മലയാള സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധേയമായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടു തന്നെയാണ് മാടമ്പ് കുഞ്ഞിക്കുട്ടന്‍ വിട പറയുന്നത്. സമാനതകളില്ലാത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. സാഹിത്യത്തിനു പുറമേ ചലച്ചിത്ര കാഴ്ചയുടെ ആഴങ്ങളിലും മാടമ്പിന്റെ രചന പ്രേക്ഷകര്‍ക്ക് സ്വീകാര്യമായി. ജയരാജ് സംവിധാനം ചെയ്ത ‘ദേശാടനം’ എന്ന സിനിമയുടെ രചന നിര്‍വഹിച്ച മാടമ്പ് കുഞ്ഞിക്കുട്ടന്‍ സിനിമ മേഖലയിലും തന്റെ രചനാപാടവം കൊണ്ട് കഴിവ് തെളിയിച്ചിരുന്നു.
സംവിധായകന്‍ ജയരാജ് മാടമ്പ് കുഞ്ഞിക്കുട്ടനെ ഒരു പ്രമുഖ മാധ്യമത്തില്‍ അനുസ്മരിച്ച പ്രസക്ത ഭാഗങ്ങളില്‍ നിന്ന്
“ദേശാടനത്തിന്റെ തിരക്കഥയ്ക്കായി ഞാന്‍ മാടമ്പിനൊപ്പം ഇല്ലത്ത് പതിനഞ്ച് ദിവസം താമസിച്ചു. ഇല്ലത്തെ ചിട്ട വേറെയാണ്. മാടമ്പിന്റെയും. പുലര്‍ച്ചെ രണ്ടിന് മാടമ്പ് ഉണരും. എഴുത്ത് ബ്രഹ്മ മൂഹൂര്‍ത്തത്തിലാണ്. രാവിലെ ആറു വരെ. വൈകിട്ട് ഏഴരയോടെ എല്ലാവരും ഉറങ്ങാന്‍ കിടക്കും. 15 -ആം ദിവസം മാടമ്പ് എനിക്ക് ദേശാടനത്തിന്‍റെ തിരക്കഥ നല്‍കി. ഇല്ലത്തെ കുളക്കടവില്‍ ഇരുന്നു വായിച്ചു. കരഞ്ഞു കൊണ്ടാണ് ഞാന്‍ വായിച്ചു തീര്‍ത്തത്. ആ കരച്ചില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. മാടമ്പ് മാത്രം കരഞ്ഞിരുന്നില്ല. ശക്തവും വ്യത്യസ്തവുമായ കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. അവര്‍ക്ക് ദൃഡമായ ഭാഷയും നല്‍കി. മനുഷ്യമനസിനെ വാക്കുകളില്‍ അദ്ദേഹം വരച്ചിട്ടു. തര്‍ക്കവും, വ്യാകരണവും, ജ്യോതിഷവും എന്ന് വേണ്ട എല്ലാറ്റിലും അദ്ദേഹത്തിന് അറിവുണ്ട്. അവ സിനിമയിലും കഥാപാത്രങ്ങളിലും പ്രതിഫലിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ സിനിമയ്ക്ക് അമരത്വം നല്‍കി. വലിയൊരു ആല്‍മരം പോലെ അദ്ദേഹം തണല്‍ നല്‍കി. ആ തണല്‍ ഇനിയില്ല”. മാടമ്പ് കുഞ്ഞിക്കുട്ടനെ കുറിച്ച് ജയരാജ് പങ്കുവയ്ക്കുന്നു.
Post Your Comments