മലയാള സിനിമയുടെ വാണിജ്യതലത്തില്‍ ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിന്റെ നാമം മലയാള സിനിമയുടെ ബോക്സ് ഓഫീസ് വിജയം പോലെ മഹത്തരവും മഹാത്ഭുതവുമാണ്. ഹിറ്റുകള്‍ കൊണ്ട് അത്ഭുതം തീര്‍ത്ത ഡെന്നിസ് ജോസഫ് എന്ന രചയിതാവിന്റെ വിയോഗം മലയാള സിനിമയ്ക്ക് എല്ലാ കാലവും കണ്ണീരില്‍ കുതിര്‍ന്ന നൊമ്പരമാണ്. ഒരു പ്രമുഖ ടിവി ചാനലില്‍ തന്റെ സിനിമാ ജീവിത കഥകള്‍ ഒരു വായനാനുഭവം പോലെ ഹൃദ്യമാക്കി കൊണ്ട് അടുത്തിടെ ഡെന്നിസ് ജോസഫ് പ്രേക്ഷകരുമായി സംവദിച്ചിരുന്നു. അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു എപ്പിസോഡ് ആയിരുന്നു ഡെന്നിസ് ജോസഫ് രചന നിര്‍വഹിച്ചു മമ്മൂട്ടി നായകനായ ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ന്യൂഡെല്‍ഹി’യെക്കുറിച്ച് പങ്കുവച്ചത്.
അന്നത്തെ കാലത്ത് തുടരെ തുടരെ പരാജയങ്ങള്‍ നേരിട്ടിരുന്ന മമ്മൂട്ടിക്ക് ഡെന്നിസ് ജോസഫ് നല്‍കിയ പുതു ജീവനായിരുന്നു ‘ന്യൂഡെല്‍ഹി’. ഒരു സിനിമയ്ക്കപ്പുറം ഒരു സൂപ്പര്‍താര പിറവിയുടെ ചരിത്രം. ആ ചരിത്രമാണ് പിന്നീട് മമ്മൂട്ടി പിടിവള്ളിയാക്കിതും, സിനിമയുടെ താരസിംഹാസന ലോകത്തേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രചോദനമാക്കിയതും. ഡെന്നിസ് ജോസഫ് തിരക്കഥ രചിച്ച മറ്റൊരു മമ്മൂട്ടി ചിത്രമായ ‘നായര്‍സാബ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ‘ന്യൂഡെല്‍ഹി’യുടെ വിജയം മമ്മൂട്ടിയും ടീമും വലിയ ആഘോഷമാക്കി മാറ്റിയത്.
‘ന്യൂഡെല്‍ഹി’ എന്ന സിനിമ കണ്ട ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാലിനോട് വിളിച്ചു പറഞ്ഞു. ‘ഇതാ മമ്മൂട്ടി തിരികെ വന്നിരിക്കുന്നു, മലയാള സിനിമയില്‍ മറ്റൊരു ചരിത്രം കുറിക്കപ്പെടാന്‍ പോകുന്ന സിനിമയുമായി’.അന്ന് അതേ ദിവസം നായര്‍സാബിന്റെ ലൊക്കേഷനില്‍ ഡെന്നിസ് ജോസഫിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ മമ്മൂട്ടി സൂപ്പര്‍ താരത്തിന്റെ മേലങ്കിയണിഞ്ഞു മലയാള സിനിമയുടെ വിരിമാറില്‍ പിന്നീട് മോഹന്‍ലാലിനൊപ്പം ജ്വലിച്ചു നിന്നു.
Post Your Comments