
രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഒമർ ലുലുവിന്റെ ‘ഒരു അഡാർ ലവ്’. എന്നാൽ ബോക്സ് ഓഫീസിൽ വേണ്ടത്ര വിജയം കൈവരിക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ‘അഡാർ ലവി’ന്റെ ഹിന്ദി പതിപ്പ് ‘ഏക് ധന്‍സ് ലവ്വ് സ്റ്റോറി’ യൂട്യൂബിൽ സൂപ്പർഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് മൂന്നു കോടിയിലേറെ ആളുകളാണ് ചിത്രം യൂട്യൂബിൽ കണ്ടിരിക്കുന്നത്.
ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു, എന്തൊരു ചിത്രമാണ്, ഹൃദയത്തെ സ്പർശിച്ചു, ക്ലൈമാക്സ് വളരെ വേദനാജനകം എന്നിങ്ങനെ പോവുന്നു ഹിന്ദി പ്രേക്ഷകരുടെ കമന്റുകൾ.
ചിത്രത്തിൽ നൂറിൻ ഷെരീഫ് അവതരിപ്പിച്ച കഥാപാത്രവും ഏറെ പ്രശംസ നേടുകയാണിപ്പോൾ. നൂറിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് പ്രേക്ഷകർ.
അതേസമയം, ചിത്രത്തിന്റെ ഹിന്ദി പതിപ്പിനു ലഭിക്കുന്ന സ്വീകാര്യത കണ്ട അമ്പരപ്പിലാണ് മലയാളി പ്രേക്ഷകർ. രസകരമായ കമന്റുകളാണ് യൂട്യൂബ് ലിങ്കിനു താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സെക്കന്റ് പാർട്ട് വേണം എന്ന ഹിന്ദിക്കാരുടെ കമന്റ് കണ്ടിട്ട് കരഞ്ഞുപോയി, ഇതെന്ത് മറിമായം! ധാരാവി ഇനി ഒമർ ഇക്ക ഭരിക്കും, ഇത് ഹിന്ദിയിലെങ്ങാനും റിലീസ് ചെയ്തിരുന്നെങ്കിൽ ഒമർ അണ്ണൻ പണ്ടേ രക്ഷപ്പെട്ടേനെ, അവിടെ ഒരു ധമ്മാക്ക സൃഷ്ടിക്കാം എന്നിങ്ങനെ പോവുന്നു ട്രോളന്മാരുടെ കമന്റുകൾ.
Post Your Comments