധാന്യം നൽകുന്ന സിനിമയുമാണ്. ഭൂരിഭാഗം അഭിനേതാക്കളും ആ ഭാഗത്ത് നിന്നുള്ളവർ തന്നെ. ഞാൻ എന്റെ ശബ്ദം നൽകിയിരുന്നെങ്കിൽ എന്റെ ഡബ്ബിങ് മാത്രം വേറിട്ടു നിൽക്കുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ആ സിനിമയ്ക്ക് നൂറു ശതമാനത്തിൽ കുറഞ്ഞത് ഒന്നും നൽകാൻ എനിക്ക് താല്പര്യമില്ലായിരുന്നു. സംവിധായകൻ മാരി സെൽവരാജിന്റെയും നിർമ്മാതാവിന്റെയും നിർബന്ധം മൂലം ഡബ്ബിങ്ങിനായി ചെന്നൈയിലേക്ക് പോയതുമാണ്. എന്നാൽ സിനിമയ്ക്ക് ദോഷം ചെയ്യുമെന്നതിനാൽ ഏറെ നിർബന്ധിച്ചാണ് ഞാൻ മറ്റൊരാളെക്കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചത്.
Post Your Comments