സത്യന്‍ അന്തിക്കാട് – ഡെന്നിസ് ജോസഫ് കോമ്പിനേഷനില്‍ ഒരു സിനിമ പ്രേക്ഷകര്‍ക്ക് കാണാന്‍ ഭാഗ്യമുണ്ടായില്ല. സത്യന്‍ അന്തിക്കാട് ചെയ്യുന്നത് പോലെയുള്ള സോഫ്റ്റായ കുടുംബ സിനിമകളുടെ രചയിതാവല്ല ഡെന്നിസ് ജോസഫ് എങ്കില്‍കൂടിയും സത്യന്‍ അന്തിക്കാട് ചെയ്ത ‘അര്‍ത്ഥം’, ‘കളിക്കളം’ തുടങ്ങിയ സിനിമകളുടെ ജനുസ്സില്‍പ്പെട്ട ചിത്രങ്ങള്‍ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനു ഈസിയായി എഴുതാന്‍ കഴിയുമായിരുന്നു. എന്നിട്ടും ഒരേ സമയം കത്തി നിന്ന ഇരുവര്‍ക്കുമിടയില്‍ നിന്ന് ഒരു മലയാള സിനിമ സംഭവിക്കാതെ പോയതില്‍ നഷ്ടം മലയാള സിനിമ പ്രേക്ഷകര്‍ക്ക് തന്നെയാണ്. എന്നിരുന്നാലും മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് മേക്കറുടെ വിയോഗത്തെ അനുസ്മരിച്ചു കൊണ്ട് സത്യന്‍ അന്തിക്കാടിനും ചിലത് പറയാനുണ്ട്.
“മോഹൻലാലിനും മമ്മൂട്ടിക്കും മാറിമാറി ഹിറ്റുകൾ കൊടുത്തു കൊണ്ടിരുന്ന ആളാണ് ഡെന്നിസ്. മണിരത്നം തിരക്കഥയെഴുതാൻ വിളിച്ചിട്ടു പോകാതിരുന്നയാള്‍. ‘ആകാശദൂത്’, ‘രാജാവിന്റെ മകൻ’, ‘അഥര്‍വം’, ‘കോട്ടയം കുഞ്ഞച്ചൻ’, ‘മനു അങ്കിൾ’ എന്നീ സിനിമകളെടുത്തു നോക്കിയാൽ മാത്രം മതി, എത്ര വ്യത്യസ്തമായാണ് ഡെന്നിസ് എഴുതിയിരുന്നതെന്നു മനസ്സിലാക്കാൻ. താരങ്ങളെ സൃഷ്ടിക്കുമ്പോഴും ഡെന്നിസ് സ്വയം താരമാകാതെ ജീവിച്ചു. ആരോടും മത്സരിക്കാതെ സിനിമയിൽ സ്വയം പിന്മാറുകയാണ് ചെയ്തത്. ഡെന്നിസ് എന്ന തിരക്കഥാകൃത്ത് പലപ്പോഴും സംവിധായകനു മുകളിലായിരുന്നു.ഡെന്നിസിന്‍റെ സിനിമ എന്നാണ് പലപ്പോഴും പറഞ്ഞിരുന്നത്. സിനിമയിൽ നിന്ന് മാറിനിന്നിട്ടും ആരോടും പരിഭവമില്ലാതെ ഇത്രയേറെ പോസിറ്റീവായ ഒരാളെ ഞാൻ കണ്ടിട്ടില്ല”. മലയാള മനോരമ ദിനപത്രത്തിന്റെ അനുസ്മരണ കോളത്തില്‍ സത്യന്‍ അന്തിക്കാട് പങ്കുവയ്ക്കുന്നു.
Post Your Comments