ഇന്ത്യന്‍ 2-ന്റെ ചിത്രീകരണം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ ശങ്കർ. സിനിമയുടെ ചിത്രീകരണം വൈകാൻ കാരണം നടൻ കമല്‍ ഹാസനും നിര്‍മാണ കമ്പനി ലൈക്ക പ്രൊഡക്ഷന്‍സുമാണെന്ന് ശങ്കര്‍ പറയുന്നു. ഇന്ത്യന്‍ 2 പൂര്‍ത്തിയാകാതെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍നിന്ന് ശങ്കറിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിശദീകരണവുമായി ശങ്കർ നേരിട്ടെത്തിയത്.
പാതി ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിങ് പുനരാരംഭിയ്ക്കുന്നത് ശങ്കര്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം. എന്നാല്‍, ചിത്രീകരണം വൈകുന്നതിന് കാരണം താനല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു.
‘അന്തരിച്ച നടന്‍ വിവേക് ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഈ അവസരത്തില്‍ വിവേക് അഭിനയിച്ച രംഗങ്ങളെല്ലാം മറ്റൊരു നടനെ വച്ച് റീ ഷൂട്ട് ചെയ്യണമെന്ന് നേരത്തെ ശങ്കര്‍ അറിയിച്ചിരുന്നു. അത് മാത്രമല്ല, കമല്‍ ഹസനും ചിത്രത്തിന്റെ ഷൂട്ടിങ് വൈകാന്‍ കാരണമാണെന്ന് ശങ്കര്‍ പറയുന്നു.
കമല്‍ ഹാസന് മേക്കപ്പ് അലര്‍ജിയാണ്. പിന്നീട് ക്രെയിന്‍ അപകടം സംഭവിച്ചു. ഷൂട്ടിങ് വൈകാന്‍ അതും ഒരു കാരണമാണ്. കോവിഡ് പ്രതിസന്ധിയില്‍ ഷൂട്ടിങ് മുടങ്ങുന്നതില്‍ നിര്‍മാതാവിന് ഉണ്ടാവുന്ന നഷ്ടത്തിന് താന്‍ ഉത്തരവാദിയല്ലെന്ന് ശങ്കര്‍ കോടതിയെ അറിയിച്ചു’.
എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ സാധിയ്ക്കില്ല, സംവിധായകനും നിര്‍മാതാവും പരസ്പരം ഇരുന്ന് സംസാരിച്ച് പ്രശ്നപരിഹാരം കാണുക മാത്രമേ രക്ഷയുള്ളൂ എന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
ദില്‍ രാജു നിര്‍മ്മിച്ച് രാം ചരണ്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറാണ്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ഹിന്ദി ചിത്രവും ശങ്കര്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. അതിനിടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് നിയമനടപടിയുമായി മുന്നോട്ട് പോയത്.
1996-ല്‍ ശങ്കര്‍-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. കമല്‍ഹാസന് പുറമേ സുകന്യ, മനീഷ കൊയ്‌രാള, ഊര്‍മിള മണ്ഡോദ്കര്‍, നെടുമുടി വേണു, നാസര്‍, കസ്തൂരി തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
Post Your Comments