
ഏറ്റവും കൂടുതല്‍ താരങ്ങളെ അണിനിരത്തി ചെയ്ത തന്റെ സിനിമയിലെ ഒരു ക്ലൈമാക്സ് രംഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് സംവിധായകന് കമല്‍. ആ ക്ലൈമാക്സുമായി ജയറാം എന്ന നടന് സഹകരിച്ച രീതി തന്നെ അത്ഭുതപ്പെടുത്തിയെന്നും ചിത്രത്തിന് മുപ്പത്തി രണ്ടുവര്‍ഷം പിന്നിടുന്ന വേളയില്‍ കമല്‍ പങ്കുവയ്ക്കുന്നു.
“ജയറാം എന്ന നടന്റെ ക്ഷമയെക്കുറിച്ച് പറയുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണമാണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്, മോഹന്‍ലാല്‍ ഉള്‍പ്പെടെ ഏകദേശം അന്‍പതോളം അഭിനേതാക്കളാണ് ആ സിനിമയുടെ ക്ലൈമാക്സ് ഭാഗത്തില്‍ അഭിനയിച്ചിരുന്നത്. രാവിലെ തുടങ്ങിയ ക്ലൈമാക്സ് ചിത്രീകരണം വൈകുന്നേരം വരെ നീണ്ടു. രാവിലെ മുതല്‍ ജയറാം കോസ്റ്റ്യൂമില്‍ തന്നെ അവിടെയുണ്ടായിരുന്നു. വിവാഹ വേഷമായത് കൊണ്ട് മാലയൊക്കെ അണിഞ്ഞു ജയറാം ക്ഷമയോടെ അഭിനയിക്കാന്‍ റെഡിയായി നിന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. ഒരു പരിഭവമോ, പരാതിയോ കാണിക്കാതെ ചെയ്യുന്ന ജോലിയോട് തികച്ചും സത്യസന്ധമായ സമീപനമാണ് അന്ന് ജയറാമില് കാണാന്‍ കഴിഞ്ഞത്”. സംവിധായകന് കമല്‍ പറയുന്നു.
1989-ല്‍ പുറത്തിറങ്ങിയ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ ജയറാം പാര്‍വതി താര ദമ്പതിമാരുടെ ലിസ്റ്റിലെ ഹിറ്റ് ചിത്രമാണ്. മോഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
Post Your Comments