മലയാള സിനിമയിൽ വൈദ്യൻ വേഷങ്ങളിൽ തിളങ്ങിയ എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞിക്കുട്ടൻ ഓർമ്മയായി. വെള്ളിത്തിരയിലെ തലയെടുപ്പുള്ള ആനവൈദ്യന്റെ ജീവിതത്തിലൂടെ ഒരുയാത്ര..
നോട്ടത്തിലും മൂളലിലും കർക്കശക്കാരനായ മാന്ത്രികനായും വൈദ്യനായും ഗാംഭീര്യത്തോടെ നിറഞ്ഞു നിന്ന കലാകാരൻ മലയാള സിനിമയിലെ തലയെടുപ്പുള്ള തിരക്കഥാകൃത്തുകൂടിയാണ്. സാഹിത്യ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്തിട്ടായിരുന്നു വെള്ളിവെളിച്ചത്തിന്റെ വിതാനത്തിലേയ്ക്ക് മാടമ്പ് പ്രവേശിച്ചത്. അദ്ദേഹത്തിന്റെ അശ്വത്ഥാമാവ് എന്ന നോവലാണ് കെ ആര് മോഹനൻ ആദ്യം സിനിമാരൂപത്തിലാക്കുന്നത്. പിന്നീടങ്ങോട്ട് തിരക്കഥാകൃത്തായും നടനായുമൊക്കെ എണ്ണം പറഞ്ഞ സിനിമകളുടെ ഭാഗമായി മാടമ്പ് കുഞ്ഞിക്കുട്ടൻ സിനിമയിൽ നിറഞ്ഞു.
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീല പഠിച്ച മാടമ്പ് ആനകളുടെ ചിക്തസയായ ഹസ്‍തായൂര്‍വേദവും പഠിച്ചിട്ടുണ്ട്. ജീവിതത്തിലെ ആ താത്പര്യം സിനിമയില്‍ നടനായി എത്തിയപ്പോഴും തുണയായതാണ് വടക്കുംനാഥൻ അടക്കമുള്ള സിനിമകളില്‍ ആയുര്‍വേദ വൈദ്യനായുള്ള മാടമ്പിന്റെ അഭിനയം.
ജയരാജ് സംവിധാനം ചെയ്ത കരുണത്തിലൂടെ മാടമ്പ് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. കരുണത്തിന് പുറമേ പരിണാമം, ശലഭം, മകള്‍ക്ക്, ഗൗരീശങ്കരം തുടങ്ങിയ സിനിമകള്‍ക്കും മാടമ്പ് കുഞ്ഞിക്കുട്ടൻ തിരക്കഥയെഴുതി. കരുണം, വടുക്കുംനാഥൻ, അഗ്നിനക്ഷത്രം, ദേശാടനം, അശ്വത്ഥാമാവ്, ആനചന്തം തുടങ്ങി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, അമൃതസ്യപുത്ര, ഭ്രഷ്ട് തുടങ്ങിയവയാണ് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രധാനകൃതികള്‍. അവിഘ്നമസ്തുവിലൂടെ കേരളസാഹിത്യപുരസ്കാരവും സ്വന്തമാക്കി.
Post Your Comments