മലയാളത്തിന്റെ എക്കാലത്തെയും വലിയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമ ലോകത്തിനു അപ്രതീക്ഷിത വിയോഗ വാര്‍ത്തയായി മാറുമ്പോള്‍ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ പ്രവൃത്തിച്ച മമ്മൂട്ടി അദ്ദേഹവുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ്.
ഡെന്നിസ് ജോസഫിനെക്കുറിച്ച് മമ്മൂട്ടി
“ഈറൻ സന്ധ്യയുടെ ചിത്രീകരണത്തിനായി ഞാൻ കുട്ടിക്കാനത്തേക്ക് പോകുമ്പോൾ കാറിൽ ഡെന്നിസും ഉണ്ടായിരുന്നു. നിറക്കൂട്ടിന്റെ കഥപറയാൻ. പുറകിൽ ബെഡ് ഒക്കെയുള്ള കാറിലായിരുന്നു യാത്ര. ഈറന്‍ സന്ധ്യയില്‍ ഡെന്നിസിന്‍റെ കഥയ്ക്ക് ജോണ്‍ പോളാണ് തിരക്കഥ എഴുതിയത്. കുട്ടിക്കാനത്തേക്കുള്ള ഹെയർപിൻ വളവുകൾ കയറി ഇറങ്ങിയ യാത്രക്കിടെ നിറക്കൂട്ടിലെ രവി വർമയെ ഡെന്നിസ് എനിക്കുമുന്നിൽ വിടർത്തിയിട്ടു. കഥാപാത്രങ്ങളുടെ കരുത്ത് നമ്മെ വിസ്മയിപ്പിക്കും. കഥയുടെ പരിണാമങ്ങളിലാണ് ഡെന്നിസിന്‍റെ വിരുത്. ‘ന്യൂ ഡെല്‍ഹി’യിലെ ജി.കെ എന്ന നായകന്‍ ക്രച്ചസിലാണ് നടക്കുന്നത്. ദിനരാത്രങ്ങളിൽ നായകൻ ആദ്യം ജയിൽ ചാടുന്നു. ഫോർമുലകളെ ബ്രേക്ക് ചെയ്യുന്ന ഒരു രീതിയുണ്ട് ഡെന്നിസിന്. ഞങ്ങൾ തമ്മിൽ ആദ്യം കാണുന്നത് ഡിസൈനർ ഗായത്രി അശോകിനൊപ്പമാണ്. ‘കൂടെവിടെ’യുടെ ഡിസൈനും മറ്റും അശോക് ആയിരുന്നു. സിനിമയുടെ കഥകളും സ്വപ്നങ്ങളും പങ്കു വച്ച ഒരു ബന്ധമായിരുന്നു അത്. ഡെന്നിസിന്‍റെ സംഭാഷണങ്ങൾ കൃത്യമായ മീറ്ററിൽ ആകും എപ്പോഴും. എംടി, പത്മരാജൻ തുടങ്ങി തിരക്കഥയിലും സിനിമയിലും മാന്ത്രികത സൃഷ്ടിച്ച വലിയ എഴുത്തുകാർക്കു ശേഷം ഡെന്നിസിന്‍റെ കടന്നുവരവ് മലയാള സിനിമയ്ക്ക് വലിയ വിജയങ്ങൾ സമ്മാനിച്ചു. ‘ന്യൂ ഡെല്‍ഹി’, ‘നിറക്കൂട്ട്’ തുടങ്ങിയ സിനിമകൾ ഞാനും ജോഷിയും ഡെന്നിസും നിര്‍മ്മാതാവ് ജോയ് തോമസും ചേർന്ന കൂട്ടുകെട്ടിലായിരുന്നു. ‘ന്യൂ ഡെല്‍ഹി’ റിലീസായ ദിവസം ഞങ്ങള്‍ കാശ്മീരില്‍ നായര്‍സാബിന്‍റെ ഷൂട്ടിലാണ്. നാട്ടിലേക്ക് വിളിച്ചിട്ട് ഫോണ്‍ കിട്ടുന്നില്ല. ഒടുവില്‍ ട്രങ്ക് കോള്‍ ബുക്ക് ചെയ്തു കിട്ടിയപ്പോള്‍ കിട്ടിയപ്പോൾ നാട്ടിലെ തിയേറ്ററുകളില്‍ പൂരപ്പറമ്പിലെ തിരക്കാണെന്നറിഞ്ഞു. അന്ന് ആ തണുപ്പില്‍ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു”.
കടപ്പാട് : മലയാള മനോരമ ദിനപത്രം
Post Your Comments